ഹാഷിര്‍, പേര് എനിക്ക് വായില്‍ വരുന്നില്ലെന്ന് അവതാരക, ഇപ്പോള്‍ വന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
Malayalam Cinema
ഹാഷിര്‍, പേര് എനിക്ക് വായില്‍ വരുന്നില്ലെന്ന് അവതാരക, ഇപ്പോള്‍ വന്നില്ലേയെന്ന് സോഷ്യല്‍ മീഡിയ; വൈറലായി വീഡിയോ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 7th April 2026, 8:52 pm

വലിയ ഹൈപ്പോ താരമൂല്യമോ ഇല്ലാതെയെത്തി ബോക്‌സ് ഓഫീസിനെ പഞ്ഞിക്കിടുന്ന ഞെട്ടിക്കല്‍ സിനിമകള്‍ മലയാളത്തിന് പുതുമയുള്ളതല്ല. ഇതില്‍ പുതിയ എന്‍ട്രിയാണ് വിപിന്‍ദാസ് തിരക്കഥയെഴുതി നിര്‍മിച്ച് സവിന്‍ സ സംവിധാനം ചെയ്ത വാഴ 2. 2024ല്‍ പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം എന്ന ടാഗിനൊപ്പം സോഷ്യല്‍ മീഡിയ റീലുകളിലൂടെ ശ്രദ്ധേയനായ ഹാഷിറും കൂട്ടരും പ്രധാനവേഷത്തിലെത്തുന്ന ചിത്രം എന്ന പ്രത്യേകതയും വാഴക്കുണ്ടായിരുന്നു.

വിപിന്‍ ദാസ്, സവിന്‍ സ. Photo: Douth Indian Box Office

എന്നാല്‍ കേവലം പുതുമുഖങ്ങളായ ഇവര്‍ ചിത്രമിറങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലയാള സിനിമയിലെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം തിരുത്തികുറിക്കുന്ന കാഴ്ച്ചക്കാണ് ലോകം സാക്ഷ്യം വഹിക്കുന്നത്. റിലീസ് ചെയ്ത് അഞ്ച് ദിവസം പിന്നിടുന്നതിന് മുമ്പ് തന്നെ എണ്‍പത് കോടിയെന്ന നേട്ടം സ്വന്തമാക്കിയാണ് വാഴ 2 മുന്നേറുന്നത്. ചിത്രം തിയേറ്ററില്‍ വന്‍ വിജയമായതോടെ ഹാഷിറിനെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ ചാനലിലെ അവതാരിക തമാശയോടെ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

2024ല്‍ പുറത്തിറങ്ങിയ വാഴ എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട ഒരു അഭിമുഖത്തില്‍ സംസാരിക്കവെയാണ് സംഭവം നടക്കുന്നത്. ചിത്രത്തില്‍ രണ്ട് സീനില്‍ മാത്രം പ്രത്യക്ഷപ്പെട്ട് വലിയ കൈയടി നേടിയ ഹാഷിറിനെക്കുറിച്ച് സംസാരിക്കുകയാരുന്നു സംവിധായകനായ ആനന്ദ് മേനനും അഭിനേതാക്കളായ സിജു സണ്ണി, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നോബി തുടങ്ങിയവര്‍. സോഷ്യല്‍ മീഡിയ ക്രിയേറ്ററായ ഹാഷിര്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ തിയേറ്ററില്‍ ലഭിക്കുന്ന സ്വീകരണവും സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ക്ക് താഴെ ഹാഷിറിന് സപ്പോട്ടായി ലഭിക്കുന്ന കമന്റുകളുമെല്ലാമാണ് ഇവര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്.

ഇതിനിടെയാണ് ഹാഷിര്‍ എന്ന പേര് തനിക്ക് വായില്‍ വരുന്നില്ലെന്ന് അവതാരക പറഞ്ഞത്. ദുരുദ്ദേശങ്ങളൊന്നുമില്ലാതെയാണ് അവതാരക ഇത് പറഞ്ഞതെങ്കിലും ഹാഷിറാരാണെന്ന് ഇപ്പോള്‍ മനസിലായോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയയിലെ അനുകൂലികള്‍. മലയാളത്തിലെ പല പ്രമുഖ താരങ്ങള്‍ക്കും സാധിക്കാത്ത നൂറ് കോടി ക്ലബ്ബിലേക്കാണ് അതിവേഗം ഒരു സ്റ്റാര്‍ വാല്യൂ ഇല്ലാത്ത ഹാഷിര്‍ കുതിക്കുന്നതെന്നും മലയാള സിനിമയിലെ ഭാവിവാഗ്ദാനമാണ് താരമെന്നുമാണ് പലരുടെയും അഭിപ്രായം.

വാഴ 2. Photo: South Indian Box Office

സുഹൃദ് ബന്ധത്തിനും ഇമോഷനും മുന്‍തൂക്കം നല്‍കി കഥ പറയുന്ന ചിത്രത്തില്‍ ഹാഷിറിന് പുറമെ അജിന്‍, അലന്‍, വിനായക്, ദേവരാജ്, ബിജുക്കുട്ടന്‍, സുധീഷ് തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്.

Content Highlight: Video goes viral when a online interviewer talks about she couldn’t pronounce hashir’s name

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.