100 കോടി കളക്ഷൻ കിട്ടിയാൽ പ്രൊഡ്യൂസർക്ക് ഇത്രമാത്രമാണ് കിട്ടുക: വിജയ് ബാബു
Malayalam Cinema
100 കോടി കളക്ഷൻ കിട്ടിയാൽ പ്രൊഡ്യൂസർക്ക് ഇത്രമാത്രമാണ് കിട്ടുക: വിജയ് ബാബു
നന്ദന എം.സി
Saturday, 4th April 2026, 4:46 pm

മലയാള സിനിമയിൽ ഇന്നത്തെ സാഹചര്യത്തിൽ ബോക്സ് ഓഫീസ് കളക്ഷനുകൾ വൻതോതിൽ ഉയർന്നിരിക്കുകയാണ്. 100 കോടി ക്ലബ്ബിൽ ഇടം നേടാത്ത സിനിമകൾ വളരെ കുറവാണെന്ന് പറയാം.

മലയാള സിനിമയുടെ നിലവാരം ഉയർന്നുവെന്നതിന് ഇതു തന്നെ വലിയ തെളിവാണ്. എന്നാൽ, ഇത്തരം വലിയ കളക്ഷനുകൾ വന്നാലും നിർമാതാവിന് യഥാർത്ഥത്തിൽ എത്രയാണ് ലഭിക്കുന്നത് എന്നത് പലർക്കും കൗതുകമുണർത്തുന്ന വിഷയമാണ്.

ആട്, Photo: IMDb

ഈ കാര്യത്തിൽ നിർമാതാവും നടനുമായ വിജയ് ബാബു ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുകയാണ്. ജിഞ്ചർ മീഡിയ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് വിശദീകരിച്ചത്.

ആഗോളതലത്തിൽ 200 കോടി ഗ്രോസ് എന്നത് ഒരു പൊതുവായ പ്രസ്താവന മാത്രമാണെന്നും, അതിന് പിന്നിലെ യാഥാർത്ഥ്യം വ്യത്യസ്തമാണെന്നും അദ്ദേഹം പറയുന്നു.

‘കേരളത്തിലെ ബോക്സ് ഓഫീസ് ഘടന ഓരോ ആഴ്ചയും മാറുന്ന ഒന്നാണ്. അതുപോലെ തന്നെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും, വിദേശ വിപണികളിലും കളക്ഷൻ പങ്കിടൽ വ്യത്യാസപ്പെട്ടിരിക്കും.

വിദേശത്ത് ടിക്കറ്റ് നിരക്ക് കൂടുതലായതിനാൽ, ഉദാഹരണത്തിന് 20 പൗണ്ട് വിലയുള്ള ടിക്കറ്റ് ഏകദേശം 2000 രൂപയായിരിക്കും. അതിനാൽ തന്നെ ആഗോള ഗ്രോസ് കണക്കിൽ 200 കോടി എന്നത് എളുപ്പത്തിൽ കൈവരിക്കാനാകുന്ന സംഖ്യയാണ്,’ വിജയ് ബാബു പറഞ്ഞു.

കേരളത്തിൽ ഒരു സിനിമ 100 കോടി രൂപ കളക്ഷൻ നേടിയാൽ, അതിൽ ഏകദേശം 47.5 ശതമാനം പ്രൊഡ്യൂസർ ഷെയറായി കണക്കാക്കാം. അങ്ങനെ നോക്കുമ്പോൾ 45 കോടി രൂപയോളം നിർമാതാവിന് ലഭിക്കും. എന്നാൽ അതിൽ നിന്ന് ടാക്സ്, വിതരണക്കാരുടെ പങ്ക് തുടങ്ങിയവ കുറച്ചാൽ, നിർമാതാവിന് ലഭിക്കുന്നത് പകുതിയിലും താഴെയായിരിക്കും സമീപം 40 കോടിയോളം.

ഇതിനൊപ്പം, അന്താരാഷ്ട്ര വിപണിയിൽ നിന്ന് ലഭിക്കുന്ന വിഹിതം ഏകദേശം 20 ശതമാനം മാത്രമാണ്. സാധാരണയായി എ ക്ലാസ് അല്ലെങ്കിൽ എ പ്ലസ് ചിത്രങ്ങളാണ് വിദേശ റിലീസിന് എത്തുന്നത്, അതും പരിമിതമായ ചില പ്രദേശങ്ങളിലേക്കാണ്, കൂടുതലായി മിഡിൽ ഈസ്റ്റ് വിപണിയിലേക്ക്. എല്ലാ റീജിയണിലും സിനിമകൾ റിലീസാവില്ല.

മാക്സിമം മിഡിൽ ഈസ്റ്റ് വരെയുള്ളൂ. പക്ഷേ മാർക്കറ്റിങ്ങിന് വേണ്ടിയാണ് വേൾഡ് വൈഡ് ഗ്രോസ് എന്ന് പറയുന്നത്. അത് ഫേയ്ക്ക് ഫിഗർ എന്നാണ് ഞാൻ പറയുന്നത്. ഇത്രയും പേർ സിനിമ സ്വീകരിച്ചു എന്ന് കാണിക്കാൻ വേറെ വഴിയില്ലല്ലോ,’ വിജയ് ബാബു കൂട്ടിച്ചേർത്തു.

Content Highlight: Vijay babu talk about movie collections

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.