| Monday, 9th September 2024, 12:16 pm

വിജയ് എന്ന സൂപ്പര്‍താരം അഥവാ സ്വന്തം വലിപ്പമറിയാത്ത ആന

അമര്‍നാഥ് എം.

തമിഴിലെ പ്രശ്ത സംവിധായകനായ എസ്.എ. ചന്ദ്രശേഖര്‍ സിനിമയിലേക്ക് തന്റെ മകനെ കൈപിടിച്ച് കൊണ്ടുവന്നപ്പോള്‍ വിമര്‍ശനങ്ങളായിരുന്നു ആദ്യകാലത്ത് കേട്ടത്. പിന്നീട് റൊമാന്റിക് സിനിമകളിലൂടെ തമിഴ്, മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് സൃഷ്ടിക്കാന്‍ സാധിച്ചു.

രമണ സംവിധാനം ചെയ്ത് 2003ല്‍ റിലീസായ തിരുമലൈയിലൂടെ ആക്ഷന്‍ രംഗത്തേക്ക് വിജയ് ചുവടുവെച്ചു. തൊട്ടടുത്ത വര്‍ഷം പുറത്തിറങ്ങിയ ഗില്ലി ഒരു സൂചനയായിരുന്നു. തമിഴിലെ അടുത്ത താരത്തിന്റെ ഉദയം ഗില്ലിയിലൂടെ പിറവിയെടുത്തു. തമിഴിലെ ആദ്യ 50 കോടി ചിത്രം ആ മുപ്പതുകാരന്‍ തന്റെ പേരിലാക്കി.

പിന്നീട് തമിഴ്‌നാട്ടിലും കേരളത്തിലും വിജയ് എന്ന താരം തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുന്ന കാഴ്ചയാണ് കണ്ടത്. 2007ല്‍ റിലീസായ പോക്കിരിയിലൂടെ ആ സാമ്രാജ്യത്തിന് കരുത്ത് കൂടി. എന്നാല്‍ പിന്നീടങ്ങോട്ട് തുടര്‍പരാജയങ്ങള്‍ നേരിടേണ്ടി വന്ന വിജയ്‌യെയാണ് സിനിമാലോകം കണ്ടത്. പല നടന്മാരുടെയും കരിയറിലെ നാഴികക്കല്ലായ 50ാമത്തെ ചിത്രം വിജയ്‌യുടെ കാര്യത്തില്‍ കറുത്ത അദ്ധ്യായമായി മാറി. സുറ എന്ന ചിത്രം കരിയറില്‍ ഏല്പിച്ച ആഘാതം അത്രമാത്രം വലുതായിരുന്നു.

വിജയ്‌യുടെ കാലം കഴിഞ്ഞു എന്ന് പലരും അതോടെ വിധിയെഴുതി. സുറക്ക് ശേഷം വന്ന നല്ല സിനിമകള്‍ പോലും പ്രതീക്ഷിച്ച വിജയം നേടാതെ പോയി. എ.ആര്‍ മുരുകദോസ് എന്ന സംവിധായകന്‍ വിജയ്‌യോടൊപ്പം ആദ്യമായി കൈകോര്‍ത്ത തുപ്പാക്കി താരത്തിന്റെ കരിയര്‍ മാറ്റിമറിച്ചു. അതുവരെ കാണാത്ത ഒരു വിജയ്‌യെ തുപ്പാക്കിയിലൂടെ കാണാന്‍ സാധിച്ചു. ഇന്ന് കാണുന്ന വിജയ് എന്ന ക്രൗഡ്പുള്ളറുടെ തുടക്കം തുപ്പാക്കിയിലൂടെയാണെന്ന് പറയാം.

പിന്നീട് വിജയ് എന്ന സ്റ്റാറിന്റെ ഗ്രാഫ് എവിടെയും താഴ്ന്നിട്ടില്ല. തുപ്പാക്കിക്ക് ശേഷം നിര്‍മാതാവിന് നഷ്ടമുണ്ടാക്കിയ സിനിമകള്‍ വളരെ കുറവായിരുന്നു. തുപ്പാക്കിക്ക് ശേഷം റിലീസായ എല്ലാ സിനിമകലെയും വിവാദങ്ങള്‍ വിടാതെ പിന്തുടര്‍ന്നു. തലൈവ എന്ന സിനിമയുടെ റിലീസ് അന്നത്തെ ഗവണ്മെന്റ് തടയുക വരെയുണ്ടായി.

