വിദര്‍ഭയുടെ സൂപ്പര്‍ ബാറ്ററായ മലയാളി താരം കരുണ്‍ നായര്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച ഫോമിലാണ് കളിച്ചത്. വിദര്‍ഭയുടെ രഞ്ജി ട്രോഫി നേട്ടത്തില്‍ നിര്‍ണായകമായ സാന്നിധ്യമായിരുന്നു കരുണ്‍. ഒമ്പത് മത്സരങ്ങളില്‍ നിന്ന് നാല് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയുമടക്കം താരം 863 റണ്‍സെടുത്തിരുന്നു.
വിജയ് ഹസാരെ ട്രോഫിയിലും കരുണ്‍ വിദര്‍ഭക്കായി മിന്നും പ്രകടനമാണ് കാഴ്ച വെച്ചത്. അഞ്ച് സെഞ്ച്വറികളടക്കം 779 റണ്‍സാണ് താരം ടൂര്‍ണമെന്റില്‍ നേടിയത്. ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തെ തുടര്‍ന്ന് കരുണിനെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ച് വിളിക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ ടീമിനായി ആറ് ടെസ്റ്റിലും രണ്ട് ഏകദിനത്തിലും കരുണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ താരത്തിന്റെ പേരില്‍ ഒരു ട്രിപ്പിള്‍ സെഞ്ച്വറിയുണ്ട്. 2016ല്‍ ഇംഗ്ലണ്ടിനെതിരെ പുറത്താകാതെ 303 റണ്‍സാണ് കരുണ്‍ നേടിയത്. ഇതോടെ, വിരേന്ദര്‍ സെവാഗിന് ശേഷം ഇന്ത്യക്കായി ട്രിപ്പിള്‍ സെഞ്ച്വറി നേടുന്ന താരമാകാനും ഈ വിദര്‍ഭ താരത്തിന് കഴിഞ്ഞിരുന്നു. 2017ലാണ് താരം അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്.
ഇപ്പോള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തന്റെ തിരിച്ച് വരവിനെ കുറിച്ച് സംസാരിക്കുകയാണ് കരുണ്‍. അവസരം ലഭിക്കാന്‍ പ്രചോദനമുണ്ടെന്നും അതിനായി തനിക്ക് റണ്‍സ് നേടുക മാത്രമാണ് ചെയ്യാന്‍ കഴിയുന്നതെന്നും കരുണ്‍ പറഞ്ഞു. ഇനി വരാനുള്ള ഐ.പി.എല്ലില്‍ മികച്ച പ്രകടനം പുറത്തെടുക്കാനാണ് ശ്രമമെന്നും ബാക്കിയെല്ലാം സ്വയം നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് ടോക്കിനോട് സംസാരിക്കുകയായിരുന്നു മുപ്പത്തിമൂന്നുകാരനായ താരം.
‘അവസരം ലഭിക്കാന്‍ ഒരു പ്രചോദനമുണ്ട്, അതിലേക്ക് എത്താന്‍ നിങ്ങള്‍ക്ക് കഴിയുന്നതെല്ലാം ചെയ്യുക. പക്ഷേ എനിക്ക് ചെയ്യാന്‍ കഴിയുന്നത് ബാറ്റ് ഉപയോഗിച്ച് റണ്‍സ് നേടുക എന്നതാണ്, മറ്റൊന്നും എന്റെ പരിധിയിലല്ല.
ഇനിയുള്ളത് ഐപിഎല്‍ ആണ്. എനിക്കും ടീമിനും വേണ്ടി നന്നായി തയ്യാറെടുക്കുകയാണ് ലക്ഷ്യം. എനിക്ക് ലഭിക്കുന്ന ഏത് സ്ഥാനത്തും റോളിലും നന്നായി പെര്‍ഫോം ചെയ്ത് ടീമിനായി മത്സരങ്ങള്‍ ജയിക്കാനും കിരീടം നേടാനും സംഭാവന നല്‍കാന്‍ ശ്രമിക്കും. സമയം ആകുമ്പോള്‍ ബാക്കിയെല്ലാം സ്വയം നടക്കും,’ കരുണ്‍ നായര്‍ പറഞ്ഞു.
തന്റെ ഐ.പി.എല്‍ ടീമായ ദല്‍ഹി ക്യാപിറ്റല്‍സിനെ കുറിച്ചും കരുണ്‍ സംസാരിച്ചു. ദല്‍ഹിക്ക് ഈ സീസണില്‍ മികച്ച ഒരു ടീമാണുള്ളതെന്നും അവരുടെ കൂടെ കളിക്കാന്‍ താന്‍ ആവേശത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞാന്‍ ഏത് റോളിലാണ് കളിക്കുകയെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പക്ഷേ, ഇത്തവണ ദല്‍ഹിക്ക് ഒരു മികച്ച ടീമുണ്ട്. എല്ലാവരുമായി മികച്ച ബന്ധത്തിലാണ്. എല്ലാവരേയും കൂടുതല്‍ നന്നായി അറിയാനും അവരോടൊപ്പം കളിക്കാനും ആഗ്രഹിക്കുന്നു. ഇവരുമായി ഡ്രസ്സിങ് റൂം പങ്കിടാന്‍ ഞാന്‍ ആവേശത്തിലാണ്,’ കരുണ്‍ പറഞ്ഞു.