കേരളത്തിലെ വിഭജന രാഷ്ട്രീയത്തിന്റെ മുഖമായി മാറുകയാണ് മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍.
വിവാദപരമായ രാഷ്ട്രീയ നിലപാടുകളിലൂടെ പ്രത്യേകിച്ചും ക്രിസ്ത്യന്‍, മുസ്‌ലിം വിരുദ്ധ പ്രസ്താവനകളിലൂടെ അദ്ദേഹം സ്വയം ശ്രദ്ധാകേന്ദ്രമായി മാറുകയാണ്.
‘മലബാര്‍ ഗോള്‍ഡ്’ ബഹിഷ്‌കരിക്കണമെന്ന അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ആഹ്വാനം ഈ തീവ്ര നിലപാടുകളുടെ ആഴം എത്രയെന്ന് വ്യക്തമാക്കുന്നതാണ്.
2017 ജൂണില്‍ ഔദ്യോഗികപദവിയില്‍ നിന്നുള്ള പടിയിറക്കത്തിനുശേഷം അദ്ദേഹം ചുവടുമാറിയത് ബി.ജെ.പി.യുടെ രാഷ്ട്രീയ തട്ടകത്തിലേക്കായിരുന്നു.
അന്നുമുതല്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ സംഘപരിവാര്‍ ആശയങ്ങള്‍ ശക്തമായി പ്രചരിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രസ്താവനകള്‍, കേരളത്തിന്റെ മതേതര പൊതുമണ്ഡലത്തില്‍ വലിയ ധ്രുവീകരണത്തിന് കാരണമാകുന്നുണ്ട്.
പദവിയില്‍ നിന്ന് വിരമിച്ചതിന് തൊട്ടുപിന്നാലെ മുസ്‌ലിം ജനസംഖ്യാ വര്‍ധനവുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ പ്രസ്താവന വലിയ വിവാദത്തിന് വഴിതെളിയിച്ചു.
‘കേരളത്തില്‍ ജനിക്കുന്ന നൂറില്‍ 42 കുട്ടികളും മുസ്‌ലിങ്ങള്‍’ആണെന്നായിരുന്നു സമകാലിക മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ ടി.പി സെന്‍കുമാര്‍ പറഞ്ഞത്. ഇത് കേരളത്തിന്റെ ജനസംഖ്യാപരമായ ഘടനയെ മാറ്റുമെന്നും, കേരളത്തില്‍ സമാധാനം നഷ്ടപ്പെടാന്‍ കാരണമാകുമെന്നും സെന്‍കുമാര്‍ ആരോപിച്ചു.
ഈ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കും രാഷ്ട്രീയ വിവാദങ്ങള്‍ക്കും വഴിവെക്കുകയും, മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ അദ്ദേഹത്തിനെതിരെ ക്രൈം ബ്രാഞ്ച് അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട വസ്തുത അന്വേഷിച്ചാല്‍ സെന്‍കുമാറിന്റെ വാദത്തിലെ പൊള്ളത്തരം നമുക്ക് മനസിലാകും.
1951ന് ശേഷം ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളുടെ ജനസംഖ്യയില്‍ നേരിയ തോതിലുള്ള മാറ്റങ്ങള്‍ മാത്രമാണ് സംഭവിച്ചിട്ടുള്ളത്. സെന്‍സസ് ഡാറ്റ പ്രകാരം, കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ മുസ്ലിങ്ങളുടെ ജനസംഖ്യാ വളര്‍ച്ചാ നിരക്ക് കുറയുകയാണ് ചെയ്തത്.

