നയന്‍താര വന്ന് പണം തന്നിട്ട് പറഞ്ഞു, ക്വാളിറ്റിയില്‍ കോപ്രമൈസ് ചെയ്യരുതെന്ന്: വിഘ്‌നേഷ് ശിവന്‍
Indian Cinema
നയന്‍താര വന്ന് പണം തന്നിട്ട് പറഞ്ഞു, ക്വാളിറ്റിയില്‍ കോപ്രമൈസ് ചെയ്യരുതെന്ന്: വിഘ്‌നേഷ് ശിവന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 15th April 2026, 12:04 pm

നാനും റൗഡി താന്‍ എന്ന ചിത്രത്തിലൂടെ തമിഴില്‍ തന്റെതായ സ്ഥാനം കണ്ടെത്തിയ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. വിജയ് സേതുപതിയും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ വിഘ്‌നേഷ് നയന്‍താരയുമായി പ്രണയത്തിലായതും പിന്നീട് ഇരുവരും വിവാഹിതരായതുമെല്ലാം ദക്ഷിണേന്ത്യയില്‍ വലിയ വാര്‍ത്തയായിരുന്നു. തമിഴ് സിനിമാ മേഖലയില്‍ ഏറെ ആരാധകരുള്ള താരദമ്പതികളാണ് ഇരുവരും.

കാത്തുവാക്കുല രണ്ട് കാതല്‍ എന്ന ചിത്രത്തിന് ശേഷം വിഘ്‌നേഷ് ശിവന്‍ സംവിധാനം ചെയ്ത പുതിയ ചിത്രമായ ലവ് ഇന്‍ഷുറന്‍സ് കമ്പനിയുടെ നിര്‍മാതാക്കളില്‍ ഒരാള്‍ നയന്‍താരയായിരുന്നു. തമിഴ്‌നാട്ടില്‍ തിളങ്ങി നില്‍ക്കുന്ന പ്രദീപ് രംഗനാഥനെ നായകനാക്കി ഒരുക്കിയ ചിത്രം ഏപ്രില്‍ പത്തിനാണ് തിയേറ്ററുകളിലേക്കെത്തിയിരുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് മിശ്ര പ്രതികരണങ്ങളാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചിരുന്നത്.

നയന്‍താരയും വിഘ്‌നേഷ് ശിവനും. Photo: TOI

ആദ്യദിനങ്ങളില്‍ ചിത്രത്തിനെതിരായി സമൂഹമാധ്യമങ്ങളില്‍ നെഗറ്റീവ് റിവ്യൂ വന്നതോടെ കഴിഞ്ഞ ദിവസങ്ങളില്‍ കളക്ഷനില്‍ ഇടിവ് സംഭവിച്ചിരുന്നു. ഇപ്പോഴിതാ 2040കളില്‍ സെറ്റ് ചെയതിരിക്കുന്ന ചിത്രം ഷൂട്ട് ചെയ്യുമ്പോള്‍ ബഡ്ജറ്റില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ചും അത് തരണം ചെയ്യാന്‍ നയന്‍താര സഹായിച്ചതിനെക്കുറിച്ചും വിഘ്‌നേഷ് ശിവന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്.

‘ആരംഭഘട്ടത്തില്‍ മറ്റൊരു പ്രൊഡക്ഷന്‍ കമ്പനിയുമായിട്ടായിരുന്നു ലവ് ഇന്‍ഷുറന്‍സ് കമ്പനി (ലൈക്ക്) ചെയ്യാന്‍ ഞങ്ങള്‍ കരാറിലെത്തിയിരുന്നത്. എന്നാല്‍ പത്ത് മാസത്തോളമായിട്ടും ഇതിന്റെ വര്‍ക്കുകളൊന്നും നടന്നില്ല. അതിന് ശേഷമാണ് 7 സ്‌ക്രീന്‍ പ്രൊജക്ടിലേക്ക് വരുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂളിന് ശേഷം ഒ.ടി.ടി. മാര്‍ക്കറ്റില്‍ കാര്യമായ ഇടിവ് സംഭവിച്ചു. തുടക്കത്തില്‍ 210 കോടിയോളമായിരുന്നു ബഡ്ജറ്റ് പ്രതീക്ഷിച്ചിരുന്നത്. പിന്നീട് 150 ആയും 100 ആയും വെട്ടിച്ചുരുക്കി.

ഒരു ഘട്ടത്തില്‍ നിര്‍മാതാവായ ലളിത് സാറിന് പണം കണ്ടെത്താന്‍ സാധിക്കാതെ വന്നു. അപ്പോഴാണ് നയന്‍താര രംഗത്തെത്തിയത്. അവരുടെ സ്വന്തം പണമായിരുന്നു ചിത്രത്തില്‍ നിക്ഷേപിച്ചത്. മൂക്കുത്തി അമ്മന്‍ എന്ന ചിത്രത്തിന് അഡ്വാന്‍സ് ആയി ലഭിച്ചതായിരുന്നു അത്. ചിത്രത്തിന്റെ ക്വാളിറ്റിയില്‍ കോംപ്രെമൈസ് ചെയ്യരുതെന്നും എനിക്ക് ഇഷ്ടപ്പെട്ടത് ചെയ്യണമെന്നുമായിരുന്നു നയന്‍താര പറഞ്ഞത്. ഇത്തരത്തില്‍ എല്ലാവരും ചിത്രത്തിനായി സഹായിച്ചിട്ടുണ്ട്,’ വിഘ്‌നേഷ് ശിവന്‍ പറഞ്ഞു.

പ്രദീപ് രംഗനാഥന്‍. Photo: X.com

ഡ്യൂഡ് എന്ന ഹിറ്റ് ചിത്രത്തിനുശേഷം പ്രദീപ് രംഗനാഥന്‍ നായകനായെത്തുന്ന ചിത്രത്തില്‍ കൃതി ഷെട്ടി, എസ്.ജെ.സൂര്യ, യോഗി ബാബു, ഗൗരി.ജി.കിഷന്‍ തുടങ്ങിയവരു പ്രധാനവേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ഗാനങ്ങളെല്ലാം ഇതിനോടകം വൈറലായിരുന്നു.

Content Highlight: Vignesh Shivan Talks about how Nayantara helped him in Love insurance Kompany

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.