താര രാജാക്കന്മാരുടെ സിനിമ നടക്കുമ്പോഴും, ചെറിയ ആർട്ടിസ്റ്റുകളെ വെച്ച് എടുത്ത പടം തിയേറ്ററിൽ ഓടി എന്നത് അഭിമാനം: വിജേഷ് പാണത്തൂർ
Malayalam Cinema
താര രാജാക്കന്മാരുടെ സിനിമ നടക്കുമ്പോഴും, ചെറിയ ആർട്ടിസ്റ്റുകളെ വെച്ച് എടുത്ത പടം തിയേറ്ററിൽ ഓടി എന്നത് അഭിമാനം: വിജേഷ് പാണത്തൂർ
നന്ദന എം.സി
Saturday, 18th April 2026, 11:23 am

പ്രേക്ഷകരെ ചിരിപ്പിച്ചും പേടിപ്പിച്ചും ഈ വർഷം തീയേറ്ററുകളിൽ നിറഞ്ഞാടിയ ചിത്രമാണ് വിജേഷ് പാണത്തൂരിന്റെ പ്രകമ്പനം. സാഗർ സൂര്യ, ഗണപതി, അൽ അമീൻ, മല്ലിക സുകുമാരൻ തുടങ്ങിയവർ പ്രധാന വേഷത്തിലെത്തിയ ചിത്രം യാതൊരു ഹൈപ്പോ, താര മൂല്യമോ ഇല്ലാതെ തന്നെ ബോക്സ് ഓഫീസിൽ മികച്ച വിജയമാണ് നേടിയത്.

പ്രകമ്പനം, Photo: Sagar surya/ Facebook

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തെ കുറിച്ച് സംസാരിക്കുകയാണ് വിജേഷ് പാണത്തൂർ. ചെറിയ ബഡ്ജറ്റിൽ നിർമിച്ച ചിത്രം വലിയ ലാഭം നേടിയതിൽ സന്തോഷമുണ്ടെന്നും ചെറിയ സിനിമകൾ വലിയ ഇമ്പാക്റ്റ് നൽകുന്നു എന്നത് പുതിയ സംവിധായകരെ പ്രചോദിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘ചെറിയ മുതൽമുടക്കിൽ വന്ന സിനിമ വലിയ ലാഭം കൊയ്‌തു എന്നത് സന്തോഷം തരുന്ന ഒന്നാണ്. താര രാജാക്കന്മാരുടെ സിനിമ നടക്കുമ്പോഴും, ചെറിയ ആർട്ടിസ്റ്റുകളെവെച്ച്, ഒരു പടം എടുത്ത്, അത് ഇത്ര ദിവസം തിയേറ്ററിൽ ഓടി എന്നത് അഭിമാനം ആണ്

എൻ്റെ നാട്ടിൽ നിന്നും എന്റെ സിനിമ കാണാൻ നിരവധി ആളുകളാണ് ബസ് എടുത്തുപോയത്, ചെറിയ സിനിമകൾ വലിയ ഇമ്പാക്റ്റ് നൽകുന്നു എന്നത് പുതിയ സംവിധായകരെ പ്രചോദിപ്പിക്കുന്നു എന്നും ഞാൻ അറിഞ്ഞു.

പ്രകമ്പനം, Photo: IMDb

പ്രകമ്പനത്തിന് ലഭിച്ച കയ്യടികളും ചിരിയും മുന്നോട്ടു പോകാൻ ഉള്ള പ്രചോദനമാണ്. സിനിമയിൽ എന്റെ മകനും ഒരു ചെറിയ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്,’ വിജേഷ് പാണത്തൂർ പറഞ്ഞു.

കൂടാതെ ചിത്രത്തിൽ സാഗർ സൂര്യ അവതരിപ്പിച്ച പുണ്യാളൻ എന്ന കഥാപാത്രത്തിനായി ഒരുപാട് താരങ്ങളെ സമീപിച്ചിരുന്നെന്നും അവരെല്ലാം ഒഴിവാക്കിയ ആ കഥാപാത്രം സാഗർ സൂര്യ അതിമനോഹരമായി അവതരിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു.

പുതിയ സിനിമയുമായി ബന്ധപ്പെട്ട ഭാവി പരിപാടികൾ നടക്കുകയാണെന്നും ആ ചിത്രം അത്യാവശ്യം വലിയ അഭിനേതാക്കൾ ഉള്ള സിനിമയാണെന്നും വിജേഷ് പറഞ്ഞു. ചിത്രത്തിന്റെ എഴുത്ത് നിലവിൽ നടന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Vijesh Panathur talk about the movie Prakambanam

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.