എന്താണ് റോളെന്ന് പോലും ചോദിക്കാതെ വെട്രിമാരന്‍ വിളിച്ചതും ഓക്കെ പറഞ്ഞു, എത്ര ദിവസം ഷൂട്ടുണ്ടാകുമെന്ന് അറിയില്ല: വിജയ് സേതുപതി
വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അരസനെക്കുറിച്ച് സംസാരിക്കുയാണ് വിജയ് സേതുപതി. വിടുതലൈക്ക് ശേഷം വെട്രിമാരനൊപ്പവും ചെക്ക ചിവന്ത വാനത്തിന് ശേഷം സിലമ്പരസനൊപ്പവും വിജയ് സേതുപതി ഒന്നിക്കുന്നു എന്ന പ്രത്യേകതയും അരസനുണ്ട്. തന്റെ ഭാഗങ്ങള്‍ ഇതുവരെ ഷൂട്ട് ചെയ്തിട്ടില്ലെന്ന് വിജയ് സേതുപതി പറഞ്ഞു.

ബിഹൈന്‍ഡ്‌വുഡ്‌സ് അവാര്‍ഡ് ഷോയില്‍ വിജയ് സേതുപതി Photo: Screen Grab/ Behindwoods
ഒപ്പം വര്‍ക്ക് ചെയ്യാന്‍ താന്‍ ഒരുപാട് ആഗ്രഹിക്കുന്ന സംവിധായകരിലൊരാളാണ് വെട്രിമാരനെന്ന് വിജയ് സേതുപതി പറഞ്ഞു. ഒപ്പം പ്രവര്‍ത്തിക്കുമ്പോള്‍ വെട്രിമാരന്റെ ചിന്താഗതികള്‍ തന്നെ സ്വാധീനിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ചാനല്‍ സംഘടിപ്പിച്ച അവാര്‍ഡ് ഷോയില്‍ സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.
‘എല്ലാ കാര്യങ്ങളിലും അപാര അറിവുള്ളയാളാണ് വെട്രിമാരന്‍. ഷൂട്ടില്ലാത്ത സമയത്ത് പോലും ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചുകൊണ്ടിരിക്കും. നമ്മുടെ ചിന്തകളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് സാധിക്കും. അത്രമാത്രം ഇന്‍ഫ്‌ളുവെന്‍ഷ്യലായിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വിടുതലൈയിലേക്ക് എന്നെ വിളിച്ചപ്പോള്‍ ഞാന്‍ പോയത് അതുകൊണ്ടാണ്.

അരസന്‍ Photo: Kalaipulli S Thanu/ X.com
ഈ സിനിമയിലേക്ക് എന്നെ വിളിച്ചതും അതുപോലെയായിരുന്നു. ഒരു ദിവസം എന്നെ ഫോണ്‍ വിളിച്ചിട്ട് ‘സേതു, ഞാന്‍ ഇപ്പോള്‍ ഒരു കഥയെഴുതുകയാണ്. എഴുതിക്കൊണ്ടിരുന്നപ്പോള്‍ മനസില്‍ വന്നത് നിങ്ങളുടെ മുഖമാണ്’ എന്ന് പറഞ്ഞു. അത് കേട്ടതും ഞാന്‍ ഓക്കെ പറഞ്ഞു. പിന്നീടാണ് ഈ സബ്ജക്ടിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത്’ വിജയ് സേതുപതി പറയുന്നു.
കഥയെക്കുറിച്ചോ തന്റെ വേഷത്തെക്കുറിച്ചോ ഒന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. എത്ര ദിവസം ഷൂട്ട് ഉണ്ടാകുമെന്ന് പോലും തനിക്ക് അറിയില്ലെന്നും വെട്രിമാരന്റെ മേലെയുള്ള വിശ്വാസത്തിലാണ് ഓക്കെ പറഞ്ഞതെന്നും താരം കൂട്ടിച്ചേര്‍ത്തു. തനിക്ക് വല്ലാത്ത കംഫര്‍ട്ട് അനുഭവപ്പെടുന്ന സെറ്റാണ് വെട്രിമാരന്റേതെന്നും വിജയ് സേതുപതി പറഞ്ഞു.

വെട്രിമാരന്റെ വട ചെന്നൈ യൂണിവേഴ്‌സിലെ കഥയാണ് അരസന്റേത്. മുമ്പ് വട ചെന്നൈയിലെ രാജന്‍ എന്ന കഥാപാത്രത്തിലേക്ക് വെട്രിമാരന്‍ ആദ്യം പരഗണിച്ചത് വിജയ് സേതുപതിയെയായിരുന്നു. പിന്നീട് അത് നടക്കാതെ പോവുകയായിരുന്നു. വട ചെന്നൈക്ക് ശേഷം വെട്രിമാരന്‍ ഒരുക്കിയ വിടുതലൈയില്‍ വിജയ് സേതുപതി ശക്തമായ വേഷം കൈകാര്യം ചെയ്തിരുന്നു. വിടുതലൈയിലെ വാധ്യാറിന് മുകളില്‍ നില്‍ക്കുന്ന വേഷമാകും അരസനിലേതെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.
Content Highlight: Vijay Sethupathi about his character in Arasan movie