എന്നാല്‍ അപ്പോഴൊന്നും രാഷ്ട്രീയ പ്രവേശനം എന്നൊരു ചോദ്യം എവിടെയും ഉയര്‍ന്നിരുന്നില്ല. വിജയ്‌യുടെ സ്റ്റാര്‍ഡം ഉയര്‍ത്തിയതില്‍ മുരുകദോസിനോടൊപ്പം പ്രാധായമര്‍ഹിക്കുന്ന മറ്റൊരാള്‍ കൂടിയുണ്ട്. വിജയ് എന്ന നടന്റെ ഫാന്‍ബോയ് ആയ സംവിധായകന്‍ അറ്റ്‌ലീ.

വലിയ സംവിധായകരെ വിട്ട് ഒരു സിനിമ മാത്രം സംവിധാനം ചെയ്ത ഒരു പയ്യന് വിജയ് ഡേറ്റ് കൊടുത്തത് കണ്ട് പലരും അന്തം വിട്ടു. എന്നാല്‍ തന്റെ ഇഷ്ടനടനെ സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹിച്ച രീതിയില്‍ അറ്റ്‌ലീ തെരി ഒരുക്കിയപ്പോള്‍ വിമര്‍ശിച്ചവര്‍ പോലും കൈയടിച്ചു. അതേ കോമ്പോ ഒരിക്കല്‍ കൂടി ഒന്നിച്ചപ്പോള്‍ പിറന്നത് വിജയ്‌യുടെ സിനിമാ-രാഷ്ട്രീയ ജീവിതത്തിലെ നാഴികക്കല്ലായിരുന്നു.

2017ല്‍ റിലീസായ മെര്‍സല്‍ താരത്തിന്റെ കരിയറിലെ പ്രധാനപ്പെട്ട സിനിമയായി മാറി. തുപ്പാക്കിക്ക് ശേഷം തിയേറ്ററുകള്‍ ഇളക്കിമറിച്ച വിജയ് ചിത്രമായി മെര്‍സല്‍ മാറി. സാമ്പത്തികപരമയാി വലിയ വിജയം നേടിയ ചിത്രം മറ്റ് ചില കാരണങ്ങള്‍ കൊണ്ടുകൂടി ശ്രദ്ധിക്കപ്പെട്ടു. അതുവരെ വളരെ മൃദുവായി മാത്രം രാഷ്ട്രീയം സംസാരിച്ചുകൊണ്ടിരുന്നു വിജയ് മെര്‍സലില്‍ ശക്തമായി രാഷ്ട്രീയം സംസാരിച്ചു.

കേന്ദ്രം ഭരിക്കുന്ന ഗവണ്മെന്റിന്റൈ ആരോഗ്യനയങ്ങളെയും നോട്ട് നിരോധനത്തെയും വിമര്‍ശിച്ച വിജയ് ചിത്രത്തിലെ ഒരു സീനില്‍ അമ്പലത്തിന് പകരം ആശുപത്രിയാണ് നാടിനാവശ്യം എന്നുവരെ പറഞ്ഞു. വലതുപക്ഷ ട്രോള്‍ പേജുകളും രാഷ്ട്രീയനേതാക്കളും വിജയ്‌ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തി. വിജയ്‌യുടെ മതം വരെ പറഞ്ഞ് അയാള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടു. ഇത് വിജയ് എന്ന നടന്റെ പോപ്പുലാരിറ്റി വര്‍ധിപ്പിച്ചു. മെര്‍സല്‍ കൊണ്ടെത്തിച്ച ഉയരത്തില്‍ നിന്ന് വിജയ് എന്ന താരത്തിന് പിന്നീട് ഇറങ്ങേണ്ടി വന്നിട്ടില്ല.

