തമിഴിലെ മികച്ച നടന്മാരിലൊരാളാണ് വിജയ് സേതുപതി. ജൂനിയര്‍ ആര്‍ട്ടിസ്റ്റായും ചെറിയ വേഷങ്ങളിലൂടെയും തമിഴില്‍ മുഖം കാണിച്ച വിജയ് സേതുപതി 2012ല്‍ പുറത്തിറങ്ങിയ പിസ എന്ന ചിത്രത്തിലൂടെയാണ് നായകനായി അരങ്ങേറിയത്. മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന് തമിഴില്‍ തന്റേതായ ഇടം നേടാന്‍ വിജയ് സേതുപതിക്ക് സാധിച്ചു. സൂപ്പര്‍ ഡീലക്സിലെ പ്രകടനത്തിന് മികച്ച സഹനടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കിയ താരം ബോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചു.
വിജയ് സേതുപതിയെ നായകനാക്കി എസ്.യു. അരുണ്‍ കുമാര്‍ സംവിധാനം ചെയ്ത് 2016ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സേതുപതി. ബോക്‌സ് ഓഫീസില്‍ ചിത്രം മികച്ച വിജയം സ്വന്തമാക്കിയിരുന്നു. എന്നാല്‍ സേതുപതി ചെയ്യുന്ന സമയത്ത് അരുണ്‍ കുമാറുമായി താന്‍ സിനിമ ചെയ്യുന്നതില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നെന്ന് പറയുകയാണ് വിജയ് സേതുപതി.
താനും അരുണ്‍ കുമാറും ആദ്യമായി ഒന്നിച്ച പന്നൈയാറും പദ്മിനിയും എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ ഹിറ്റായിരുന്നില്ലെന്ന് വിജയ് സേതുപതി പറഞ്ഞു. എന്നാല്‍ തനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമാണെന്നും അക്കാരണം കൊണ്ടാണ് അരുണ്‍ കുമാറിനൊപ്പം മറ്റൊരു സിനിമ ചെയ്യാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എന്തിനാണ് അരുണ്‍ കുമാറിന് ഡേറ്റ് കൊടുത്തതെന്ന് പലരും തന്നോട് ചോദിച്ചെന്നും വിജയ് സേതുപതി പറയുന്നു. എന്നാല്‍ അരുണ്‍ കുമാര്‍ എന്ന സംവിധായകന്റെ കഴിവ് എത്രത്തോളമുണ്ടെന്ന് തനിക്ക് അറിയാമെന്നും ഒരു സിനിമ മോശമായതുകൊണ്ട് ആ സംവിധായകന്‍ മോശമാകുന്നില്ലെന്ന് താന്‍ അവര്‍ക്ക് മറുപടി നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘കൂടെ വര്‍ക്ക് ചെയ്ത സംവിധായകരില്‍ എനിക്ക് ഒരുപാട് ഇഷ്ടമുള്ളയാളാണ് അരുണ്‍ കുമാര്‍. ഞങ്ങള്‍ ആദ്യമായി ഒന്നിച്ച സിനിമ പന്നൈയാരും പദ്മിനിയും തിയേറ്ററില്‍ അത്രക്ക് വര്‍ക്കായില്ല. പക്ഷേ, എനിക്ക് ആ സിനിമ ഒരുപാട് ഇഷ്ടമാണ്. അതുകൊണ്ടാണ് ഞാന്‍ വീണ്ടും അരുണിന്റെ പടത്തിന് ഓക്കെ പറഞ്ഞത്. ആ പടം വലിയ ഹിറ്റായി.
പക്ഷേ, സേതുപതി ചെയ്യുന്ന സമയത്ത് പലരും എന്നോട് ചോദിച്ചിരുന്നു. ‘എന്തിനാണ് അരുണിന് വീണ്ടും ഡേറ്റ് കൊടുക്കുന്നത്’ എന്ന്. ഒരു സിനിമ മോശമായി എന്നുവെച്ച് ആ സംവിധായകന്‍ മോശമാണ് എന്നൊന്നും അര്‍ത്ഥമില്ല. സേതുപതി ഹിറ്റായപ്പോള്‍ അരുണ്‍ കുമാര്‍ എന്ന സംവിധായകന്‍ എത്രമാത്രം മികച്ച ഒരാളാണെന്ന് പലര്‍ക്കും മനസിലായി.’ വിജയ് സേതുപതി പറയുന്നു.
Content Highlight: Vijay Sethupathi about the comment he heard when joining hands with S U Arunkumar in Sethupathi movie