മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട്’ ആദ്യ ഭാഗം തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നുവെങ്കിലും, രണ്ടാം ഭാഗവും മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ വിജയമായി മാറി.
ജയസൂര്യ നായകനായെത്തിയ ഈ ചിത്രത്തിൽ ഓരോ കഥാപാത്രവും പ്രത്യേകം ശ്രദ്ധിക്കപ്പെട്ട പ്രകടനങ്ങളാണ് കാഴ്ചവെച്ചത്.
അറക്കൽ അബുവായി എത്തിയ സൈജു കുറുപ്പ്, ഡ്യൂഡ് ആയി എത്തിയ വിനായകൻ, ആശാനായി എത്തിയ ഇന്ദ്രൻസ് എന്നിവരുടെ പ്രകടനങ്ങൾ പ്രേക്ഷകരിൽ വലിയ സ്വീകാര്യത നേടി.
ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവും ‘സർബത്ത് ഷമീർ’ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ വിജയ് ബാബു, അറക്കൽ അബു എന്ന കഥാപാത്രം സൈജു കുറുപ്പിലേക്കെത്തിയ കഥ പങ്കുവെക്കുകയാണ്. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റ്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ അനുഭവം തുറന്നു പറഞ്ഞത്.
‘മിഥുനത്തിൽ ഇന്നസെന്റ് നിൽക്കുന്ന പോലെ തന്നെയായിരുന്നു സൈജു കുറുപ്പ് ഒരിക്കൽ എന്റെ മുന്നിൽ വന്നത്. ഞാൻ നടക്കാൻ പോയ വഴിയിൽ ഇങ്ങനെ നിൽക്കുകയും കൈ കാണിച്ച് എന്നെ നിർത്തുകയും ചെയ്തു. ശേഷം, ‘എനിക്ക് നിങ്ങളുടെ സിനിമയിൽ അഭിനയിക്കണം’ എന്ന് പറഞ്ഞു.
ആ സമയത്ത് ‘ആട്’ സിനിമയുടെ സ്ക്രിപ്റ്റ് പൂർത്തിയാക്കി മിഥുനുമായി ചർച്ചകളിൽ ആയിരുന്നു ഞാൻ. ജയസൂര്യ, ഞാൻ, വിനായകൻ എന്നിവർ മാത്രമായിരുന്നു അന്ന് ഉറപ്പായ കാസ്റ്റ് മറ്റ് കഥാപാത്രങ്ങൾ പിന്നീട് തീരുമാനിക്കുകയായിരുന്നു.
‘അറക്കൽ അബു’ എന്ന കഥാപാത്രത്തിന്റെ പൂർണരൂപം അന്ന് എനിക്ക് വ്യക്തമായിരുന്നില്ല. മിഥുനിന്റെ സ്ക്രിപ്റ്റ് ശൈലി അങ്ങനെ തന്നെയാണ് അവൻ ഒരിക്കലും എല്ലാം ഒരുമിച്ച് എഴുതാറില്ല. ഈ കഥാപാത്രത്തിന് നല്ല ഉയരവും ഒരു വില്ലൻ ലുക്കും വേണമെന്നായിരുന്നു എന്റെ ധാരണ.
ആളുകൾക്ക് ആദ്യം കാണുമ്പോൾ ഒരു ക്രൂരത തോന്നിക്കുകയും, പിന്നീട് അതേ കഥാപാത്രം ഏറ്റവും പാവമാണെന്ന് തോന്നിക്കുകയും വേണം.
സൈജുവിനെ എനിക്ക് വ്യക്തിപരമായി അറിയാം. കണ്ടാൽ ഉയരവും രൂപവും കൊണ്ട് ശക്തമായൊരു ഇംപ്രഷൻ ഉണ്ടെങ്കിലും, ഉള്ളിൽ വളരെ പാവവും ശുദ്ധനുമായ ആളാണ്
അതുകൊണ്ടാണ് ഞാൻ മിഥുനോട് ‘അറക്കൽ അബു’ എന്ന കഥാപാത്രം സൈജു കുറുപ്പിന് കൊടുക്കാമെന്ന് നിർദ്ദേശിച്ചത്. എന്നാൽ മിഥുൻ ആദ്യം സമ്മതിച്ചില്ല. ‘അയാൾക്ക് അഭിനയിക്കാൻ അറിയില്ല, ഇത് ശരിയാവില്ല’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം,’ വിജയ് ബാബു പറഞ്ഞു.
തൻ അപ്പോൾ ‘അങ്ങനെ പറയല്ലേ, നമുക്ക് ഒന്ന് ട്രൈ ചെയ്ത് നോക്കാമല്ലോ’ എന്ന് ആവശ്യപ്പെട്ടെന്നും തുടക്കത്തിൽ അദ്ദേഹം അതിന് സമ്മതിച്ചില്ലെങ്കിലും, കുറച്ച് സമയം കഴിഞ്ഞ് മിഥുൻ തന്നെ ‘ശരി, നമുക്ക് ഒന്ന് പരീക്ഷിച്ച് നോക്കാം’ എന്ന് പറയുകയും ചെയ്‌തെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: vijay babu talk about the character of arakkal abu in the movie aadu
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.