അന്ന് വാക്ക് പറഞ്ഞു ഇന്നും മുന്നില്‍ നിന്ന് വഴികാട്ടുന്നു; വൈറലായി മമ്മൂട്ടിയുടെ പഴയ ഇന്റര്‍വ്യൂ വീഡിയോ
Malayalam Cinema
അന്ന് വാക്ക് പറഞ്ഞു ഇന്നും മുന്നില്‍ നിന്ന് വഴികാട്ടുന്നു; വൈറലായി മമ്മൂട്ടിയുടെ പഴയ ഇന്റര്‍വ്യൂ വീഡിയോ
അശ്വിന്‍ രാജേന്ദ്രന്‍
Thursday, 19th February 2026, 8:36 am

പതിറ്റാണ്ടുകളോളം ഒരു മേഖലയില്‍ മുന്നിട്ട് നില്‍ക്കുക എന്നത് ഇന്നത്തെക്കാലത്ത് ചെറിയ കാര്യമല്ല. പ്രത്യേകിച്ച് ശരീരം ഉപകരണമാക്കേണ്ടി വരുന്ന അഭിനയ മേഖലയില്‍. 1971 ല്‍ പുറത്തിറങ്ങിയ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അഭിനയരംഗത്തേക്ക് കടന്നുവന്നയായളാണ് മമ്മൂട്ടി. നാല്‍പ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറം അതേ ആവേശത്തോടെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമാകാന്‍ മമ്മൂട്ടിയെ പ്രേരിപ്പിക്കുന്നത് അഭിനയത്തോടുള്ള അടങ്ങാത്ത അഭിനിവേശമാണ്.

ഭ്രമയുഗം. Photo: The Indian express

പ്രായം എഴുപതുകളിലെത്തിയെങ്കിലും സിനിമയില്‍ ഇന്നും പുതുമുഖങ്ങള്‍ക്ക് വെല്ലുവിളിയാകുന്ന താരം ഇക്കഴിഞ്ഞ കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ യുവതാരങ്ങളായ ആസിഫ് അലിയെയും ടൊവിനോ തോമസിനെയും പിന്തള്ളിയാണ് മികച്ച നടനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്. അവാര്‍ഡ് സ്വീകരിക്കാനെത്തിയ അതേ ദിവസം തന്നെ താരത്തിന് രാജ്യത്തെ മൂന്നാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ലഭിച്ചതും വലിയ രീതിയില്‍ വാര്‍ത്തയായിരുന്നു.

രാഹുല്‍ സദാശിവന്റെ സംവിധാനത്തില്‍ മമ്മൂട്ടി പ്രധാന വേഷത്തിലെത്തിയ ഫാന്റസി ഹെറര്‍ ചിത്രം ഭ്രമയുഗം കഴിഞ്ഞ ദിവസം ഓസ്‌കാര്‍ വേദിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 2022 ല്‍ മമ്മൂട്ടി ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. 2022 ല്‍ പുറത്തിറങ്ങിയ ഭീഷ്മപര്‍വ്വം സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് താരം മലയാള സിനിമയുടെ ഭാവിയെക്കുറിച്ച് സംസാരിച്ചത്.

സമൂഹമാധ്യമങ്ങളിലെ സിനിമാ പേജുകളില്‍ പ്രത്യക്ഷപ്പെട്ട എഡിറ്റഡ് വീഡിയോയില്‍, നമുക്കെല്ലാവര്‍ക്കും ചേര്‍ന്ന് മലയാള സിനിമയെ ലോകത്തിന്റെ നെറുകൈയില്‍ കൊണ്ടെത്തിക്കണം എന്ന് മമ്മൂട്ടി പറയുന്നത് കാണാം. പിന്നീട് വരുന്ന വീഡിയോയില്‍ ഓസ്‌കാര്‍ വേദിയില്‍ ഭ്രമയുഗം പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് അവതാരിക മോളിവുഡ് ലെജന്‍ഡ് മമ്മൂട്ടി എന്ന് വിശേഷിപ്പിക്കുന്നതും ഇതിനെ തുടര്‍ന്നുണ്ടാകുന്ന ആരവങ്ങളും കാണാം.

നന്‍പകല്‍ നേരത്ത് മയക്കം. Photo: The Indian express

ഇന്ത്യന്‍ സിനിമകളിലെ മറ്റ് ഇന്റസ്ട്രി സൂപ്പര്‍താരങ്ങളില്‍ നിന്നും വ്യത്യസ്തനായി അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ക്കും കഴിവുള്ള പുതുമുഖ സംവിധായകര്‍ക്കും അവസരം നല്‍കുന്ന മമ്മൂട്ടി എന്നും മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നതില്‍ സംശയമില്ല. പ്രതിനായകനായെത്തിയ ജിതിന്‍.കെ.ജോസിന്റെ കളങ്കാവലും ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കവും ജിയോ ബേബിയുടെ കാതല്‍-ദ കോറും മമ്മൂട്ടിയിലെ നടന്റെ തീവ്രത വ്യക്തമാക്കുന്നതാണ്.

Content Highlight: Videos goes viral on how Mammootty lead Malayalam cinema from the front

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ 

 

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.