സിനിമാലോകത്ത് മറ്റാര്‍ക്കും തൊടാനാകാത്ത ഉയരത്തില്‍ നിന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച നടനാണ് വിജയ്. സിനിമാജീവിതം ഉപേക്ഷിച്ച് സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ച താരം ഈ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രഖ്യാപനത്തിന് ശേഷം വിജയ്ക്ക് നിരവധി തിരിച്ചടികളാണ് നേരിടേണ്ടി വരുന്നത്.
കരൂറിലെ റാലിയിലുണ്ടായ അപകടവും അതില്‍ 41 പേര്‍ മരിച്ചതും വിജയ്‌യുടെ ഇമേജിന് വലിയ ഡാമേജ് വരുത്തിയിരുന്നു. പിന്നാലെ ജന നായകന്റെ റിലീസ് തടയപ്പെട്ടതും വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളുമെല്ലാം വിജയ്‌യുടെ രാഷ്ട്രീയ ഭാവിക്ക് കളങ്കം വരുത്തിയെന്നാണ് പലരുടെയും വിലയിരുത്തില്‍. എന്നാല്‍ ഇപ്പോള്‍ താരത്തിനെതിരെ മറ്റൊരു വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.
കഴിഞ്ഞദിവസം പാര്‍ട്ടിയിലെ വനിതാ സമ്മേളനത്തില്‍ വിജയ് നടത്തിയ പ്രഖ്യാപനമാണ് വിമര്‍ശനങ്ങള്‍ക്ക് വിധേയമായിരിക്കുന്നത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ തന്റെ പാര്‍ട്ടി തമിഴ്‌നാട്ടിലെ സ്ത്രീകള്‍ക്കായി ധാരാളം കാര്യങ്ങള്‍ ചെയ്യുമെന്നായിരുന്നു വാഗ്ദാനം. സ്ത്രീകള്‍ക്ക് എല്ലാ മാസവും 2500 രൂപ, വിവാഹത്തിന് ഒരുപവന്‍ സ്വര്‍ണവും ഒരു പട്ട് സാരിയും ‘അണ്ണന്‍ സീര്‍’ (ചേട്ടന്റെ കടമ), കുഞ്ഞ് ജനിച്ചാല്‍ അര പവന്‍ സ്വര്‍ണം ‘മാമന്‍ സീര്‍’ എന്നിങ്ങനെ നല്‍കുമെന്നായിരുന്നു വിജയ്‌യുടെ പ്രഖ്യാപനം.
എന്നാല്‍ ഇതിനെ വിമര്‍ശിച്ച് ചിലര്‍ രംഗത്തെത്തി. സര്‍ക്കാര്‍ എന്ന ചിത്രത്തില്‍ ഫ്രീബി പൊളിറ്റിക്‌സിനെതിരെ നായകനായ വിജയ് നല്ല രീതിയില്‍ വിമര്‍ശിക്കുന്നുണ്ട്. ഫ്രീയായി മിക്‌സിയും ഫാനും ലാപ്‌ടോപ്പുമെല്ലാം നല്‍കുന്ന രാഷ്ട്രീയക്കാര്‍ക്കെതിരെയായിരുന്നു നായകന്റെ മാസ് ഡയലോഗ്. ഗവണ്മെന്റ് ജനങ്ങള്‍ക്ക് നല്‍കുന്ന കൈക്കൂലിയാണിതെന്നായിരുന്നു നായകനായ സുന്ദര്‍ രാമസ്വാമി പറഞ്ഞത്.
ലോകേഷ് സംവിധാനം ചെയ്ത മാസ്റ്ററിലും ഇത്തരമൊരു ഡയലോഗുണ്ട്. ‘പൊളിറ്റിക്‌സ് എന്താണെന്ന് കൃത്യമായി മനസിലാക്കിയില്ലെങ്കില്‍ കോളേജ് കഴിഞ്ഞ് പുറത്തിറങ്ങിയാല്‍ കുപ്പിക്കും കോഴി ബിരിയാണിക്കും വേണ്ടി വോട്ട് ചെയ്യുന്നവരായി യുവ തലമുറ മാറും’ എന്നായിരുന്നു മാസ്റ്ററിലെ ഡയലോഗ്.
സിനിമയില്‍ സൗജന്യ വാഗ്ദാനങ്ങള്‍ക്കെതിരെ പ്രതികരിച്ച നായകന്‍ റിയല്‍ ലൈഫില്‍ അതിനെതിരായി പ്രവര്‍ത്തിക്കുന്നു എന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ‘തിരൈയിലെ ഒന്ന്, തറൈയിലെ വേറൊന്ന്’ (സ്‌ക്രീനില്‍ ഒരു കാര്യവും റിയല്‍ ലൈഫില്‍ അതിന് എതിരായും’ എന്നിങ്ങനെയാണ് പലരും വിജയ്‌യെ വിമര്‍ശിക്കുന്നത്. എന്നാല്‍ പുരുഷാധിപത്യ സമൂഹത്തില്‍ സ്ത്രീകളുടെ ഉന്നമനത്തിന് വേണ്ടിയാണ് ഇത്തരം പ്രഖ്യാപനങ്ങളെന്നും അതിനെ എതിര്‍ക്കേണ്ട കാര്യമില്ലെന്നും വിജയ് അനുകൂലികള്‍ അഭിപ്രായപ്പെടുന്നു.
Content Highlight: Vijay getting criticism for Freebie politics