| Saturday, 15th February 2025, 2:58 pm

എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം; ആ സിനിമ വേണ്ടത് പോലെ ഓടിയില്ല: വിജയരാഘവന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനാണ് വിജയരാഘവന്‍. വര്‍ഷങ്ങളായി മലയാള സിനിമയില്‍ തുടരുന്ന അദ്ദേഹം നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. ഈ കാലത്തിനിടയ്ക്ക് പല തരത്തിലുള്ള വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.

താന്‍ സൂക്ഷിച്ചും കണ്ടും സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന ആളല്ലെന്നും ഏത് സിനിമ വന്നാലും ചെയ്യാമെന്ന ചിന്തയാണ് തനിക്കെന്നും പറയുകയാണ് വിജയരാഘവന്‍. ഒട്ടും ചെയ്യാന്‍ പറ്റാത്ത സിനിമ മാത്രമാണ് വേണ്ടെന്ന് വെയ്ക്കുന്നതെന്നും നടന്‍ പറയുന്നു.

മീഡിയ വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു വിജയരാഘവന്‍. ലീല എന്ന സിനിമയും അതിലെ കഥാപാത്രവും തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും എന്നാല്‍ ആ സിനിമ വേണ്ടത് പോലെ ഓടിയില്ലെന്നും നടന്‍ പറഞ്ഞു.

‘ഞാന്‍ സൂക്ഷിച്ചും കണ്ടും സിനിമകള്‍ തെരഞ്ഞെടുത്ത് ചെയ്യുന്ന ആളല്ല കേട്ടോ. ഏത് സിനിമ വന്നാലും ചെയ്യാമെന്ന ചിന്തയാണ് എനിക്ക്. തീരെ ചെയ്യാന്‍ പറ്റാത്തത് മാത്രമാണ് ഞാന്‍ വേണ്ടെന്ന് വെയ്ക്കുന്നത്. പണ്ട് കാരണവന്മാര്‍ ‘തപ്പിക്കൊണ്ട് വീശാന്‍ പറ്റുമോ’യെന്ന് ചോദിക്കാറുണ്ട്.

അതായത് വല വീശുമ്പോള്‍ മീനുണ്ടോയെന്ന് നോക്കുകയല്ല, അങ്ങോട്ട് വീശുകയാണ് ചെയ്യുന്നത്. ചിലപ്പോള്‍ കിട്ടിയാല്‍ ആയെന്ന് മാത്രം. നമ്മള്‍ ചെയ്യുന്ന എല്ലാ കഥാപാത്രവും എല്ലാ സിനിമയും വിജയിക്കണമെന്നില്ല.

ചില സിനിമയില്‍ നമ്മള്‍ അഭിനയിക്കുമ്പോള്‍ അത് ഇഷ്ടത്തോടെയാകും ചെയ്യുന്നത്. എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ട ചില സിനിമകളുണ്ടായിരുന്നു. എന്നാല്‍ അതില്‍ ചിലത് ഓടിയിട്ടില്ല.

അതില്‍ ഒന്നാണ് ലീല എന്ന സിനിമ. എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട കഥാപാത്രമാണ് അതിലേത്. എന്റെ അഭിനയ ജീവിതത്തില്‍ ഏറ്റവും സങ്കടം തോന്നിയ കാര്യമാണ് അത്. കാരണം അത് നഷ്ടപ്പെട്ടില്ലേ. ആ പടം വേണ്ടത് പോലെ ഓടിയില്ല,’ വിജയരാഘവന്‍ പറഞ്ഞു.

Content Highlight: Vijayaraghavan Talks About Leela Movie

We use cookies to give you the best possible experience. Learn more