| Sunday, 10th May 2026, 4:13 pm

ഇന്ന് അവള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയി, നാളെ വല്ല ലോഡ്ജിലും പോയാല്‍... മുജീബ് സാറിന് കിട്ടിയ അടി കുറഞ്ഞുപോയെന്ന് സോഷ്യല്‍ മീഡിയ

അമര്‍നാഥ് എം.

ഇന്നത്തെ ചുറ്റുപ്പാടില്‍ കേരളത്തിലെ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കൃത്യമായി വരച്ചുകാട്ടിയ ചിത്രമാണ് വാഴ 2. മയക്കുമരുന്നിന് അടിമകളാകുന്ന, എല്ലാത്തിനും അടികൂടുന്ന യുവാക്കള്‍ അതിലേക്ക് എങ്ങനെയെത്തുന്നു, നാട്ടില്‍ അപമാനം നേരിടുന്ന യുവാക്കളുടെ അവസ്ഥ, സൗഹൃദം, സാഹോദര്യം എന്നിവയെല്ലാം കൃത്യമായി വരച്ചിട്ട വാഴ 2 ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി മാറുകയും ചെയ്തു.

വലിയ സ്റ്റാര്‍ കാസ്റ്റുകളൊന്നുമില്ലാതെ വന്ന് ഇന്‍ഡസ്ട്രി ഹിറ്റാകാനും ചിത്രത്തിന് സാധിച്ചു. കഴിഞ്ഞദിവസം വാഴ 2 ഒ.ടി.ടിയിലെത്തിയിരുന്നു. ജിയോ ഹോട്‌സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. തിയേറ്ററിലെ സ്വീകാര്യത ഒ.ടി.ടിയിലും ആവര്‍ത്തിക്കാന്‍ ചിത്രത്തിന് സാധിക്കുന്നുണ്ട്. ഒ.ടി.ടിയിലെത്തിയതോടെ ഒരു സീനുകളെയും കഥാപാത്രത്തെയും കുറിച്ച് വലിയ ചര്‍ച്ചയാണ് സോഷ്യല്‍ മീഡിയയില്‍ അരങ്ങേറുന്നത്.

വിജയ് ബാബു Photo: Screen grab/ Think Music India

വിജയ് ബാബു അവതരിപ്പിച്ച മുജീബ് സാര്‍ എന്ന കഥാപാത്രമാണ് പല പേജുകളിലെയും ചര്‍ച്ച. എല്ലാ വിദ്യാര്‍ത്ഥികളും ഒരുപോലെ വെറുക്കുന്ന, കുട്ടികളെ തല്ലിയാല്‍ മാത്രമേ നന്നാകൂ എന്ന് ചിന്തിക്കുന്ന ഒരുപാട് അധ്യാപകരുടെ പ്രതിനിധിയാണ് മുജീബ് സാര്‍. വിജയ് ബാബു ഗംഭീരമായി തന്നെ ഈ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തില്‍ ഹാഷിറും അലനും മുജീബ് സാറിനെ തല്ലുന്ന സീന്‍ പല പേജുകളിലും ചര്‍ച്ചയായി.

ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയ അലന്റെ സഹോദരി അശ്‌നയെ ഓഫീസ് റൂമില്‍ എല്ലാവരുടെയും മുന്നിലിട്ട് മുജീബ് സാര്‍ അപമാനിക്കുന്നതായാണ് സീനില്‍ കാണിക്കുന്നത്. കുട്ടികളെ അവര്‍ ചെയ്ത തെറ്റ് എന്താണെന്ന് പറഞ്ഞ് മനസിലാക്കി അവരെ തിരുത്താതെ കുറ്റപ്പെടുത്തുന്ന ടിപ്പിക്കല്‍ അധ്യാപകനെ പോലെയുള്ള മുജീബ് സാറിന്റെ പെരുമാറ്റം എല്ലാവരെയും ദേഷ്യം പിടിപ്പിക്കുന്നുണ്ട്. മുജീബ് സാറിനെപ്പോലെ ചില ടീച്ചര്‍മാരും പെണ്‍കുട്ടികളെ കുറ്റപ്പെടുത്തുന്നതായി സിനിമയില്‍ കാണിക്കുന്നുണ്ട്.

വാഴ 2 Photo: Jio Hotstar

‘യൂണിഫോമും ബാഗും കൊടുത്ത് വിട്ടാല്‍ മതിയല്ലോ, മക്കള്‍ ആരുടെ കൂടെയൊക്കെ പോകുന്നു, എന്തിന് പോകുന്നു എന്നൊന്നും നിങ്ങള്‍ക്ക് അന്വേഷിക്കണ്ട. ഇന്ന് അവള്‍ ക്ലാസ് കട്ട് ചെയ്ത് സിനിമക്ക് പോയി. നാളെ ആരുടെയെങ്കിലും കൂടെ വല്ല ലോഡ്ജിലും പോയാല്‍’ എന്ന ഡയലോഗ് പറയുമ്പോള്‍ അലനും ഹാഷിറും മുജീബ് സാറിനെ തല്ലുന്ന സീനാണ് കാണുന്നത്.

കുട്ടികളെ മനസിലാക്കാതെ അവരെ തേജോവധം ചെയ്ത് അവര്‍ക്ക് ലൈഫ്‌ടൈം ട്രോമ സമ്മാനിക്കുന്ന ഇത്തരം അധ്യാപകരെ തല്ലുന്നതില്‍ തെറ്റില്ലെന്നും മുജീബ് എന്ന കഥാപാത്രത്തിന് കൊടുത്ത തല്ല് കുറഞ്ഞുപോയെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. എന്നാല്‍ ഈ സിനിമയും സീനും ഒരിക്കലും അധ്യാപകരെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കമന്റുകളുണ്ട്.

വാഴ 2 Photo: Jio Hotstar

സദാചാര മനസോടെ കുട്ടികളെ ടോര്‍ച്ചര്‍ ചെയ്ത് അതില്‍ നിന്ന് ആനന്ദം കണ്ടെത്തുന്ന മുജീബ് സാറിനെപ്പോലുള്ളവര്‍ ഇന്ന് എല്ലാ സ്‌കൂളിലുമുണ്ട്. അവര്‍ക്കുള്ള അടിയാണ് വാഴ 2ലെ ഇത്തരം സീനുകളും സംഭാഷണങ്ങളും.

Content Highlight: Vijay Babu’s scene in Vaazha 2 discussing after OTT release

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more