| Thursday, 10th July 2025, 12:32 pm

ലിയോനാർഡോ ഡികാപ്രിയോയ്ക്ക് ടൈറ്റാനിക്; എനിക്ക് അർജുൻ റെഡ്ഢി: വിജയ് ദേവരകൊണ്ട

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തെലുങ്ക് സിനിമയിലൂടെ ശ്രദ്ധേയനായ നടനും നിർമാതാവുമാണ് വിജയ് ദേവരകൊണ്ട. ചുരുങ്ങിയ കാലംകൊണ്ടുതന്നെ തെലുങ്ക് സിനിമയിലെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിൽ ഒരാളായ അദ്ദേഹം, 2018 മുതൽ ഫോർബ്‌സ് ഇന്ത്യയുടെ സെലിബ്രിറ്റി 100 പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. 2011ൽ രവി ബാബു സംവിധാനം ചെയ്ത ‘നുവ്വില’യിലൂടെയാണ് വിജയ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് അർജുൻ റെഡ്ഢി, മഹാനടി, ഗീത ഗോവിന്ദം, ടാക്‌സിവാല തുടങ്ങിയ ചിത്രത്തിലൂടെ അദ്ദേഹം ശ്രദ്ധനേടി.

വിജയ് ദേവരകൊണ്ടയുടെ കരിയർ മാറ്റിയ ചിത്രമായിരുന്നു അർജുൻ റെഡ്ഢി. ഇറങ്ങിയ കാലത്ത് ചിത്രം ബമ്പർ ഹിറ്റായിരുന്നുവെങ്കിലും പിന്നീട് അതിലെ വിജയ് അവതരിപ്പിച്ച അർജുൻ റെഡ്ഢി എന്ന കഥാപാത്രം നിരവധി വിമർശങ്ങൾ ഏറ്റുവാങ്ങിയിരുന്നു. ഒരു ടോക്സിക് കഥാപാത്രത്തെ മഹത്വവത്കരിച്ചായിരുന്നു ചിത്രം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയത്.

ഇപ്പോൾ അർജുൻ റെഡ്ഢിയെ കുറിച്ച് സംസാരിക്കുകയാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഡിയെ ആളുകൾ ഇനി മറക്കരുതെന്നും നല്ല സിനിമകൾ ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും വിജയ് ദേവരകൊണ്ട പറയുന്നു. ദി ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അടുത്തിടെ ഞാൻ എന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ പോയി. അവിടെയുള്ളവരെല്ലാം അർജുൻ റെഡ്ഢിയെ മറക്കണം എന്നായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ അവിടെ പോയപ്പോൾ എല്ലാവരും വളരെ സ്നേഹത്തോടെയാണ് ആ കഥാപാത്രത്തെ കുറിച്ച് സംസാരിച്ചത്. അത്രയും സ്നേഹം എനിക്ക് ആളുകളിൽ നിന്ന് ലഭിക്കാൻ കാരണമായ അർജുൻ റെഡ്ഢി എല്ലാവരും മറക്കണമെന്ന് ഞാൻ ആഗ്രഹിച്ചത് എന്തിനാണെന്ന് അപ്പോൾ ഞാൻ ആലോചിച്ചു.

ലിയനാർഡോ ഡികാപ്രിയോ എന്ന പേര് കേൾക്കുമ്പോൾ ആദ്യം മനസിലേക്ക് വരുന്നത് ടൈറ്റാനിക് ആയിരിക്കും. അതിനർത്ഥം അദ്ദേഹം മറ്റ് സിനിമകൾ മികച്ചതായി ചെയ്തില്ല എന്നല്ല. ലിയനാർഡോ ഡികാപ്രിയോ ചെയ്തതിൽ ആളുകളുടെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നത് ആ കഥാപാത്രമാണ്. അർജുൻ റെഡ്ഢിയും എനിക്ക് അതുപോലെയാണ്,’ വിജയ് ദേവരകൊണ്ട പറയുന്നു.

Content highlight: Vijay Deverakonda Talks About Arjun Reddy Movie

We use cookies to give you the best possible experience. Learn more