| Thursday, 19th December 2024, 8:58 am

ആ ചിത്രത്തിന് മൂന്നാം ഭാഗത്തിനുള്ള സാധ്യതകളുണ്ട്; ഇനിയൊരു പാര്‍ട്ട് കൂടി എടുക്കണമെന്നാണ് എന്റെ അഭിപ്രായം: വിജയ് സേതുപതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ 2. സൂരി നായകനായ വിടുതലൈയുടെ ആദ്യ ഭാഗം വന്‍ വിജയമായിരുന്നു. 2023ല്‍ റിലീസായ വിടുതലൈയുടെ തുടര്‍ച്ചയാണ് ഈ ചിത്രം. ചിത്രത്തിന്റെ ആദ്യ ഭാഗത്തില്‍ സൂരിയായിരുന്നു നായകന്‍. വിടുതലൈയുടെ ആദ്യ ഭാഗത്തിന്റെ അവസാന അഞ്ച് മിനിറ്റില്‍ വിജയ് സേതുപതി ശക്തമായ വേഷത്തില്‍ വന്നിരുന്നു. രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ വാദ്ധ്യാര്‍ എന്ന കഥാപാത്രത്തിനാണ് പ്രാധാന്യം.

വിജയ് സേതുപതിയും മഞ്ജു വാര്യരും സൂരിയും ഒരുമിക്കുന്ന വിടുതലൈ 2 നാളെ (ഡിസംബര്‍ 20) തിയേറ്ററുകളിലേക്കെത്തും. അനുരാഗ് കശ്യപ്, കിഷോര്‍, ഗൗതം വാസുദേവ് മേനോന്‍, രാജീവ് മേനോന്‍, ചേതന്‍ എന്നിവരാണ് മറ്റുപ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നത്. വിടുതലൈക്ക് ഇനിയൊരു ഭാഗമുണ്ടാകുമോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതി.

താന്‍ തന്നെ സംവിധായകന്‍ വെട്രിമാരനോട് വിടുതലൈയുടെ അടുത്ത ഭാഗം ചെയ്യാം എന്ന് പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ എല്ലാം വെട്രിമാരന്റെ കയ്യിലാണുള്ളതെന്നും വിജയ് സേതുപതി പറഞ്ഞു. അടുത്ത ഭാഗത്തിനുള്ള കഥയും കാഴ്ചകളും ചിത്രത്തില്‍ ഉണ്ടെന്നും ഓരോ കഥാപാത്രങ്ങള്‍ക്കും സ്റ്റാന്‍ഡ് അലോണ്‍ സിനിമകള്‍ക്കുള്ള സാധ്യതകള്‍ വിടുതലൈയ്ക്ക് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ തന്നെ വെട്രിമാരനോട് പറഞ്ഞിട്ടുണ്ട് മൂന്നാം ഭാഗം കൂടെ നമുക്ക് ചെയ്യാമെന്ന്. ഈ കഥ ഇനിയും തുടരാന്‍ കഴിയും. എക്സ്റ്റന്റഡ് കട്ട് ആയിട്ട് ഈ ചിത്രത്തിനെ അദ്ദേഹം ഇനിയും വിടുമെന്നാണ് എനിക്ക് തോന്നുന്നത്. അതെല്ലാം വെട്രിമാരന്റെ കയ്യിലാണുള്ളത്.

എന്നാല്‍ മൂന്നാം ഭാഗം ചെയ്യാന്‍ മാത്രം കഥകളും കാഴ്ചകളും ഈ ചിത്രത്തിനുണ്ട്. രണ്ടാം ഭാഗത്തോടെ തീര്‍ക്കാം എന്ന് കരുതിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. എന്നാല്‍ സിനിമയുടെ മൂന്നാം ഭാഗം കൂടെ പ്രേക്ഷകര്‍ക്ക് കൊടുക്കാന്‍ അദ്ദേഹത്തിന് കഴിയും എന്നാണ് എന്റെ അഭിപ്രായം. അതില്‍ ഓരോരുത്തരുടെയും കഥാപാത്രത്തെയും എടുത്ത് ഒറ്റക്കൊറ്റയ്ക്കുള്ള സിനിമ ചെയ്യാന്‍ കഴിയും.

സൂരി ചെയ്ത കുമരേസന്‍ എന്ന കഥാപാത്രം ഇല്ലേ, അതുവെച്ചും സപ്പറേറ്റ് ആയിട്ടുള്ള സിനിമ ചെയ്യാന്‍ കഴിയും. മഹാലക്ഷ്മി എന്നൊരു കഥാപാത്രം സിനിമയില്‍ ഇല്ലേ, ഒരു സീനില്‍ ഞാനും മഹാലക്ഷ്മിയും കൂടി കണ്ടുമുട്ടുന്ന ഭാഗമില്ലേ, ആ സീന്‍ മുതല്‍ മഹാലക്ഷ്മി എന്നെ മനസിലാക്കുന്നതുവരെ ഒരു സിനിമക്കുള്ള സാധ്യതയുണ്ടാകും. മഹാലക്ഷ്മി വിത്ത് ത്രീ കിഡ്‌സ് എന്നുതന്നെ അതിന് പേരും വെക്കാം,’ വിജയ് സേതുപതി പറയുന്നു.

Content Highlight: Vijay Sethupathi Says He Wish To Do Third Part Of Viduthalai Movie

We use cookies to give you the best possible experience. Learn more