കോട്ടയം: ചങ്ങനാശ്ശേരിയിൽ ഒരു പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിൽ അധികൃതർ വീഴ്ച വരുത്തുന്നതായി ക്യാമ്പിൽ താമസിക്കുന്നവരുടെ പരാതി. ചങ്ങനാശേരി ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലെ ക്യാമ്പിൽ കഴിയുന്നവരാണ് ഇത്തരത്തിൽ പരാതികളുന്നയിച്ചത്. റിപ്പോർട്ടർ ടിവിയോട് സംസാരിക്കവെയായിരുന്നു ക്യാമ്പിൽ താമസിക്കുന്നവർ ഈ കാര്യങ്ങൾ പറഞ്ഞത്.
ഭക്ഷണത്തിന് ആവശ്യപ്പെട്ടപ്പോൾ അപ്പുറത്തെ ക്യാമ്പിൽ പോയി ആഹാരം കഴിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി ക്യാമ്പിൽ താമസിക്കുന്ന ഒരു സ്ത്രീ പറയുന്നതിന്റെ ദൃശ്യങ്ങൾ ചാനൽ പുറത്തുവിട്ടു. ഭക്ഷണം ചോദിച്ചപ്പോൾ നിങ്ങൾ വീട്ടിൽ ഒന്നും ചെയ്യാതെയാണോ കഴിക്കുന്നതെന്ന് ഉദ്യോഗസ്ഥർ തങ്ങളോട് ചോദിച്ചെന്നും അവർ പറഞ്ഞു.
കുഞ്ഞുങ്ങളുമായി വന്നവരടക്കം ക്യാമ്പിലുണ്ടെന്നും അവരെ അപ്പുറത്തെ ക്യാമ്പിലേക്ക് കൊണ്ടുപോവുന്നത് ബുദ്ധിമുട്ടാണെന്നും ക്യാമ്പിൽ കഴിയുന്നവർ പറയുന്നു. 100 പേർ താമസിക്കുന്ന ക്യാമ്പിൽ ആഹാരമുണ്ടാക്കാനായി ലഭിച്ചത് സലാഡുണ്ടാക്കാനുള്ള സവാള മാത്രമാണെന്ന് ഇതേ ക്യാമ്പിൽ കഴിയുന്നവർ പറയുന്ന മറ്റൊരു വീഡിയോയും ടി.വി ചാനൽ പങ്കുവച്ചിട്ടുണ്ട്.
ആഹാരമുണ്ടാക്കാനുള്ള സൗകര്യം ഒരുക്കിത്തന്നാൽ മതിയെന്നും ക്യാമ്പിൽ കഴിയുന്നവർ പറയുന്നു. ക്യാമ്പിൽ ഇതിനായി അധികൃതർ ഗ്യാസ് സിലിണ്ടർ എത്തിച്ചെങ്കിലും പിന്നീട് അവർ അത് തിരിച്ചുകൊണ്ടുപോയെന്നും അവർ പറയുന്നു.
Content Highlight: Video showing People in Changanassery Flood Relief camp talks about Response from officials