ഇന്‍കം ടാക്‌സ് റെയ്ഡ് മുതല്‍ റിലീസ് തടയല്‍ വരെ... 13 വര്‍ഷമായി വിജയ് സിനിമകള്‍ നേരിടുന്നത് വളഞ്ഞിട്ടുള്ള ആക്രമണങ്ങള്‍
Indian Cinema
ഇന്‍കം ടാക്‌സ് റെയ്ഡ് മുതല്‍ റിലീസ് തടയല്‍ വരെ... 13 വര്‍ഷമായി വിജയ് സിനിമകള്‍ നേരിടുന്നത് വളഞ്ഞിട്ടുള്ള ആക്രമണങ്ങള്‍
അമര്‍നാഥ് എം.
Tuesday, 6th January 2026, 12:29 pm

രാഷ്ട്രീയവും സിനിമയും ഇഴപിരിഞ്ഞ് കിടക്കുന്ന ഭൂമികയാണ് തമിഴ്‌നാടിന്റേത്. സ്‌ക്രീനിലെ സൂപ്പര്‍താരം ജനങ്ങളുടെ നേതാവായി ഉയര്‍ന്നുവരുന്നത് തമിഴകത്ത് സ്ഥിരം കാഴ്ചയാണ്. പുരട്ചി തലൈവറായ എം.ജി.ആര്‍ തമിഴ്‌നാടിന്റെ എക്കാലത്തെയും വലിയ നേതാവായി മാറിയത് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമായിരുന്നു. എം.ജി.ആറിന് ശേഷം ജയലളിതയും തമിഴ്‌നാടിന്റെ നേതാവായി ഉയര്‍ന്നുവന്നു.

വിജയ് Photo: Screen grab/ Zee 5 Tamil

ഇവര്‍ക്ക് ശേഷം വിജയകാന്ത്, ശരത് കുമാര്‍ തുടങ്ങിയവര്‍ രാഷ്ട്രീയത്തില്‍ പയറ്റിയെങ്കിലും എം.ജി.ആറും ജയലളിതയുമെല്ലാം സൃഷ്ടിച്ച ഓളം ഇവര്‍ക്ക് ആവര്‍ത്തിക്കാന്‍ സാധിച്ചില്ല. ഈ ലിസ്റ്റിലെ ഏറ്റവും ഒടുവിലത്തെ എന്‍ട്രിയാണ് വിജയ്. അച്ഛന്റെ തണലിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് ഇന്ന് ഇന്‍ഡസ്ട്രിയിലെ ഏറ്റവും വലിയ താരമായി മാറിയ വിജയ് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണ്.

ജന നായകന്‍ Phot: KVN Productions/ X.com

രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് തിയേറ്ററുകളിലെത്തുന്ന വിജയ്‌യുടെ അവസാന ചിത്രമാണ് ജന നായകന്‍. ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ട ചിത്രം ഇപ്പോഴും സെന്‍സര്‍ ബോര്‍ഡിന്റെ കത്രികപ്പൂട്ടില്‍ പെട്ടുകിടക്കുകയാണ്. വിജയ്‌യുടെ രാഷ്ട്രീയ പ്രസ്താവനകളാണ് ജന നായകന് തടസമായി നില്‍ക്കുന്നത്. ഇത് ആദ്യമായല്ല വിജയ്‌യുടെ സിനിമ പ്രതിസന്ധി നേരിടുന്നത്.

13 വര്‍ഷമായി വിജയ്‌യുടെ ഓരോ സിനിമകളും റിലീസിന് മുമ്പ് പല വിവാദങ്ങള്‍ നേരിടുന്നുണ്ട്. 2013ല്‍ റിലീസായ തലൈവയാണ് ആദ്യമായി വലിയൊരു പ്രതിസന്ധി നേരിട്ട വിജയ് ചിത്രം. ‘ടൈം ടു ലീഡ്’ എന്ന ടാഗ്‌ലൈനായിരുന്നു വിവാദത്തിന് കാരണമായത്. അന്ന് ഭരണപക്ഷത്ത് ഉണ്ടായിരുന്ന എ.ഐ.എ.ഡി.എം.കെ തലൈവക്കെതിരെ പരസ്യമായി രംഗത്തെത്തി.