മെര്‍സലില്‍ തുടങ്ങിയ വിവാദം വിജയ്‌യെ വിടാതെ പിന്തുടര്‍ന്നു. മാസ്റ്റര്‍ എന്ന സിനിമയുടെ ഷൂട്ടിനിടെ കേന്ദ്ര ഏജന്‍സികളെ വെച്ച് അയാള്‍ക്കെതിരെ വേട്ട നടന്നു. എന്നാല്‍ അതിനെതിരെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഒരുവാക്ക് പോലും വിജയ് സംസാരിച്ചില്ല. മാസ്റ്റര്‍ സിനിമയുടെ ലൊക്കേഷനില്‍ വെച്ചെടുത്ത ഒരു സെല്‍ഫിയിലൂടെ വേട്ടയാടുന്നവര്‍ക്ക് മറുപടി നല്‍കി. തന്റെ പിന്നില്‍ എന്നും ആരാധകരുണ്ടാകുമെന്ന് അയാള്‍ പറയാതെ പറഞ്ഞു.

എന്നാല്‍ പലരും താരം എന്ന നിലയില്‍ മാത്രം വിജയ്‌യെ കാണാന്‍ ആഗ്രഹിച്ചപ്പോഴും അയാളിലെ നടന് പെര്‍ഫോം ചെയ്യാന്‍ അധികം അവസരങ്ങള്‍ ലഭിച്ചില്ല. മെര്‍സലിലെ വെട്രിമാരനിലൂടെ അറ്റ്‌ലീ അയാളിലെ നടനെ ചെറിയ രീതിയില്‍ മാത്രം ഉപയോഗിച്ചു. പിന്നീട് വിജയ് എന്ന പെര്‍ഫോമറെ വേണ്ടരീതിയില്‍ ഉപയോഗിച്ചത് ലോകേഷ് കനകരാജായിരുന്നു. മാസ്റ്ററിലെ ആദ്യപകുതിയില്‍ ഫ്രഷായിട്ടുള്ള വിജയ്‌യെ അയാള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. എന്നാല്‍ വീണ്ടും അയാളിലെ സ്റ്റാറിനെ മാത്രം ഉപയോഗിക്കുന്ന സംവിധായകരുടെ കൈയിലകപ്പെട്ടു.

ഒരിക്കല്‍ കൂടി ലോകേഷിന്റെ കൈയില്‍ കിട്ടിയപ്പോള്‍ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് വിജയ് കാഴ്ചവെച്ചത്. രണ്ടാം പകുതിയില്‍ നല്ലൊരു കഥ തയാറാക്കാന്‍ ലോകേഷ് മറന്നപ്പോള്‍ തന്റെ പെര്‍ഫോമന്‍സ് കൊണ്ട് വിജയ് ലിയോ എന്ന സിനിമയെ ഒറ്റക്ക് ചുമലിലേറ്റി. ലിയോക്ക് ശേഷം മുഴുവന്‍സമയ രാഷ്ട്രീയ പ്രവര്‍ത്തനത്തിറങ്ങുമെന്ന് അറിയിച്ച വിജയ് തന്റെ അവസാന രണ്ട് ചിത്രങ്ങള്‍ ആരാധകര്‍ക്ക് വേണ്ടി മാത്രമുള്ളതാക്കി മാറ്റുകയാണ്.

പഴയകാല സിനിമകളുടെ റഫറന്‍സും തനിക്ക് ശേഷമുള്ള പിന്‍ഗാമിയെ പറയാതെ പറഞ്ഞ സീനുമായി വന്ന ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്. തന്റെ സമകാലീന നടന്മാരുമായി നോക്കുമ്പോള്‍ അഭിനയത്തില്‍ വിജയ് എന്ന നടന്‍ പിന്നിലായിരിക്കാം. എന്നാല്‍ സ്റ്റാര്‍ എന്ന തരത്തില്‍ ഇനി മറ്റാര്‍ക്കും തൊടാനാകാത്ത ഉയരത്തിലാണ് അയാള്‍. എച്ച്. വിനോദുമായി ഒന്നിക്കുന്ന ദളപതി 69 അയാള്‍ക്കുള്ള നല്ലൊരു ഫെയര്‍വെല്ലാകട്ടെ.

Content Highlight: Vijay’s stardom and his films

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more