| Wednesday, 24th December 2025, 5:01 pm

വൈഭവ് സൂര്യവംശിക്ക് 13 റണ്‍സിന്റെ വിജയം, ബീഹാറിന്റെ ജയം 397 റണ്‍സിന്; ധോണിയുടെ മണ്ണില്‍ ചരിത്രം

ആദര്‍ശ് എം.കെ.

വിജയ് ഹസാരെ ട്രോഫിയില്‍ അരുണാചല്‍ പ്രദേശിനെതിരെ കൂറ്റന്‍ വിജയവുമായി ബീഹാര്‍. റാഞ്ചിയില്‍ നടന്ന മത്സരത്തില്‍ 397 റണ്‍സിന്റെ വിജയമാണ് ബീഹാര്‍ സ്വന്തമാക്കിയത്.

പ്ലേറ്റ് ഗ്രൂപ്പില്‍ നടന്ന മത്സരത്തില്‍ ബീഹാര്‍ ഉയര്‍ത്തിയ 575 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അരുണാചല്‍ പ്രദേശ് 177 റണ്‍സിന് പുറത്തായി. ബീഹാറിന്റെ ടോപ്പ് സ്‌കോറര്‍ വൈഭവ് സൂര്യവംശി നേടിയതിനേക്കാള്‍ 13 റണ്‍സ് കുറവ് മാത്രമാണ് അരുണാചലിന് സ്വന്തമാക്കാന്‍ സാധിച്ചത്.

ബീഹാര്‍ നായകന്‍ സാക്കിബുള്‍ ഗാനി

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബീഹാര്‍ വൈഭവ് സൂര്യവംശി, ക്യാപ്റ്റന്‍ സാക്കിബുള്‍ ഗാനി, വിക്കറ്റ് കീപ്പര്‍ ആയുഷ് ആനന്ദ് ലോഹരുക എന്നിവരുടെ സെഞ്ച്വറി കരുത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 574 റണ്‍സ് നേടി.

സൂര്യവംശി 84 പന്ത് നേരിട്ട് 190 റണ്‍സ് നേടി. 15 സിക്‌സറും 16 ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. സാക്കിബുള്‍ ഗാനി 40 പന്തില്‍ 12 ഫോറും പത്ത് സിക്‌സറും അടക്കം പുറത്താകാതെ 128 റണ്‍സടിച്ചപ്പോള്‍ 56 പന്തില്‍ 116 റണ്‍സാണ് ലോഹരുക തന്റെ പേരില്‍ കുറിച്ചത്.

ഇവര്‍ക്ക് പുറമെ 66 പന്തില്‍ 77 റണ്‍സടിച്ച പിയൂഷ് സിങ്ങിന്റെ പ്രകടനവും ബിഹാര്‍ നിരയില്‍ നിര്‍ണായകമായി.

അരുണാചലിനായി ടെച്ചി നേരിയും ടി.എന്‍.ആര്‍ മോഹിത്തും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി. ലോഹരുക റണ്‍ ഔട്ടായപ്പോള്‍ ധീരജ് ലക്ഷ്മണ്‍ ആര്‍ട്ടിന്‍ ഒരു വിക്കറ്റും നേടി.

കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അരുണാചലിന് കാര്യമായി ചെറുത്തുനില്‍ക്കാന്‍ പോലും സാധിച്ചില്ല. ലിസ്റ്റ് എ ഫോര്‍മാറ്റെടുത്ത് പരിശോധിക്കുമ്പോള്‍ തരക്കേടില്ലാത്ത തുടക്കമാണ് ടീമിന് ലഭിച്ചതെങ്കിലും 575 റണ്‍സ് പിന്തുടരുമ്പോള്‍ വേണ്ടിയിരുന്ന തുടക്കമായിരുന്നില്ല അത്.

38 പന്തില്‍ പുറത്താകാതെ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ കാംഷ യാങ്‌ഫോയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ 42.1 ഓവറില്‍ അരുണാചല്‍ 177ന് പുറത്തായി.

സുരാജ് കശ്യപും ആകാശ് ബിഭൂതി രാജും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഹിമാന്‍ഷു തിവാരി രണ്ട് വിക്കറ്റും ഷബ്ബീര്‍ ഖാന്‍ ഒരു വിക്കറ്റും നേടി.

397 റണ്‍സിന്റെ കൂറ്റന്‍ വിജയത്തിന് പിന്നാലെ ഒരു റെക്കോഡും ബീഹാര്‍ സ്വന്തമാക്കി. ലിസ്റ്റ് എ ഫോര്‍മാറ്റില്‍ ഏറ്റവും വലിയ രണ്ടാമത്തെ വിജയമെന്ന നേട്ടമാണ് ബിഹാര്‍ സ്വന്തമാക്കിയത്. ഈ റെക്കോഡ് നേട്ടത്തില്‍ തമിഴ്‌നാടാണ് ഒന്നാമത്.

ലിസ്റ്റ് എ ഫോര്‍മാറ്റിലെ ഏറ്റവും വലിയ വിജയം

(വിജയമാര്‍ജിന്‍ – ടീം – എതിരാളികള്‍ – വേദി – വര്‍ഷം എന്നീ ക്രമത്തില്‍)

435 – തമിഴ്‌നാട് – അരുണാചല്‍ പ്രദേശ് – ബെംഗളൂരു – 2022

397 – ബീഹാര്‍ – അരുണാചല്‍ പ്രദേശ് – റാഞ്ചി – 2025*

346 – സോമര്‍സെറ്റ് – ഡെവോണ്‍ – ടോര്‍ക്വോയ് – 1990

342 – ഇംഗ്ലണ്ട് – സൗത്ത് ആഫ്രിക്ക – സതാംപ്ടണ്‍ – 2025

324 – ഗ്ലോസ്റ്റര്‍ഷെയര്‍ – ബക്കിങ്ഹാംഷെയര്‍ – സതാംപ്ടണ്‍ – 2003

324 – ജാര്‍ഖണ്ഡ് – മധ്യപ്രദേശ് – ഇന്‍ഡോര്‍ – 2020

ഡിസംബര്‍ 26നാണ് ബീഹാര്‍ അടുത്ത മത്സരത്തിനിറങ്ങുന്നത്. റാഞ്ചിയില്‍ നടക്കുന്ന മത്സരത്തില്‍ മണിപ്പൂരാണ് എതിരാളികള്‍.

Content Highlight: Vijay Hazare Trophy: Bihar defeated Arunachal Pradesh

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more