തലൈവ Photo: Theatrical Poster

തമിഴകത്തിന് ഒരൊറ്റ തലവന്‍ മാത്രമേയുള്ളൂവെന്നും അത് എം.ജി.ആര്‍ ആണെന്നുമായിരുന്നു എ.ഐ.എ.ഡി.എം.കെ നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ചിത്രത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ ഒരാഴ്ചക്ക് മുകളില്‍ വൈകിപ്പിക്കുകയായിരുന്നു. കേരളത്തിലായിരുന്നു തലൈവ ആദ്യം റിലീസ് ചെയ്തത്. പ്രതിസന്ധികളെ അതിജീവിച്ച് ചിത്രം വന്‍ വിജയമായി മാറി.

കത്തി Photo: Screen grab/ J movies

 

തൊട്ടടുത്ത വര്‍ഷം വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായ കത്തിയെയും വിവാദങ്ങള്‍ പിന്തുടര്‍ന്നു. ചിത്രത്തിന്റെ നിര്‍മാതാക്കളെ ചൊല്ലിയായിരുന്നു ഇത്തവണത്തെ വിവാദം. ശ്രീലങ്ക ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലൈക്ക ഗ്രൂപ്പാണ് കത്തിയുടെ നിര്‍മാതാക്കള്‍. തമിഴ്‌നാട്ടില്‍ വലിയ ചര്‍ച്ചകള്‍ക്ക് ഇത് വഴിവെച്ചു. ചിത്രത്തിലെ 2.ജിയെക്കുറിച്ചുള്ള ഡയലോഗും വിവാദമായി.

അടുത്ത ചിത്രമായ പുലി റിലീസ് ദിവസം വരെ അനിശ്ചിതത്വത്തിലായിരുന്നു. നിര്‍മാതാവിന്റെ വീട്ടില്‍ ഇന്‍കം ടാക്‌സ് റെയ്ഡ് നടന്നതും ആദ്യ ഷോ ആരംഭിക്കാന്‍ വൈകിയതുമെല്ലാം വലിയ വാര്‍ത്തയായിരുന്നു. വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി പുലി മാറി. പുലിക്ക് ശേഷം വിജയ്‌യുടെ കരിയര്‍ പിടിച്ചാല്‍ കിട്ടാത്ത രീതിയില്‍ വളര്‍ന്നു. തെരി, ഭൈരവ എന്നീ ചിത്രങ്ങള്‍ക്ക് നേരെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നില്ല.

പുലി Photo: Theatrical poster

വിജയ്‌യുടെ കരിയറിനെ മാറ്റിമറിച്ച മെര്‍സലായിരുന്നു പിന്നീട് സിനിമാലോകത്തെ പിടിച്ചുകുലുക്കിയത്. ചിത്രത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ഡയലോഗുകളെല്ലാം വിവാദമായി. വിജയ്‌യുടെ യഥാര്‍ത്ഥ പേര് ജോസഫ് വിജയ് എന്നാണെന്നും അയാള്‍ക്ക് മറ്റ് പല ലക്ഷ്യങ്ങളുണ്ടെന്നുമെല്ലാം ബി.ജെ.പി നേതാക്കള്‍ ആരോപിച്ചു. ബി.ജെ.പിയുടെ കണ്ണിലെ കരടായി വിജയ് മാറിയത് മെര്‍സലിന് ശേഷമായിരുന്നു.

മെര്‍സല്‍ Photo: Screen grab/ Zee Tamil

ജയലളിതയെയും ശശികലയെയും പേരെടുത്ത് വിമര്‍ശിക്കാതെ എ.ഐ.എ.ഡി.എം.കെയുടെ നയങ്ങള്‍ക്കെതിരെ സംസാരിച്ച സര്‍ക്കാരായിരുന്നു വിജയ്‌യുടെ അടുത്ത റിലീസ്. വരലക്ഷ്മി അവതരിപ്പിച്ച കോമളവല്ലി എന്ന കഥാപാത്രം ശശികലയെ ഓര്‍മപ്പെടുത്തുന്നു എന്നാണ് സര്‍ക്കാരിനെതിരെ ഉയര്‍ന്ന വലിയ വിമര്‍ശനം. ചിത്രം റീ സെന്‍സറിങ് ചെയ്തതെല്ലാം വലിയ വാര്‍ത്തയായിരുന്നു.

