പ്രശസ്ത മലയാളചലച്ചിത്ര നടനും നടകാചാര്യനുമായിരുന്ന എന്‍.എന്‍.പിള്ളയുടെ മകനും നടനുമാണ് വിജയരാഘവന്‍. ക്രോസ്‌ബെല്‍റ്റ് മണി സംവിധാനം ചെയ്ത കാപാലിക എന്ന സിനിമയിലൂടെയാണ് വിജയരാഘവന്‍ സിനിമയിലേക്ക് കടന്നുവന്നത്. എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകള്‍ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറ്റം കുറിച്ചത് എന്നാൽ ചിത്രം വിജയിച്ചില്ല. പിന്നീട് നാടകങ്ങളിലും സിനിമകളിലും അദ്ദേഹം സജീവമായി.
ഷാജി കൈലാസ് സംവിധാനം ചെയ്ത ഏകലവ്യന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് പുറത്തിറങ്ങിയ ദി കിങ് , ദി ക്രൈം ഫയല്‍ എന്നിവ നടന്റെ ശ്രദ്ധേയമായ ചിത്രങ്ങളായിരുന്നു. നായകനായും സഹനടനായും വില്ലനായും മലയാള സിനിമയില്‍ സജീവമാണ് നടന്‍. പല ഴോണറിലുള്ള ചിത്രങ്ങളിലായി വേറിട്ട അഭിനയത്തിലൂടെ ശ്രദ്ധേയമാണ് അദ്ദേഹം. ഇപ്പോൾ നടി ഭാനുപ്രിയയെക്കുറിച്ച് സംസാരിക്കുകയാണ് വിജയരാഘവൻ.
അന്യഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ഒരുപാട് നടിമാര്‍ വന്നിട്ടുണ്ടെന്നും അതില്‍ തനിക്കിഷ്ടം ഭാനുപ്രിയയാണെന്നും വിജയരാഘവന്‍ പറയുന്നു. താന്‍ പ്രേമരംഗങ്ങളുള്ള സിനിമയില്‍ വളരെ കുറച്ച് മാത്രമാണ് അഭിനയിച്ചതെന്നും അത്തരത്തിലുള്ള സീനുകളില്‍ അഭിനയിക്കാന്‍ തനിക്ക് പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
കുലം സിനിമയില്‍ അത്തരമൊരു സീന്‍ ഉണ്ടായിരുന്നെന്നും അതില്‍ അഭിനയിക്കാന്‍ നടി സഹകരിച്ചില്ലെങ്കില്‍ അഭിനയിക്കാന്‍ കഴിയില്ലായിരുന്നെന്നും അദ്ദേഹം പറയുന്നു. തന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത നടി ഭാനുപ്രിയയാണെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. കൈരളിയോട് സംസാരിക്കുകയായിരുന്നു വിജയരാഘവന്‍.
‘അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേക്ക് ഒരുപാട് നടിമാര്‍ വന്നിട്ടുണ്ട്. അതില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നടികളിലൊരാളാണ് ഭാനുപ്രിയ. എന്നെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ഞാന്‍ പ്രേമരംഗങ്ങളില്‍ വളരെ കുറച്ച് മാത്രമേ അഭിനയിച്ചിട്ടുള്ളു.
എനിക്കെന്തോ ചെറിയ പേടിയുണ്ട് അങ്ങനെയുള്ള സീനുകള്‍ അഭിനയിക്കാന്‍. കുലം സിനിമയില്‍ വളരെ ഇന്റിമേറ്റ് ആയിട്ട് അഭിനയിക്കേണ്ട സീനുകള്‍ ഉണ്ട്. അത്തരമൊരു സീനില്‍ ഒരു നടന്‍ അഭിനയിക്കുമ്പോള്‍ ആ നടി സഹകരിച്ചില്ലെങ്കില്‍ എങ്ങനെയാണ് അഭിനയിക്കാന്‍ സാധിക്കുന്നത്. അപ്പോള്‍ എന്നെ കൂടുതല്‍ സപ്പോര്‍ട്ട് ചെയ്ത നടിയാണ് ഭാനുപ്രിയ,’ വിജയരാഘവൻ പറയുന്നു.
Content Highlight: Vijayaraghavan Talking about Actress Bhanupriya