വിജയ്‌യെ നായകനാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ‘ജനനായകൻ’ റിലീസിന് മുമ്പേ തന്നെ ഇന്റർനെറ്റിൽ ചോർന്നതായി റിപ്പോർട്ടുകൾ. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളാക്കി കട്ട് ചെയ്ത രൂപത്തിലാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്നതെന്നാണ് വിവരം.
സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും ഉൾപ്പെടെ പ്രധാന രംഗങ്ങൾക്കൊപ്പം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന്റെ ചില ഭാഗങ്ങളും ലീക്കായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ആദ്യം സിനിമയുടെ ആദ്യ അഞ്ച് മിനിറ്റ് ദൃശ്യങ്ങൾ പുറത്തുവന്നതായും പിന്നീട് മുഴുവൻ ചിത്രവും ഓൺലൈനിൽ എത്തിയതായും പറയുന്നു. ഇതിനോടകം ആയിരക്കണക്കിന് ആളുകൾ ചിത്രം ഡൗൺലോഡ് ചെയ്തതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യ ടുഡേയുടെ റിപ്പോർട്ട് അനുസരിച്ച്, സിനിമയുടെ എഡിറ്റിങ് ടേബിളിൽ നിന്നാണ് ദൃശ്യങ്ങൾ ചോർന്നതെന്നതാണ് പ്രാഥമിക നിഗമനം. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഇതുവരെ ഔദ്യോഗിക പ്രതികരണം നൽകിയിട്ടില്ലെങ്കിലും, സിനിമയുടെ ദൃശ്യങ്ങൾ പ്രചരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിജയ് ആരാധകർ സോഷ്യൽ മീഡിയയിൽ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.
രാഷ്ട്രീയ പ്രവേശത്തിന് ഒരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമെന്ന നിലയിൽ ‘ജനനായകൻ’ ഏറെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം തന്നെ വലിയ കളക്ഷൻ നേടുമെന്നായിരുന്നു പ്രതീക്ഷ. തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണെന്നാണ് ലഭ്യമായ വിവരം.
ചിത്രത്തിൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിത ബൈജു എന്നിവർ ഉൾപ്പെടുന്ന വൻ താരനിരയാണ് അണിനിരക്കുന്നത്.
കെ. വി. എൻ പ്രോഡക്‌ഷൻസിന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമ്മിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ. കെയും സഹനിർമാതാക്കളാണ്.
പൊങ്കൽ റിലീസായി ജനുവരി 9ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപനം. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനെ തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലായിരിക്കെ ഈ ലീക്ക് സംഭവിച്ചതോടെ സിനിമയുടെ ഭാവി സംബന്ധിച്ച് ആശങ്കകൾ ഉയർന്നിരിക്കുകയാണ്.
Content Highlight: Vijay Jananayak leaked on the internet
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.