ആട് ഫ്രാഞ്ചൈസിലേക്ക് പടക്കളത്തിലെ രഞ്ജിത്ത് സാറിനെ കൊണ്ട് വരണം; അത് നടക്കാത്തതിൽ അവനും സങ്കടമുണ്ട്: വിജയ് ബാബു
Malayalam Cinema
ആട് ഫ്രാഞ്ചൈസിലേക്ക് പടക്കളത്തിലെ രഞ്ജിത്ത് സാറിനെ കൊണ്ട് വരണം; അത് നടക്കാത്തതിൽ അവനും സങ്കടമുണ്ട്: വിജയ് ബാബു
നന്ദന എം.സി
Tuesday, 24th March 2026, 9:27 am

വലിയൊരു പരാജയത്തിൽ നിന്ന് വമ്പൻ ഹിറ്റായി മാറിയ ചിത്രമാണ് ആട്. ആദ്യ ഭാഗം തിയേറ്ററുകളിൽ പരാജയപ്പെട്ടെങ്കിലും രണ്ടാം ഭാഗവും മൂന്നാം ഭാഗവും മികച്ച വിജയമാണ് സ്വന്തമാക്കിയത്. ‘കാലം തെറ്റിയിറങ്ങിയ സിനിമ’ എന്ന വിശേഷണമാണ് ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രത്തിന് മലയാളികൾ നൽകിയിരുന്നത്.

ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസിൽ ഇടം നേടി. ഡ്യൂഡായി എത്തിയ വിനായകനും, പാപ്പനായി എത്തിയ ജയസൂര്യയും, ചാത്തൻ സേവ്യറായി എത്തിയ സണ്ണി വെയ്‌നും ഉൾപ്പെടെ എല്ലാ കഥാപാത്രങ്ങളും ഏറെ പ്രിയപ്പെട്ടവയായി മാറി.

ആട്, Photo: IMDb

ഇപ്പോൾ ചിത്രത്തിന്റെ നിർമാതാവും നടനുമായ വിജയ് ബാബു പറയുന്നത്, തന്റെ ഈ ഫ്രാഞ്ചൈസിലേക്ക് ഒരു പുതിയ കഥാപാത്രത്തെ കൊണ്ടുവരാനുണ്ടെങ്കിൽ അത് ഷറഫുദ്ദീൻ ആയിരിക്കുമെന്നാണ്. എല്ലാ ഭാഗങ്ങളിലും അദ്ദേഹത്തെ ഉൾപ്പെടുത്താൻ ശ്രമിച്ചിരുന്നുവെങ്കിലും അത് സാധ്യമായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ക്ലബ് എഫ്‌.എമ്മിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വിജയ് ബാബു.

‘ഷറഫുദ്ദീനെ ആടിൽ കൊണ്ടുവരണമെന്നുണ്ടായിരുന്നു. ഞങ്ങൾക്ക് ഒരു യൂണിവേഴ്‌സ് ഉണ്ടാകുകയാണെങ്കിൽ പടക്കളത്തിൽ രഞ്ജിത്ത് സാറിനെയും ഉൾപ്പെടുത്താൻ കഴിയും. ആട് വൺ സമയത്ത് ഷറഫിന് ഒരു റോളിനെ കുറിച്ച് പറഞ്ഞിരുന്നു, പക്ഷേ അത് പിന്നീട് മാറിപ്പോയി. ആട് ടൂവിലും അതേ കാര്യമാണ് പറഞ്ഞത്, എന്നാൽ അതും നടക്കാതെ പോയി.

പടക്കളം, Photo: JioHotstar

ഇത് വളരെ വിഷമത്തോടെ പടക്കളത്തിന്റെ സമയത്ത് ഷറഫു എന്നോട് പറഞ്ഞിരുന്നു. ആട് ത്രീയിലും ഞങ്ങൾ പ്ലാൻ ചെയ്തിരുന്നുവെങ്കിലും അത് നടപ്പായില്ല. എങ്കിലും, ഷറഫുദ്ദീനിനെ ഈ ഫ്രാഞ്ചൈസിലേക്ക് ഒരു പ്രധാന കഥാപാത്രമായി കൊണ്ടുവരണമെന്നതാണ് ഇപ്പോഴും ആഗ്രഹം,’ വിജയ് ബാബു പറഞ്ഞു.

മിഥുൻ മാനുവൽ തോമസ് രചിച്ച് സംവിധാനം ചെയ്ത ‘ആട് 3 പാർട്ട് 1; വൺ ലാസ്റ്റ് റൈഡ്’ എന്ന ബിഗ് ബഡ്ജറ്റ് എപിക് ഫാൻ്റസി ചിത്രം തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.

മികച്ച കളക്ഷനാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഇതുവരെ ആഗോളതലത്തിൽ 82 കൂടിയോളമാണ് ചിത്രം നേടിയത്. വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈഡേ ഫിലിം ഹൗസ്, ശ്രീ വേണു കുന്നപ്പിള്ളി നേതൃത്വം നൽകുന്ന കാവ്യാ ഫിലിം കമ്പനി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നായാണ് ആട് 3 പ്രേക്ഷകരുടെ മുന്നിൽ എത്തിയിരിക്കുന്നത്.

Content Highlight: Vijay babu talk about Sharaf U Dheen

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.