രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് കറുപ്പണിഞ്ഞത് ആ രണ്ടു തവണ മാത്രം; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
Indian Cinema
രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് കറുപ്പണിഞ്ഞത് ആ രണ്ടു തവണ മാത്രം; ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 13th January 2026, 10:12 pm

ദളപതി വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തിനു ശേഷം വലിയ നാടകങ്ങള്‍ക്ക് വേദിയാകുകയാണ് കോളിവുഡ് സിനിമാ ലോകം. സിനിമാ ജീവിതം അവസാനിപ്പിച്ച് പടിയിറങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായ ജന നായകന്റ റിലീസ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ വൈകിപ്പിച്ചതടക്കം സങ്കീര്‍ണമായ രംഗങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസങ്ങളില്‍ ജനം സാക്ഷിയാകുന്നത്.

കരൂരില്‍ നടന്ന വിജയ്‌യുടെ രാഷ്ട്രീയ സമ്മേളനത്തില്‍ ഉണ്ടായ ദുരന്തത്തില്‍ 41 പേര്‍ മരിച്ചതുമായി ബന്ധപ്പെട്ട് വിജയ് ക്കെതിരെ സി.ബി.ഐ കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലില്‍ ഹാജരാകാന്‍ താരം ദല്‍ഹിലെത്തിയ വാര്‍ത്ത വലിയ ചര്‍ച്ചയായിരുന്നു. ജന നായകന്റെ റിലീസ് വൈകിപ്പിച്ച പശ്ചാത്തലത്തിലുള്ള വിജയ്‌യുടെ യാത്രക്ക് വലിയ പ്രാധാന്യമാണ് മാധ്യമങ്ങള്‍ നല്‍കിയിരുന്നത്.

വിജയ് . Photo: Jana nayagan poster

ഇതിന് പിന്നാലെ ചര്‍ച്ചയായ കാര്യമായിരുന്നു വിജയ്‌യുടെ വേഷവിധാനം. പതിവില്‍ നിന്നും വ്യത്യസ്തമായി കറുപ്പണിഞ്ഞെത്തിയ താരം യാത്ര ചെയ്യാന്‍ തെരഞ്ഞെടുത്തതും കറുപ്പ് വാഹനമായിരുന്നു. രാഷ്ട്രീയപരമായി തന്നെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പി ക്കുമെതിരെയുള്ള പ്രതിഷേധ സൂചകമായാണ് കറുപ്പണിഞ്ഞ് വന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

ഇപ്പോള്‍ തമിഴക വെട്രി കഴകം എന്ന പാര്‍ട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തില്‍ ഭാഗമായതിനു ശേഷം ആകെ രണ്ടു തവണ മാത്രമാണ് വിജയ് കറുപ്പണിഞ്ഞതെന്ന കണ്ടെത്തലുമായി എത്തിയിരിക്കുകയാണ് സിനിമാ പേജുകള്‍. മുമ്പ് കസ്റ്റഡി മരണത്തില്‍ ഡി.എം.കെ സര്‍ക്കാരിനെതിരായ പ്രതിഷേധ വേദിയിലാണ് വിജയ് ആദ്യമായി കറുപ്പണിഞ്ഞെത്തിയത്.

കഴിഞ്ഞ വര്‍ഷം ജൂലൈയിലായിലായിരുന്നു ക്ഷേത്രത്തിലെ ജീവനക്കാരനായ അജിത് കുമാര്‍ ശിവഗംഗയിലെ പൊലീസ് കസ്റ്റഡിയിലിരിക്കവെ മരണപ്പെടുന്നത്. ഇതിനെതുടര്‍ന്ന് ചെന്നൈയില്‍ വന്‍ പ്രതിഷേധമാണ് വിജയ്‌യും അനുയായികളും സംഘടിപ്പിച്ചത്. പാര്‍ട്ടി രൂപീകരണത്തിന് ശേഷമുള്ള ടി.വി.കെയുടെ ഏറ്റവും വലിയ സമരത്തില്‍ വിജയ കറുപ്പണിഞ്ഞ് പ്രത്യക്ഷപ്പെട്ടത് ശ്രദ്ധേയമായിരുന്നു.

വിജയ് കസ്റ്റഡി മരണത്തിനെതിരായ പ്രതിഷേധത്തിനിടെ.Photo: The news Minute

തമിഴ്‌നാട്ടില്‍ അധികാരത്തിലിരിക്കുന്ന സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെ സര്‍ക്കാരിനെ സമരത്തില്‍ വിജയ് കടന്നാക്രമിച്ചിരുന്നു. അണ്ണാ യൂണിവേഴ്‌സിറ്റി കേസ് മുതല്‍ അജിത് കുമാര്‍ കേസ് വരെ പരാമര്‍ശിച്ച വിജയ്, ഭരണകൂടത്തെ ‘സോറി മാ മോഡല്‍’ സര്‍ക്കാറെന്നാണ് വിശേഷിപ്പിച്ചത്.

സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതു മൂലം റിലീസ് മാറ്റി വെച്ച ജന നായകന്റെ പുതിയ റിലീസ് ഡേറ്റ് പുറത്തുവിട്ടിട്ടില്ല. സര്‍ട്ടിഫിക്കറ്റ് തടഞ്ഞത് ചോദ്യം ചെയ്ത് ജന നായകന്റെ അണിയറപ്രവര്‍ത്തകര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

Content Highlight: Vijay wears black in protest against central government for the second time after entering politics

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.