1981-1991 കാലയളവില്‍ 32.9 ശതമാനമായിരുന്ന മുസ്ലിം ജനസംഖ്യാ വളര്‍ച്ചാ നിരക്ക്, 2001-2011 ആയപ്പോഴേക്കും 24.6 ശതമാനമായി താഴ്ന്നു (8.3 ശതമാനത്തിന്റെ കുറവ്). ഇതേ കാലയളവില്‍ ഹിന്ദു ജനസംഖ്യാ വളര്‍ച്ചാ നിരക്ക് 22.7 ശതമാനത്തില്‍ നിന്ന് 16.8 ശതമാനമായാണ് കുറഞ്ഞത് (5.9 ശതമാനത്തിന്റെ കുറവ്). 2011-ന് ശേഷം രാജ്യത്ത് സെന്‍സസ് നടന്നിട്ടില്ല.
കേരളത്തില്‍ ‘ലൗ ജിഹാദ്’ എന്ന പേരില്‍ മതംമാറ്റത്തിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു പരാമര്‍ശം.
ലൗ ജിഹാദ് എന്നത് വസ്തുതയാണെന്നും സ്‌നേഹത്തിന്റെ പേരില്‍ മാത്രമുള്ള മതംമാറ്റങ്ങളാണെങ്കില്‍ അത് എല്ലാ വിഭാഗങ്ങളിലും ഒരുപോലെയുണ്ടാകേണ്ടതല്ലേയെന്നുമായിരുന്നു സെന്‍കുമാറിന്റെ ചോദ്യം.

എന്നാല്‍, കേരളത്തില്‍ ‘ലൗ ജിഹാദ്’ എന്ന പേരില്‍ സംഘടിതമായ നീക്കങ്ങള്‍ നടക്കുന്നതിന് തെളിവില്ലെന്ന് കേരള പൊലീസും ദേശീയ അന്വേഷണ ഏജന്‍സിയും കോടതിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്. മാത്രമല്ല, മതംമാറി വിവാഹം കഴിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ പരിശോധിച്ചാല്‍, സെന്‍കുമാറും സമാന ചിന്താഗതിക്കാരും ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാകും.
ആര്‍.എസ്.എസുമായും മതതീവ്രവാദവുമായും ബന്ധപ്പെട്ട് സെന്‍കുമാര്‍ നടത്തിയ ചില പ്രസ്താവനകളും വലിയ വിവാദത്തിന് വഴിമാറി. മതതീവ്രവാദമെന്ന് പറയുമ്പോള്‍ അതില്‍ ആര്‍.എസ്.എസ് ഇല്ലേ എന്ന് ചോദിക്കുന്നതില്‍ കഴമ്പില്ലെന്നായിരുന്നു സെന്‍കുമാര്‍ പറഞ്ഞത്.
ആര്‍.എസ്.എസ് ദേശവിരുദ്ധ സംഘടനയല്ലെന്നും ദേശീയതക്കെതിരായ മതതീവ്രവാദത്തെയാണ് നേരിടേണ്ടതെന്നും സെന്‍കുമാര്‍ പറഞ്ഞു.

ഐ.എസുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരുന്ന സമയത്തായിരുന്നു അദ്ദേഹത്തിന്റെ ഈ പ്രസ്താവന.
ക്രിസ്ത്യന്‍ സമൂഹത്തിനെതിരെയും അങ്ങേയറ്റം വര്‍ഗീയ വിഷം തുപ്പുന്ന പരാമര്‍ശങ്ങള്‍ സെന്‍കുമാറിന്റെ ഭാഗത്തുനിന്നുണ്ടായി.
ക്രിസ്ത്യന്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ കൂടുതലും ഹിന്ദു ഭൂരിപക്ഷ മേഖലകളില്‍ മാത്രം കേന്ദ്രീകരിക്കുന്നത് എന്തുകൊണ്ടാണെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മുസ്‌ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍ മിഷനറി പ്രവര്‍ത്തനങ്ങള്‍ സജീവമല്ലാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.
എല്ലാ മിഷനറി പ്രവര്‍ത്തനങ്ങളുടെയും ലക്ഷ്യം ഹിന്ദുക്കളെ മതപരിവര്‍ത്തനം നടത്തുകയാണെന്ന തരത്തിലുള്ള വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു.

