തമിഴ് സിനിമാ വ്യവസായത്തിന്റെ വളര്‍ച്ചയില്‍ വിജയ് ചിത്രങ്ങള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. വിജയ്‌യുടെ സിനിമകള്‍ പലപ്പോഴും തിയേറ്ററുകളെ തകര്‍ച്ചയുടെ വക്കില്‍ നിന്ന് കരകയറ്റിയിട്ടുണ്ട്. അത്തരത്തില്‍ ഇന്‍ഡസ്ട്രിയുടെ നെടുംതൂണായി നില്‍ക്കുന്ന സമയത്ത് എല്ലാമുപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് ശ്രദ്ധ തിരിക്കുന്നുവെന്ന വിജയ്‌യുടെ പ്രഖ്യാപനം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.
സമ്പൂര്‍ണ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പ് വിജയ്‌യുടേതായി തിയേറ്ററിലെത്തുന്ന ചിത്രമാണ് ജന നായകന്‍. അനൗണ്‍സ്‌മെന്റ് മുതല്‍ ആരാധകര്‍ വലിയ പ്രതീക്ഷയായിരുന്നു ജന നായകന് മേല്‍ വെച്ചിരുന്നത്. അവസാനചിത്രം ആരാധകര്‍ക്ക് വേണ്ടി സ്‌പെഷ്യല്‍ ട്രീറ്റാകുമെന്ന് പലരും കണക്കുകൂട്ടി. എന്നാല്‍ ഓരോ അപ്‌ഡേറ്റ് വരുമ്പോഴും ആരാധകരുടെ പ്രതീക്ഷ കുറയുകയാണ്.
തെലുങ്ക് ചിത്രം ഭഗവന്ത് കേസരിയുടെ റീമേക്കാണ് ജന നായകനെന്ന് തുടക്കം മുതല്‍ റൂമറുകളുണ്ടായിരുന്നു. അതിനെയെല്ലാം ശരിവെക്കുന്ന തരത്തിലായിരുന്നു ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകളും. ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങുമെന്ന് അറിയിച്ചുകൊണ്ട് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ട അപ്‌ഡേറ്റ് സൂചന നല്‍കുന്നുണ്ട്.
വിജയ് ആലപിച്ച ‘ചെല്ല മകളേ’ എന്ന ഗാനത്തിന്റെ പ്രൊമോ ഇന്ന് പുറത്തുവിട്ടിരുന്നു. ഭഗവന്ത് കേസരിയെ ‘ഉയ്യാലയ്യ’ എന്ന ഗാനത്തെപ്പോലെയാണ് ഈ ഗാനവുമെന്ന് ആരാധകര്‍ കണ്ടുപിടിച്ചിരിക്കുകയാണ്. ഇതോടെ ജന നായകനിലുള്ള പ്രതീക്ഷ ആരാധകര്‍ക്ക് കുറയുകയും ചെയ്തു. ചിത്രത്തിന്റെ മറ്റ് അപ്‌ഡേറ്റകളിലും ഭഗവന്ത് കേസരിയുടെ റീമേക്കാണെന്ന സൂചനകളുണ്ടായിരുന്നു.
വിജയ്‌യുടെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവന്ന ഫസ്റ്റ് ഗ്ലിംപ്‌സില്‍ പൊലീസ് വേഷത്തില്‍ വിജയ് പ്രത്യക്ഷപ്പെട്ടതോടെയാണ് സംശയം ബലപ്പെട്ടത്. ആദ്യ ഗാനത്തില്‍ മമിതയുടെ ഗെറ്റപ്പും ഈ സംശയത്തിന് കൂടുതല്‍ ബലം നല്‍കി. ഇപ്പോഴിതാ റീമേക്കാണെന്ന് 90 ശതമാനവും ഉറപ്പായിരിക്കുകയാണ്. വിജയ്‌യുടെ കരിയറിലെ വലിയ ഹിറ്റുകളില്‍ ചിലത് റീമേക്കായിരുന്നു.
വിജയ്‌യെ സൂപ്പര്‍സ്റ്റാര്‍ ലെവലിലേക്ക് ഉയര്‍ത്തിയ ഗില്ലി മഹേഷ് ബാബുവിന്റെ ഒക്കടു എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ഒറിജിനലിനെക്കാള്‍ വലിയ ഹിറ്റായി ഗില്ലി മാറുകയും ഇന്‍ഡസ്ട്രി ഹിറ്റ് നേട്ടം സ്വന്തമാക്കുകയും ചെയ്തു. മഹേഷ് ബാബുവിന്റെ തന്നെ പോക്കിരിയും പിന്നീട് വിജയ് റീമേക്ക് ചെയ്തു. ഒറിജിനലിനെക്കാള്‍ വിജയമായില്ലെങ്കിലും വലിയ ജനപ്രീതിയാണ് പോക്കിരി സ്വന്തമാക്കിയത്.
ഗില്ലിക്ക് ശേഷം ഇന്‍ഡസ്ട്രി ഹിറ്റായി മാറിയ വിജയ് ചിത്രം ലിയോയും റീമേക്കായിരുന്നു. ഹോളിവുഡ് ക്ലാസിക്ക് ഹിസ്റ്ററി ഓഫ് വയലന്‍സിന്റെ റീമേക്കായാണ് ലിയോ ഒരുങ്ങിയത്. ഇപ്പോഴിതാ തന്റെ കരിയറിലെ അവസാന ചിത്രവും റീമേക്കായി മാറിയിരിക്കുകയാണ്. തെലുങ്കില്‍ ശരാശരി വിജയം മാത്രം സ്വന്തമാക്കിയ ഭഗവന്ത് കേസരി എച്ച്. വിനോദ് എങ്ങനെ റീമേക്ക് ചെയ്യുമെന്നാണ് പലരും ഉറ്റുനോക്കുന്നത്. തീരന്‍, സതുരംഗ വേട്ടൈ തുടങ്ങിയ ക്ലാസിക്കുകള്‍ ഒരുക്കിയ എച്ച്. വിനോദ് ദളപതിക്ക് ഗ്രാന്‍ഡ് ഫെയര്‍വെല്‍ തന്നെയാകും തയാറാക്കുക.
Content Highlight: Vijay fans confirms that Jana Nayagan might be the remake of Bhagawanth Kesari