| Wednesday, 24th December 2025, 2:59 pm

50 ഓവറില്‍ 574 റണ്‍സ്! ഇന്ത്യയെയും ഇംഗ്ലണ്ടിനെയും വെട്ടി ഒന്നാമത് വൈഭവിന്റെ ബീഹാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലിസ്റ്റ് എ ഫോര്‍മാറ്റിന്റെ ചരിത്രം തിരുത്തിയെഴുതി ബീഹാര്‍. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലിന്റെ റെക്കോഡാണ് ബീഹാര്‍ സ്വന്തമാക്കിയത്. വിജയ് ഹസാരെ ട്രോഫിയുടെ പ്ലേറ്റ് ഗ്രൂപ്പില്‍ അരുണാചല്‍ പ്രദേശിനെതിരെ 574 റണ്‍സ് അടിച്ചെടുത്തതിന് പിന്നാലെയാണ് ബീഹാറിന്റെ പേരില്‍ ഈ ചരിത്ര നേട്ടം കുറിക്കപ്പെട്ടത്.

2022 വിജയ് ഹസാരെയില്‍ അരുണാചലിനെതിരെ 502 റണ്‍സ് നേടിയ തമിഴ്‌നാടിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലിസ്റ്റ് എയില്‍ 500 റണ്‍സ് മാര്‍ക് പിന്നിടുന്ന രണ്ടാമത് ടീം കൂടിയാണ് ബീഹാര്‍.

ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവുമുയര്‍ന്ന് സ്‌കോര്‍ സ്വന്തമാക്കുന്ന ടീം

(സ്‌കോര്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

574/6 – ബീഹാര്‍ – അരുണാചല്‍ പ്രദേശ് – റാഞ്ചി – 2025*

502/2 തമിഴ്‌നാട് – അരുണാചല്‍ പ്രദേശ് – ബെംഗളൂരു – 2022

498/4 ഇംഗ്ലണ്ട് – നെതര്‍ലന്‍ഡ്‌സ് – ആംസ്റ്റല്‍വീന്‍ – 2022

496/4 സറേ – ഗ്ലോസ്റ്റര്‍ഷെയര്‍ – ദി ഓവല്‍ – 2007

481/6 ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ – നോട്ടിങ്ഹാം – 2018

458/4 ഇന്ത്യ എ- ലെസ്റ്റര്‍ഷെയര്‍ – ലെസ്റ്റര്‍ – 2018

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബീഹാര്‍ സൂപ്പര്‍ താരം വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി, വിക്കറ്റ് കീപ്പര്‍ ആയുഷ് ആനന്ദ് ലോഹരുക എന്നിവരുടെ സെഞ്ച്വറി കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്.

84 പന്തില്‍ 190 റണ്‍സ് നേടിയാണ് വൈഭവ് സൂര്യവംശി കളം വിട്ടത്. 16 ഫോറും ആകാശം തൊട്ട 15 സിക്‌സറുകളും അടങ്ങുന്നതായിരുന്നു സൂര്യവംശിയുടെ ഇന്നിങ്‌സ്. ടി-20യെ അനുസ്മരിപ്പിക്കുന്ന 226.19 സ്‌ട്രൈക് റേറ്റിലാണ് വൈഭവ് റണ്ണടിച്ചുകൂട്ടിയത്.

വൈഭവിനേക്കാള്‍ മികച്ച വെടിക്കെട്ടാണ് ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി പുറത്തെടുത്തത്. വെറും 40 പന്ത് നേരിട്ട ഗാനി, 12 സിസ്‌കറിന്റെയും പത്ത് ഫോറിന്റെയും അകമ്പടിയോടെ പുറത്താകാതെ അടിച്ചെടുത്തത് 128 റണ്‍സ്! സ്‌ട്രൈക് റേറ്റാകട്ടെ 320.00ഉം!!!

56 പന്ത് പന്ത് നേരിട്ട് 116 റണ്‍സുമായാണ് ലോഹരുക പുറത്തായത്. എട്ട് സിക്‌സറും11 ഫോറും അടങ്ങുന്നതായിരുന്നു വിക്കറ്റ് കീപ്പറുടെ ഇന്നിങ്‌സ്.

66 പന്ത് നേരിട്ട് 77 റണ്‍സ് നേടിയ പിയൂഷ് സിങ്ങിന്റെ പ്രകടനവും ബീഹാറിന്റെ റെക്കോഡ് നേട്ടത്തില്‍ നിര്‍ണായകമായി.

Content Highlight: Vijay Hazare Trophy: Bihar set the record of highest List A total

We use cookies to give you the best possible experience. Learn more