കുറഞ്ഞ ജനനനിരക്ക് നിലനില്‍ക്കുമ്പോഴും ക്രിസ്ത്യന്‍ ജനസംഖ്യയില്‍ കാര്യമായ കുറവുണ്ടാകാത്തതിന് കാരണം വ്യാപകമായ മതപരിവര്‍ത്തനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറ്റൊരു വാദം.
പ്രശസ്തരായ ചില ക്രിസ്ത്യന്‍ മത നേതാക്കളുടെ പ്രവര്‍ത്തനങ്ങളെ ഉദാഹരണമായി ചൂണ്ടിക്കാട്ടി, ‘പാലും തേനും ഒഴുകുന്ന’ സ്വര്‍ഗ്ഗം വാഗ്ദാനം ചെയ്ത് ആളുകളെ മതപരിവര്‍ത്തനം നടത്തുന്നുവെന്നും, പിന്നീട് അവരെ അടിമപ്പണിക്ക് ഉപയോഗിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
ഈ പ്രസ്താവനക്കെതിരെ ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ച സംഭവത്തില്‍ പ്രതിഷേധം വ്യാപകമായപ്പോള്‍, അറസ്റ്റിനെ ന്യായീകരിച്ചുകൊണ്ട് സെന്‍കുമാര്‍ രംഗത്തെത്തി.

ഈ അറസ്റ്റിനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രതിഷേധം അറിയിച്ചപ്പോള്‍, ‘ആകാശത്തു പറക്കുന്ന കുരുവിയെ കിട്ടും എന്ന വ്യാമോഹത്തില്‍ കക്ഷത്തില്‍ ഇരിക്കുന്ന പ്രാവിനെ കളയണോ?’എന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെ സെന്‍കുമാര്‍ പരിഹസിച്ചു.
ന്യൂനപക്ഷങ്ങളെ പോലെ തന്നെ ഹിന്ദുക്കള്‍ക്കും ഹിന്ദു മതത്തെ സംരക്ഷിക്കാനും പ്രചരിപ്പിക്കാനും അവകാശമുണ്ടെന്നും ഭൂരിപക്ഷത്തെ ന്യൂനപക്ഷമാക്കാനുള്ള അവകാശമല്ല ന്യൂനപക്ഷ അവകാശമെന്നും സെന്‍കുമാര്‍ ഫേസ്ബുക് കുറിപ്പില്‍ വാദിച്ചു.
കൊവിഡ് മഹാമാരിക്കാലത്ത് സെന്‍കുമാര്‍ നടത്തിയ ചില പരാമര്‍ശങ്ങളും വലിയ തോതില്‍ പരിഹാസത്തിനിടയാക്കി. കേരളത്തിലെ 32 ഡിഗ്രി ചൂടില്‍ കൊറോണ വൈറസിന് അതിജീവിക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ ‘കണ്ടുപിടുത്തം’. 27 ഡിഗ്രി സെല്‍ഷ്യസ് വരെ മാത്രമേ വൈറസിന് നിലനില്‍പ്പുള്ളൂ എന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്നാല്‍, സെന്‍കുമാറിന്റെ ഈ വാദത്തിനെതിരെ ഡോ. ഷിംന അസീസ് അടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ രംഗത്തെത്തി. ഇതോടെ, അത് തന്റെ വാക്കുകളല്ലെന്നും ഡോ. ബെഞ്ചമിന്‍ ഹെയ്‌ലി പറഞ്ഞതാണെന്നും പറഞ്ഞ് സെന്‍കുമാര്‍ മലക്കം മറിഞ്ഞു.