സര്‍ക്കാരിന് ശേഷം വിജയ്‌യെ ബി.ജെ.പി ലക്ഷ്യം വെച്ചത് 2020ലായിരുന്നു. ബിഗില്‍ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട് ഇന്‍കം ടാക്‌സിന്റെ അന്വേഷണവും വിജയ്‌യെ ചോദ്യം ചെയ്തതുമെല്ലാം വാര്‍ത്തകളില്‍ ഇടംപിടിച്ചു. കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വം വിജയ്‌യെ ലക്ഷ്യം വെക്കുകയാണെന്ന് ആരോപണമുയര്‍ന്നു.

എന്നാല്‍ ഇന്‍കം ടാക്‌സ് റെയ്ഡിനെതിരെ മാധ്യമങ്ങളോട് ഒരുവാക്കുപോലും വിജയ് പറഞ്ഞിരുന്നില്ല. പകരം മാസ്റ്ററിന്റെ സെറ്റില്‍ തന്നെ കാണാന്‍ വന്ന ആരാധകര്‍ക്കൊപ്പം ഒരു സെല്‍ഫി മാത്രമാണ് വിജയ് പങ്കുവെച്ചത്. നെയ്‌വേലി സെല്‍ഫി ഇന്നും ഐക്കോണിക്കാണ്.

നെയ്‌വേലി സെല്‍ഫി Photo: Vijay/ X.com

 

വിജയ്‌യുടെ ആരാധക പിന്തുണ എത്രത്തോളമുണ്ടെന്ന് അറിഞ്ഞതിന് ശേഷം ബി.ജെ.പി പിന്നീട് കൂടുതല്‍ അക്രമണത്തിന് മുതിര്‍ന്നിട്ടില്ലെന്ന് വേണം അനുമാനിക്കാന്‍. സിനിമാലോകത്ത് ആര്‍ക്കും തൊടാനാകാത്ത ഉയരത്തിലെത്തി നില്‍ക്കുമ്പോഴായിരുന്നു വിജയ് സിനിമ ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്.

രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം തമിഴ്‌നാട് ഭരണകക്ഷിയായ ഡി.എം.കെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയും വിജയ്‌യെ വട്ടമിട്ട് ആക്രമിക്കുന്നതിന്റെ തെളിവാണ് ജന നായകന്‍ നേരിടുന്ന പ്രതിസന്ധികള്‍. അവസാന സിനിമയുടെ കളക്ഷന്‍ വലിയ രീതിയില്‍ ബാധിക്കണമെന്ന ഉദ്ദേശത്തോടെ ഡി.എം.കെയുടെ സ്വന്തം പ്രൊഡക്ഷന്‍ ഹൗസായ റെഡ് ജയന്റ്‌സ് നിര്‍മിക്കുന്ന പരാശക്തിയും ക്ലാഷിനെത്തുന്നുണ്ട്. ഇതോടൊപ്പം സെന്‍സറിങ് വൈകിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിയും ആരാധകരെ രോഷാകുലരാക്കുന്നുണ്ട്.

ഒരു പതിറ്റാണ്ടിലേറെയായി രാഷ്ട്രീയ പകപോക്കലുകളുടെ പേരില്‍ നേരിടുന്ന ആക്രമണങ്ങള്‍ക്ക് വിജയ് അടുത്ത തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്ന് കരുതാം. എം.ജി.ആറിന് ശേഷം തമിഴ്‌നാട്ടില്‍ വിജയ് ചരിത്രമെഴുതുമോ എന്നറിയാന്‍ രാഷ്ട്രീയ ലോകവും സിനിമാപ്രേമികളും കാത്തിരിക്കുകയാണ്.

Content Highlight: Vijay’s films getting targeted by Tamilnadu and Central government

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം