| Sunday, 12th January 2025, 9:20 pm

ആ നടന് വേണ്ടി എഴുതിയ റോളിലേക്കാണ് എന്നെ വിളിച്ചത്, നൂലുണ്ട എന്ന പേര് എനിക്ക് തന്നത് അയാളാണ്: വിജീഷ് വിജയന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ധാര്‍ത്ഥ് ഭരതന്‍, ജിഷ്ണു രാഘവന്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി കമല്‍ സംവിധാനം ചെയ്ത് 2002ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു നമ്മള്‍. ക്യാമ്പസ് സൗഹൃദവും റൊമാന്‍സുമെല്ലാം പ്രധാന പ്രമേയമായി ഒരുങ്ങിയ ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. ഇന്നും സിനിമാപ്രേമികളുടെ ഇഷ്ടചിത്രങ്ങളുടെ പട്ടികയില്‍ നമ്മള്‍ ഇടംപിടിച്ചിട്ടുണ്ട്.

ചിത്രത്തില്‍ ഏറ്റവുമധികം ചിരിപ്പിച്ച കഥാപാത്രങ്ങളിലൊന്നായിരുന്നു വിജീഷ് വിജയന്‍ അവതരിപ്പിച്ച നൂലുണ്ട. ചിത്രത്തിന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് വിജീഷ്. ചിത്രത്തിന്റെ നിര്‍മാതാവായ ഡേവിഡ് കാച്ചാപ്പിള്ളിയുടെയും തിരക്കഥാകൃത്ത് ബാലമുരളീകൃഷ്ണയുടെയും പരിചയക്കാരനായ ശ്രീകുമാര്‍ ആദ്യം മുതലേ ചിത്രത്തിന്റെ ഭാഗമായിരുന്നെന്നും അയാള്‍ക്ക് വേണ്ടി എഴുതിയ കഥാപാത്രമായിരുന്നു തന്റേതെന്നും വിജീഷ് പറഞ്ഞു.

എന്നാല്‍ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് സംവിധായകന്‍ ആ കഥാപാത്രത്തിലേക്ക് തന്റെ പേര് നിര്‍ദേശിച്ചെന്നും ഗ്രാമഫോണിലെ തന്റെ പെര്‍ഫോമന്‍സ് കണ്ടിട്ടാണ് തന്നെ വിളിച്ചതെന്നും വിജീഷ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ ശ്രീകുമാര്‍ ആ കഥാപാത്രം തനിക്ക് തന്നെന്നും ആ ക്യാരക്ടറിന്റെ യഥാര്‍ത്ഥ പേരിനൊപ്പം നൂലുണ്ട എന്ന വിളിപ്പേര് കൂടെ തന്നെന്നും വിജീഷ് പറഞ്ഞു.

തന്നെ വിളിച്ചതിന് ശേഷമാണ് ദിനേശ് പ്രഭാകറിനെയും പ്രശാന്ത് അലക്‌സാണ്ടറിനെയും വിളിച്ചതെന്നും അതുവരെ എല്ലാത്തിനും കൂടെയുണ്ടായിരുന്ന ശ്രീകുമാറിനും അവരോടൊപ്പം ചെറിയൊരു വേഷം കൊടുത്തെന്നും വിജീഷ് കൂട്ടിച്ചേര്‍ത്തു. ആ സെറ്റ് വളരെ രസകരമായിരുന്നെന്നും വിജീഷ് പറഞ്ഞു. ജാങ്കോ സ്‌പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു വിജീഷ്.

‘സത്യം പറഞ്ഞാല്‍ നൂലുണ്ട എന്ന ക്യാരക്ടര്‍ എനിക്ക് വേണ്ടി എഴുതിയതല്ല. അതിന്റെ പ്രൊഡ്യൂസര്‍ ഡേവിഡ് കാച്ചാപ്പിള്ളിയുടെയും റൈറ്റര്‍ ബാലമുരളീകൃഷ്ണയുടെയും പരിയക്കാരനായ ശ്രീകുമാര്‍ ആ പടത്തിന്റെ സ്റ്റാര്‍ട്ടിങ് സ്റ്റേജ് തൊട്ട് കൂടെയുണ്ടായിരുന്നു. ശ്യാമിന്റെയും ശിവയുടെയും കൂടെ നടക്കുന്ന ഫ്രണ്ടിന്റെ ക്യാരക്ടര്‍ അവന് വേണ്ടി ഉണ്ടാക്കിയതായിരുന്നു.

പക്ഷേ, ഷൂട്ടിന് മുമ്പ് കമല്‍ സാര്‍ ആ റോളിലേക്ക് എന്നെ വിളിക്കാന്‍ പറഞ്ഞു. നമ്മളിന് മുമ്പ് പുള്ളി ചെയ്ത ഗ്രാമഫോണില്‍ ഞാനും ഉണ്ടായിരുന്നു. അത് കണ്ടിട്ടാണ് എന്നെ ആ പടത്തിലേക്ക് വിളിച്ചത്. അങ്ങനെ ശ്രീകുമാര്‍ ചെയ്യേണ്ട റോള്‍ എനിക്ക് കിട്ടി. ജോജോ എന്ന പേരിന്റെ കൂടെ നൂലുണ്ട എന്ന വിളിപ്പേര് ഇട്ടതും അവനാണ്. ഞാന്‍ എത്തിയതിന് ശേഷമാണ് പ്രശാന്തും ദിനേശും ആ പടത്തിന്റെ ഭാഗമാകുന്നത്. വളരെയധികം എന്‍ജോയ് ചെയ്ത സെറ്റായിരുന്നു അത്,’ വിജീഷ് പറയുന്നു.

Content Highlight: Vijeesh Vijayan shares the shooting memories of Nammal movie

We use cookies to give you the best possible experience. Learn more