വാര്‍ത്താസമ്മേളനത്തിനിടെ, ‘പോള്‍ ഹെയ്‌ലി’ പറഞ്ഞത് കാണിച്ചുതരാമെന്ന് പറഞ്ഞ് അദ്ദേഹം ഫോണില്‍ തിരഞ്ഞെങ്കിലും അങ്ങനെയൊരു വീഡിയോ കണ്ടെത്താന്‍ സാധിച്ചില്ല. സെന്‍കുമാറിന് മാത്രമല്ല, പിന്നീട് ‘പോള്‍ ഹെയ്‌ലി’ എന്നൊരാളെ തിരഞ്ഞ മറ്റാര്‍ക്കും അങ്ങനെയൊരാളെ കണ്ടെത്താനായില്ല എന്നതും ശ്രദ്ധേയമാണ്.
മാധ്യമപ്രവര്‍ത്തകരുമായി നിരന്തരം ഏറ്റുമുട്ടുന്ന ഒരു ശൈലിയും സെന്‍കുമാര്‍ പുലര്‍ത്തിയിരുന്നു. 2020-ല്‍ നടത്തിയ ഒരു പത്രസമ്മേളനത്തിനിടെ, ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് ‘നിങ്ങള്‍ മദ്യപിച്ചിട്ടുണ്ടോ’ എന്ന് അദ്ദേഹം ചോദിച്ചത് വലിയ വിവാദത്തിന് വഴിവെച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സംഘടനകള്‍ ഈ പരാമര്‍ശത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുകയും സെന്‍കുമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
മാധ്യമപ്രവര്‍ത്തകനായ സിദ്ദീഖ് കാപ്പനെതിരെയും അദ്ദേഹം വിദ്വേഷകരവും തീവ്രവാദം ആരോപിക്കുന്നതുമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്.
ക്ഷേത്രങ്ങളെ കമ്മ്യൂണിസത്തിന്റെ ഈറ്റില്ലങ്ങളാക്കി മാറ്റാന്‍ ശ്രമം നടക്കുന്നുവെന്നും, ക്ഷേത്രങ്ങളില്‍ വിപ്ലവഗാനങ്ങള്‍ ആലപിക്കാനും ചെഗുവേരയുടെ ചിത്രം സ്ഥാപിക്കാനും ചിലര്‍ ശ്രമിക്കുന്നുവെന്നും സെന്‍കുമാര്‍ ആരോപിച്ചിരുന്നു. ക്ഷേത്രപരിസരങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഏറ്റവും ഒടുവിലായി, മലബാര്‍ ഗോള്‍ഡിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച്, ദീപാവലി പോലുള്ള ആഘോഷവേളകളില്‍ അവിടെ നിന്ന് സ്വര്‍ണ്ണം വാങ്ങരുതെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്തു. സ്ഥാപനത്തെ ‘മലദ്വാര്‍ ഗോള്‍ഡ്’ എന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ വിദ്വേഷ പ്രചാരണം.
മലബാര്‍ ഗോള്‍ഡിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നടക്കുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ നീക്കം ചെയ്യാന്‍ മുംബൈ ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് നിലവിലുണ്ടായിരുന്നു. ഈ ഉത്തരവ് നിലനില്‍ക്കെയാണ് സെന്‍കുമാറും സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചത്.
കഴിഞ്ഞ 11 വര്‍ഷക്കാലമായി കേന്ദ്രം ഭരിക്കുന്നത് ബി.ജെ.പിയാണ്. കസ്റ്റംസും ഇ.ഡിയുമുള്‍പ്പെടെ എല്ലാ സംവിധാനവും കേന്ദ്രസര്‍ക്കാരിന്റെ കീഴിലാണ്. ആ പാര്‍ട്ടിയുടെ ഒരു പ്രധാന നേതാവായി നിന്നുകൊണ്ട് തന്നെയാണ് രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജ്വല്ലറി ഗ്രൂപ്പിനെതിരായി സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള ആരോപണങ്ങള്‍ ടി.പി സെന്‍കുമാര്‍ ഉന്നയിക്കുന്നതെന്നതാണ് ഏറ്റവും വലിയ വിരോധാഭാസം..
Content Highlight: Video Content about Former DGP T.P Senkumar




