ആദ്യ സിനിമ കൊണ്ട് തന്നെ തമിഴ് ഇന്‍ഡസ്ട്രിയില്‍ സ്വയം അടയാളപ്പെടുത്തിയ സംവിധായകനാണ് വിഘ്‌നേശ് രാജ. ക്രൈം ത്രില്ലര്‍ ഴോണറിലൊരുക്കിയ പോര്‍ തൊഴില്‍ വന്‍ വിജയമായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം വിഘ്‌നേശ് തന്റെ അടുത്ത പ്രൊജക്ടുമായി എത്തുകയാണ്. ധനുഷിനെ നായകനാക്കി ഒരുക്കുന്ന കര റിലീസിന് തയാറെടുക്കുകയാണ്.
ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയുള്ള ചിത്രങ്ങളിലൊന്നാണ് കര. മലയാളികളുടെ സ്വന്തം മമിത ബൈജുവാണ് ചിത്രത്തിലെ നായിക. ധനുഷിന്റെ ഭാര്യയായ സെല്ലി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ തന്നെ മമിത പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. പിന്നാലെയെത്തിയ ആദ്യഗാനത്തില്‍ ധനുഷ്- മമിത കെമിസ്ട്രി പലരുടെയും ശ്രദ്ധയാകര്‍ഷിച്ചു.
ഇപ്പോഴിതാ മമിതയെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് വിഘ്‌നേശ് രാജ. തമിഴില്‍ കഴിവുള്ള ഒരുപാട് താരങ്ങളുണ്ടായിട്ടും മറ്റ് ഭാഷയിലെ നടിമാരെ കളര്‍ ടോണ്‍ മാറ്റി അവതരിപ്പിക്കുന്നത് എന്തിനാണെന്ന തരത്തില്‍ പലരും തന്നോട് ചോദ്യങ്ങള്‍ ചോദിക്കാറുണ്ടായിരുന്നെന്ന് വിഘ്‌നേശ് പറഞ്ഞു. ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘പലരും എനിക്ക് മെസ്സേജയച്ച് ചോദിക്കാറുണ്ട്, തമിഴിലെ ആര്‍ട്ടിസ്റ്റുകളെ എന്തുകൊണ്ട് പരിഗണിക്കുന്നില്ല, മറ്റ് ഭാഷയിലുള്ള നടിമാരെ കൊണ്ടുവന്ന് കളര്‍ ടോണ്‍ കുറച്ചിട്ട് അഭിനിയിപ്പിക്കുന്നതിന്റെ ആവശ്യമെന്താണ് എന്നാണ് ചോദ്യങ്ങള്‍. എന്നാല്‍ അത്തരം ചോദ്യങ്ങളോട് എനിക്ക് പറയാനുള്ളത് ഇത്രയേ ഉള്ളൂ. ഒരു കഥാപാത്രത്തിലേക്ക് ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കുമ്പോള്‍ പ്രധാനമായും രണ്ട് കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്.
വിഘ്‌നേശ് രാജ Photo: Screen grab/ Galatta Plus
അതില്‍ ആദ്യത്തേത്, ആ കഥാപാത്രം ചെയ്തു ഫലിപ്പിക്കാന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റിനെ തെരഞ്ഞെടുക്കുക, രണ്ടാമത്തേത് സിനിമയുടെ മാര്‍ക്കറ്റിങ് ആസ്‌പെക്ടാണ്. ആ സിനിമക്ക് റീച്ചുണ്ടാക്കാന്‍ സഹായിക്കുന്നത് ആരാണോ അവരെ തെരഞ്ഞെടുക്കുക. സത്യസന്ധമായി പറഞ്ഞാല്‍ രണ്ടാമത്തെ പോയിന്റിന് ഞാന്‍ പ്രാധാന്യം നല്‍കാറില്ല. എന്നെ സംബന്ധിച്ച് കണ്ടന്റിനാണ് പ്രാധാന്യം.
ആ കണ്ടന്റിനോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ആര്‍ട്ടിസ്റ്റുകളെ തെരഞ്ഞെടുക്കാന്‍ മാത്രമേ ശ്രദ്ധിക്കാറുള്ളൂ. അതിലൂടെ സിനിമ ഗംഭീരമാകുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. 20- 25 ആര്‍ട്ടിസ്റ്റുകളെ ഓഡിഷന്‍ ചെയ്തിട്ടാണ് ഒടുവില്‍ മമിതയിലേക്കെത്തിയത്. അവര്‍ ആ കഥാപാത്രം ഗംഭീരമായി തന്നെ ചെയ്തിട്ടുണ്ട്. ഷൂട്ട് ആരംഭിച്ച് ആദ്യത്തെ രണ്ട് ദിവസം കൊണ്ട് അവര്‍ കഥാപാത്രത്തിലേക്ക് ഇന്‍ ആയി. രാമനാഥപുരത്തെ സാധാരണ പെണ്‍കുട്ടിയായ സെല്ലിയെ മമിത ഗംഭീരമാക്കിയിട്ടുണ്ട്,’ വിഘ്‌നേശ് രാജ പറയുന്നു.
വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. കെ.എസ്. രവികുമാര്‍, സുരാജ് വെഞ്ഞാറമൂട്, ജയറാം, ശ്രീജ രവി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഏപ്രില്‍ 30ന് കര തിയേറ്ററുകളിലെത്തും.
Content Highlight: Vignesh Raja explains why he cast Mamitha Baiju in Kara Movie