| Wednesday, 11th June 2025, 2:18 pm

ആ മൂന്ന് പേര്‍ക്ക് വേണ്ടി അടിയുണ്ടാക്കാന്‍ വരെ ഞാന്‍ തയ്യാര്‍: വിജയ് ദേവരകൊണ്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയനായ നടനും നിര്‍മാതാവുമാണ് വിജയ് ദേവരകൊണ്ട. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്മാരില്‍ ഒരാളായ അദ്ദേഹം, 2018 മുതല്‍ ഫോര്‍ബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 2011ല്‍ രവി ബാബു സംവിധാനം ചെയ്ത ‘നുവ്വില’യിലൂടെയാണ് വിജയ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അര്‍ജുന്‍ റെഡ്ഡി, മഹാനടി, ഗീത ഗോവിന്ദം, ടാക്‌സിവാല തുടങ്ങിയ ചിത്രത്തിലൂടെ അദ്ദേഹം ശ്രദ്ധനേടി.

ഇപ്പോള്‍ സംവിധായകന്‍ നാഗ് അശ്വിനെ കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട. നാഗ് അശ്വിന്‍ സംവിധാനം ചെയ്ത എല്ലാ സിനിമകളിലും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും താന്‍ അദ്ദേഹത്തിന്റെ ലക്കി ചാം ആണെന്ന് നാഗ് അശ്വിന്‍ വിശ്വസിക്കുന്നുണ്ടെന്നും വിജയ് പറഞ്ഞു.

നാഗ് അശ്വിന്‍, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വംഗ തുടങ്ങിയ മൂന്ന് പേര്‍ക്ക് വേണ്ടി അടിയുണ്ടാക്കാന്‍ വരെ താന്‍ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫിലിം ഫെയര്‍ മാസികയോട് സംസാരിക്കുകയായിരുന്നു വിജയ് ദേവരകൊണ്ട.

‘നാഗ് അശ്വിന്‍ എനിക്ക് ആദ്യത്തെ ബ്രേക്ക് തന്നു. അവന്‍ എന്നോട് ആവശ്യപ്പെടുന്നതെന്തും ഞാന്‍ എപ്പോഴും ചെയ്യും. ഞാന്‍ അവന്റെ ഭാഗ്യമാണെന്ന് അവന്‍ വിശ്വസിക്കുന്നുണ്ട്. അവന്റെ കൂടെ ഒരു ദിവസമെങ്കില്‍ ഒരുദിവസം അഭിനയിക്കാനും ഞാന്‍ തയ്യാറാണ്.

കാരണം അവന്‍ ചെയ്യുന്നതെല്ലാം സൂപ്പര്‍ ഡ്യൂപ്പര്‍ ആയി മാറണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അങ്ങനെ എവിടെയും കാണാത്ത റെയര്‍ ആയിട്ടുള്ള, ഞാന്‍ സ്‌നേഹിക്കുന്ന ആളാണ് അശ്വിന്‍. അവന്‍ ചെയ്ത എല്ലാ സിനിമയിലും ഞാന്‍ അഭിനയിച്ചിട്ടുണ്ട്.

എന്റെ ആദ്യത്തെ മൂന്ന് സംവിധായകരുമായി എനിക്ക് വളരെ അടുപ്പമുണ്ട്. നാഗ് അശ്വിന്‍, തരുണ്‍ ഭാസ്‌കര്‍, സന്ദീപ് റെഡ്ഡി വംഗ. ഇവര്‍ മൂന്ന് പേര്‍ക്ക് വേണ്ടി അടിയുണ്ടാക്കാന്‍ വരെ ഞാന്‍ തയ്യാറാണ്. ഇന്ന് ഞങ്ങള്‍ ആയിരിക്കുന്ന സ്ഥാനത്തിന് വേണ്ടി ഞങ്ങള്‍ ഒന്നിച്ച് പോരാടിയവരാണ്. ആ പോരാട്ടം തന്നെയാണ് ഞങ്ങളെ ഒന്നിപ്പിച്ചത്,’ വിജയ് ദേവരകൊണ്ട പറയുന്നു.

Content Highlight: Vijay Deverakonda Talks About Nag Ashwin

We use cookies to give you the best possible experience. Learn more