'കഥ പറയുമ്പോള്‍' ടച്ച്; അനിരുദ്ധിനൊപ്പമുള്ള വൈകാരിക അനുഭവം പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍
Indian Cinema
'കഥ പറയുമ്പോള്‍' ടച്ച്; അനിരുദ്ധിനൊപ്പമുള്ള വൈകാരിക അനുഭവം പങ്കുവെച്ച് വിഘ്‌നേഷ് ശിവന്‍
അശ്വിന്‍ രാജേന്ദ്രന്‍
Wednesday, 8th April 2026, 7:52 pm

തമിഴില്‍ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ സംവിധായകനാണ് വിഘ്‌നേഷ് ശിവന്‍. 2015 ല്‍ വിജയ് സേതുപതിയെയും നയന്‍താരയെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ നാനും റൗഡി താന്‍ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധായകനെന്ന നിലയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. പ്രദീപ് രംഗനാഥനെ നായകനാക്കി ഏപ്രില്‍ 10 ന് റിലീസ് ചെയ്യുന്ന ലൗ ഇന്‍ഷുറന്‍സ് കമ്പിനി അഥവാ ലൈക്ക് ആണ് സംവിധായകന്റെ പുതിയ ചിത്രം.

വിഘ്‌നേഷും നയന്‍താരയും. Photo: TOI

ചിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ഇവന്റിനിടയില്‍ തമിഴിലെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറിനെക്കുറിച്ച് വിഘ്‌നേഷ് ശിവന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. നാനും റൗഡി താന്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് നടന്ന സംഭവത്തെക്കുറിച്ചാണ് സംവിധായകന്‍ അനുഭവം പങ്കുവെച്ചത്.

‘നാനും റൗഡി താന്‍ പോണ്ടിച്ചേരിയില്‍ വെച്ച് ഷൂട്ടി ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം. എന്നാല്‍ പോണ്ടിച്ചേരി വരെ പോയി താമസിച്ച് ചിത്രത്തിനായി തയ്യാറെടുപ്പ് നടത്താന്‍ എന്റെ കൈയില്‍ പണമില്ലായിരുന്നു. പോകുന്ന കാര്യം ഞാന്‍ അനിയോട് പറഞ്ഞിരുന്നു. അവിടെ പോയി കുറച്ച് ദിവസം നിന്ന് സിനിമയ്ക്ക് വേണ്ടി പ്രിപെയര്‍ ചെയ്യണമെന്നെല്ലാം പറഞ്ഞ് യാത്ര ചേദിച്ചിറങ്ങി. പോണ്ടിച്ചേരിക്ക് പോകാനായി ബസില്‍ കയറി.

ബസില്‍ ഇരിക്കവെ എനിക്ക് അനിയുടെ ഒരു മെസേജ് ലഭിച്ചു. വിക്കി നിന്റെ ബാഗിനകത്ത് ഞാനൊരു അമ്പതിനായിരം രൂപ വെച്ചിട്ടുണ്ടെന്നാണ് അനി പറഞ്ഞത്. ഞാനറിയാതെ ബാഗില്‍ അനിരുദ്ധ് പണം വെച്ചിട്ടുണ്ടായിരുന്നു. ബസില്‍ പോകവെ ഞാനിരുന്ന സീറ്റിന്റെ സൈഡിലെ കമ്പി മൊത്തം കണ്ണിര്‍ കാരണം നനഞ്ഞിട്ടുണ്ടായിരുന്നു. ആ നിമിഷം ജീവിതത്തില്‍ ഒരിക്കലും എനിക്ക് മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ മ്യൂസിക്ക് മാത്രമല്ല. ഒരു വ്യക്തി എന്ന നിലയില്‍ അനി എനിക്ക് ലഭിച്ച ഒരു ഗിഫ്റ്റ് ആണ്. ഒരുപാട് താരങ്ങളുടെയും വലിയ വലിയ സംവിധായകരുടെയും ഒപ്പം വര്‍ക്ക് ചെയ്യണമെന്നത് അനിരുദ്ധിന്റെ സ്വപ്‌നമാണെന്നിരിക്കെ അദ്ദേഹത്തെ എന്റെ സിനിമയിലേക്ക് എപ്പോഴും ലഭിക്കുന്നു,’വിഘ്‌നേഷ് പറഞ്ഞു.

ലൗ ഇന്‍ഷുറന്‍സ് കമ്പിനി. Photo: X.com

പ്രദീപ് രംഗനാഥനും കൃതി ഷെട്ടിയും പ്രധാനവേഷത്തിലെത്തുന്ന ലൈക്കില്‍ അനിരുദ്ധ് സംഗീത സംവിധാനം നിര്‍വഹിച്ച് പുറത്തിറക്കിയ ഗാനങ്ങള്‍ വലിയ രീതിയില്‍ വൈറലായിരുന്നു. നയന്‍താര നിര്‍മിക്കുന്ന ചിത്രത്തില്‍ എസ്.ജെ. സൂര്യ, യോഗി ബാബു, ഗൗരി.ജി. കിഷന്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Vignesh Shivan shares his memory about how Anirudh ravichander helped in early stages of his career

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.