മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വധഭീഷണി മുഴക്കുന്ന പരപ്പനങ്ങാടി സ്വദേശിയായ മാനസിക വെല്ലുവിളി നേരിടുന്ന യുവാവിന്റെ വീഡിയോ പ്രചരിപ്പിച്ചതിന് പിന്നില്‍ ഗൂഡാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്ന് നാട്ടുകാര്‍.
വീഡിയോയില്‍ ഭീഷണി മുഴക്കിയത് മുസ്‌ലിം നാമധാരിയായ യുവാവാണ് എന്ന തരത്തില്‍ സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ നിന്ന് പ്രചാരണങ്ങളുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പി അനുഭാവിയും മാനസിക വെല്ലുവിളി നേരിടുന്നയാളുമായ ഒരു 42 വയസ്സുകാരനാണ് ഈ വീഡിയോയില്‍ പ്രധാനമന്ത്രിക്കെതിരെ വധഭീഷണി മുഴക്കിയതെന്ന് പിന്നീട് കണ്ടെത്തുകയായിരുന്നു.
പരപ്പനങ്ങാടി സ്വദേശിയുടെ ഫേസ്ബുക്ക് പ്രൊഫൈലില്‍ അല്ല ഈ വീഡിയോ ആദ്യം പ്രത്യക്ഷപ്പെട്ടതെന്നും തെക്കന്‍ കേരളത്തിലെ ഒരു ഫേസ്ബുക്ക് പേജിലാണ് ഈ വീഡിയോ ആദ്യം വന്നതെന്നും പ്രദേശത്തെ കൗണ്‍സിലറായ സിക്കന്ദര്‍ പറഞ്ഞു. മീഡിയ വണ്ണിനോട് സംസാരിക്കവെയാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.
യുവാവും കുടുംബവും ബി.ജെ.പി അനുഭാവികളാണെന്ന് മറ്റൊരു കൗണ്‍സിലറായ അബ്ദുല്‍ കരീം പറഞ്ഞു. യുവാവ് ഒരുപാട് വര്‍ഷങ്ങളായി മാനസിക രോഗത്തിന് ചികിത്സ തേടുന്ന ആളാണ്. കുതിരവട്ടത്ത് ചികിത്സയില്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട സമയത്തുതന്നെ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയതായി കൗണ്‍സിലര്‍ സിക്കന്ദര്‍ പറഞ്ഞു. ഒരു മുസ്‌ലിം നാമധാരിയാണ് ഈ വീഡിയോ ചെയ്തതെന്ന രീതിയിലാണ് ഒരു പാട് പ്രൊഫൈലുകള്‍ പ്രചരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
‘മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് വീഡിയോയിലുള്ളതെന്ന് അധികൃതരെ അറിയിച്ചിരുന്നു. നാട്ടില്‍ എല്ലാവര്‍ക്കും ഈ വിവരം അറിയാമെങ്കിലും നാട്ടിന് പുറത്തുള്ള ആര്‍ക്കും ഇതിന്റെ സത്യാവസ്ഥ അറിയില്ല. പലരും വിദ്വേഷ കമന്റുകളാണ് ഇടുന്നത്. ഒരു മതത്തെ അടച്ച് ആക്ഷേപിക്കുന്ന തരത്തിലാണ് ഈ കമന്റുകള്‍,’ എന്നും അദ്ദേഹം പറഞ്ഞു.
‘ഈ വീഡിയോ ആ വ്യക്തിയുടെ പ്രൊഫൈലിലല്ല പോസ്റ്റ് ചെയ്തിട്ടുള്ളത്. കൊല്ലം ഭാഗത്തുള്ള ഒരു ഫേസ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിട്ടുള്ളത്. ഇത് പരിശോധിക്കണം. അവരുടെ ഫോണ്‍ നമ്പറടക്കം പൊലീസ് പരിശോധിക്കണം. വീഡിയോ വാട്‌സ്ആപ്പ് വഴി കൊടുത്തതോ വേറെന്തെങ്കിലും രീതിയില്‍ കൈമാറിയതാണോ എന്നും ഇതിന് പിന്നില്‍ ചൂഷകരുണ്ടോ എന്നും പരിശോധിക്കണം,’ കൗണ്‍സിലര്‍ പറഞ്ഞു.
മാനസിക വെല്ലുവിളി നേരിടുന്ന ആളാണ് യുവാവ്. മുമ്പ് ഇതുപോലെ ഒരു വിഷയമുണ്ടായിട്ട് ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിച്ചതാണ്. അതിന് ശേഷം കടയിലൊക്കെ അയാള്‍ ജോലിക്ക് നിന്നിരുന്നു. പിന്നീട് വേറെ പ്രശ്‌നങ്ങളുണ്ടായിരുന്നില്ലെന്നും കൗണ്‍സിലര്‍ പറഞ്ഞു.
സംഭവത്തില്‍ മലപ്പുറം സൈബര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സൈബര്‍ പട്രോളിംഗിലാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.
പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. പോസ്റ്റിന് താഴെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രകോപനപരമായ കമന്റുകള്‍ ഇട്ടവരുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Video of Death threat against Prime Minister- Ward Councilor and Others asks for Inquiry on Conspiracy
കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.