| Sunday, 2nd November 2025, 8:05 am

കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയത് അതിദരിദ്രരുടെ 44 മാസത്തെ ഭക്ഷണക്കൂപ്പണ്‍; അന്വേഷണം വിജിലന്‍സിന്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: അതിദരിദ്രര്‍ക്കുള്ള ഭക്ഷണക്കൂപ്പണ്‍ തട്ടിയെടുത്തെന്ന പരാതി വിജിലന്‍സ് അന്വേഷിക്കും. കോണ്‍ഗ്രസ് കൗണ്‍സിലര്‍ സാജുവിനെതിരായ പരാതിയാണ് വിജിലന്‍സ് അന്വേഷിക്കുക. പ്രാഥമികാന്വേഷണത്തിന് ശേഷം എഫ്.ഐ.ആര്‍ ഇടും.

ജനപ്രതിനിധി പൊതുമുതല്‍ അപഹരിച്ച കേസായതിനാലാണ് ഇത് വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ വരുന്നത്.

അതിദാരിദ്ര്യനിര്‍മാര്‍ജന പദ്ധതിയുടെ ഭാഗമായുളള 44 മാസത്തെ ഭക്ഷ്യക്കിറ്റ് കൂപ്പണ്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ തട്ടിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പരാതിക്കാരനായ ഗുണഭോക്താവിന്റെ മൊഴിയെടുത്തിട്ടുണ്ട്.

ചേര്‍ത്തല നഗരസഭ ഇരുപത്തിയഞ്ചാം വാര്‍ഡിലെ കൗണ്‍സിലറാണ് എം.എം. സാജു. ഇയാള്‍ക്കെതിരെ സി.വി. ആനന്ദകുമാര്‍ എന്ന ഗുണഭോക്താവാണ് പരാതി നല്‍കിയത്.

സിവില്‍ സപ്ലൈക്കോ ഡിപ്പോയില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ വാങ്ങാന്‍ എല്ലാ മാസവും 500 രൂപയുടെ കൂപ്പണായിരുന്നു അതിദരിദ്ര വിഭാഗത്തില്‍പ്പെട്ട സി.വി. ആനന്ദകുമാറിന് നല്‍കാനായി സാജുവിനെ ഏല്‍പ്പിച്ചത്.

എന്നാല്‍ ഇത് വാര്‍ഡില്‍ കൂടുതല്‍ കഷ്ടത അനുഭവിക്കുന്ന മറ്റൊരാള്‍ക്ക് നല്‍കിയെന്നാണ് സാജുവിന്റെ വിശദീകരണം.

നഗരസഭാ സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്ന പ്രാഥമിക അന്വേഷണത്തില്‍ തട്ടിപ്പ് നടന്നതായി കണ്ടെത്തി. ഇതേത്തുടര്‍ന്ന് ഗുണഭോക്താവിന്റെ പരാതി നഗരസഭ പൊലീസിന് കൈമാറിയത്.

ഇതേ വാര്‍ഡിലെ മറ്റൊരു സ്ത്രീയുടെ ഭക്ഷ്യക്കൂപ്പണും സാജു തട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.

പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് ഞായറാഴ്ച തുടര്‍നടപടിക്കായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.

ആനന്ദകുമാറിനും വാര്‍ഡിലെ മറ്റൊരു സ്ത്രീക്കുമായി 2023 ഡിസംബര്‍ മുതല്‍ 2025 സെപ്തംബര്‍ വരെ അനുവദിച്ച 22,000 രൂപയുടെ ഭക്ഷ്യകൂപ്പണുകളാണ് കൗണ്‍സിലര്‍ കവര്‍ന്നത്.

Content Highlight: Vigilance will investigate the complaint that a Congress councilor stole food coupons for the extremely poor.

We use cookies to give you the best possible experience. Learn more