സഞ്ജു സാംസണും ഇന്ത്യന്‍ സ്പിന്‍ ഇതിഹാസം ആര്‍. അശ്വിനുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചൂടേറിയ ചര്‍ച്ച വിഷയം. ഇരുവരും അടുത്ത സീസണോട് അനുബന്ധിച്ച് തങ്ങളുടെ ഐ.പി.എല്‍ ടീമുകള്‍ വിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ഇതിന് കാരണം. ഇപ്പോള്‍ തന്റെ കൂടുമാറ്റവുമായുള്ള അഭ്യൂഹങ്ങളില്‍ രസകരമായി പ്രതികരിക്കുകയാണ് അശ്വിന്‍. തന്നെ തന്നെ ട്രേഡ് ചെയ്യാന്‍ തയ്യാറാണെന്ന് താരം തമാശയായി പറയുന്നുണ്ട്.
രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണുമായുള്ള ഒരു സംഭാഷണത്തിലാണ് അശ്വിന്റെ ഈ പ്രതികരണം. കുട്ടി സ്റ്റോറീസ് വിത്ത് ആഷ് എന്ന പരിപാടിയുടെ അടുത്ത എപ്പിസോഡിന്റെ ടീസറിലാണ് അശ്വിന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്.
‘എനിക്ക് ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കാനുണ്ട്. പക്ഷേ അതിനുമുമ്പ്, ഞാന്‍ നേരിട്ട് വന്ന് സ്വയം ട്രേഡ് ചെയ്യാമെന്ന് കരുതി. കേരളത്തില്‍ തന്നെ തുടരുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്.
എനിക്കൊന്നും അറിയില്ല. അതുകൊണ്ട്, നിങ്ങളെ വിളിച്ച് ചോദിക്കാമെന്ന് കരുതി. എനിക്ക് കേരളത്തില്‍ തന്നെ തുടരാന്‍ കഴിയുമോ, നിങ്ങള്‍ക്ക് ചെന്നൈയിലേക്ക് തിരികെ പോകാമോ?,’ അശ്വിന്‍ വീഡിയോയില്‍ പറയുന്നതായി കാണാം.
ഐ.പി.എല്‍ 2026ന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ സഞ്ജു സാംസണ്‍ താത്പര്യം അറിയിച്ചുവെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്.
നേരത്തെ, രാജസ്ഥാന്‍ റോയല്‍സിനെ ഉദ്ധരിച്ച് മുംബൈ മിറര്‍ സഞ്ജു ടീമില്‍ അടുത്ത സീസണിലും ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു സഞ്ജു ടീം വിടാന്‍ ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നത്.
അതോടെ സഞ്ജു അടുത്ത സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തിയേക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കെയാണ് ആര്‍. അശ്വിന്‍ സി.എസ്.കെ വിടാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ വന്നത്. തന്നെ റിലീസ് ചെയ്യാന്‍ താരം ടീമിനോടാവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പുതിയ സീസണില്‍ ടീമിന്റെ പദ്ധതികളില്‍ നിന്നും തന്നെ ഒഴിവാക്കാന്‍ താരം സി.എസ്.കെ മാനേജ്മെന്റിനോട് ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Content Highlight: Video: R. Ashwin says that he is ready to trade himself in a conversion with Sanju Samson