പ്രാക്ടീസിന് ശേഷം ഓട്ടോയില്‍ മടങ്ങുന്ന സഞ്ജു; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
Sports News
പ്രാക്ടീസിന് ശേഷം ഓട്ടോയില്‍ മടങ്ങുന്ന സഞ്ജു; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 11th October 2025, 10:56 pm

മലയാളികളുടെ പ്രിയ താരം സഞ്ജു സാംസണിന്റെ ഒരു വീഡിയോ ഏറ്റെടുത്ത് ആരാധകര്‍. താരം കലൂര്‍ സ്റ്റേഡിയത്തില്‍ പ്രാക്ടീസ് നടത്തിയതിന് ശേഷം മടങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. താരം ഓട്ടോയില്‍ മടങ്ങുന്നതാണ് ദൃശ്യങ്ങളില്‍ ഉള്ളത്.

ഇന്ത്യന്‍ ഓസ്ട്രേലിയന്‍ പര്യടനത്തിലുള്ള ഒരുക്കത്തിലാണ് സഞ്ജു. അതിന് വേണ്ടിയാണ് താരം കലൂര്‍ സ്റ്റേഡിയത്തില്‍ പരിശീലനം നടത്തിയത്. ഒരു മണിക്കൂറോളം പരിശീലനം നടത്തിയതിന് ശേഷമാണ് താരം തിരികെ മടങ്ങിയത്. അതിനാകട്ടെ താരം തെരഞ്ഞെടുത്തത് ഒരു ഓട്ടോറിക്ഷയാണ്.

അതേസമയം, ഓസ്ട്രേലിയക്കെതിരെയുള്ള ടി – 20 മത്സരങ്ങള്‍ മാത്രമല്ല സഞ്ജുവിന് മുമ്പിലുള്ളത്. ഈ മാസം തുടങ്ങുന്ന രഞ്ജി ട്രോഫിയിലും താരം ഭാഗമാകും. കഴിഞ്ഞ ദിവസം കേരള ക്രിക്കറ്റ് അസോസിയേഷന്‍ ടൂര്‍ണമെന്റിലുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താരവും ടീമില്‍ ഉള്‍പ്പെട്ടിരുന്നു.

കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യാ കപ്പിലെ മികച്ച പ്രകടനങ്ങളുടെ ആത്മവിശ്വാസത്തിലാണ് താരം ഇരു ടൂര്‍ണമെന്റിലും ഇറങ്ങുക. ഏഷ്യാ കപ്പില്‍ ഒരുപാട് മത്സരങ്ങളില്‍ ബാറ്റിങ്ങിന് അവസരം ലഭിച്ചില്ലെങ്കിലും കിട്ടിയ അവസരങ്ങള്‍ താരം മുതലാക്കിയിരുന്നു.

ഏഷ്യ കപ്പില്‍ ഏഴ് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്ന് സഞ്ജു 132 റണ്‍സ് നേടിയിരുന്നു. 124.53 സ്‌ട്രൈക്ക് റേറ്റിലും 33 ശരാശരിയിലുമാണ് താരം ബാറ്റ് ചെയ്തത്. ഇന്ത്യയുടെ മൂന്നാമത്തെ ടോപ് സ്‌കോററും താരമാണ്.

ഒമാനെതിരെ നേടിയ 56 റണ്‍സാണ് ടൂര്‍ണമെന്റിലെ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍. ഈ മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ പ്ലയെര്‍ ഓഫ് ദി മാച്ച് ആവുകയും ചെയ്തിരുന്നു. ഇതിന് പുറമെ, ഫൈനലില്‍ താരം നിര്‍ണായകമായ ഒരു ഇന്നിങ്സും കളിച്ചിരുന്നു.

ഈ പ്രകടനങ്ങള്‍ സഞ്ജു ഓസ്ട്രേലിയയിലും തുടരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതിനാല്‍ തന്നെ ഈ പരമ്പരയ്ക്കായി ആരാധകര്‍ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്.

Content Highlight: A video of Sanju Samson returning in a Auto Rickshaw after practice