ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നാല്‍ അവസരങ്ങള്‍ കിട്ടും; എ.ആര്‍. റഹ്‌മാനോട് ഘര്‍ വാപസി ചെയ്യണമെന്ന് വി.എച്ച്.പി
India
ഹിന്ദുമതത്തിലേക്ക് തിരിച്ചുവന്നാല്‍ അവസരങ്ങള്‍ കിട്ടും; എ.ആര്‍. റഹ്‌മാനോട് ഘര്‍ വാപസി ചെയ്യണമെന്ന് വി.എച്ച്.പി
രാഗേന്ദു. പി.ആര്‍
Saturday, 17th January 2026, 9:52 pm

ന്യൂദല്‍ഹി: സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാനെതിരെ വിദ്വേഷ പരാമര്‍ശവുമായി വിശ്വഹിന്ദു പരിഷത്ത്. ഹിന്ദു മതത്തിലേക്ക് തിരികെ വന്നാല്‍ നഷ്ടപ്പെട്ട അവസരങ്ങള്‍ വീണ്ടും ലഭിക്കുമെന്ന് വി.എച്ച്.പി ദേശീയ വക്താവ് വിനോദ് ബന്‍സല്‍ പറഞ്ഞു.

ബോളിവുഡില്‍ അവസരം കുറയുന്നതിന് വര്‍ഗീയ വികാരവും കാരണമാകാമെന്ന എ.ആര്‍. റഹ്‌മാന്റെ പരാമര്‍ശം ചര്‍ച്ചയായതിന് പിന്നാലെയാണ് വി.എച്ച്.പിയുടെ പ്രതികരണം. എ.ആര്‍. റഹ്‌മാന്‍ ഘര്‍ വാപസി ചെയ്യണമെന്നാണ് വിനോദ് ബന്‍സല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

‘മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി നേതാവായിരുന്ന വിഭാഗത്തിന്റെ നേതാവായി എ.ആര്‍. റഹ്‌മാനും മാറിയെന്ന് തോന്നുന്നു. അന്‍സാരി പത്ത് വര്‍ഷം ആനുകൂല്യങ്ങള്‍ നേടുകയും ഭരണഘടനാ പദവികള്‍ വഹിക്കുകയും ചെയ്തു. ശേഷം ഇന്ത്യയെ തകര്‍ക്കുകയുമായിരുന്നു,’ റഹ്‌മാന്റെ ജോലി പരാമര്‍ശത്തെ മുന്‍നിര്‍ത്തി വിനോദ് ബന്‍സല്‍ പറഞ്ഞു.

ഒരുകാലത്ത് എ.ആര്‍. റഹ്‌മാനെ എല്ലാ ഇന്ത്യക്കാരും ഹിന്ദുക്കളും ആരാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹം തനിക്ക് ജോലി കുറവാണെന്ന് ചൂണ്ടിക്കാട്ടി ഒരു വ്യവസ്ഥയെ തന്നെ മോശമാക്കുകയാണെന്നും വിനോദ് ബന്‍സല്‍ ആരോപിച്ചു.

തനിക്ക് എന്തുകൊണ്ട് ജോലി കിട്ടുന്നില്ലെന്ന് റഹ്‌മാന്‍ ആദ്യം ആത്മപരിശോധന നടത്തണം. ശേഷം സാമൂഹിക വ്യവസ്ഥിതിയെ കുറിച്ച് സംസാരിക്കാമെന്നും വി.എച്ച്.പി നേതാവ് പറഞ്ഞു.

എന്തിനുവേണ്ടിയാണ് എ.ആര്‍. റഹ്‌മാന്‍ ഇസ്‌ലാം മതം സ്വീകരിച്ചതെന്നും ചോദ്യമുണ്ട്. റഹ്‌മാന്റെ പ്രസ്താവന രാഷ്ട്രീയക്കാര്‍ക്ക് യോജിച്ചതാണെന്നും ഒരു കലാകാരന് ചേര്‍ന്നതല്ലെന്നും വിനോദ് ബന്‍സല്‍ വിമര്‍ശിച്ചു.

ബി.ബി.സി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് റഹ്‌മാന്‍ ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിച്ചത്. കഴിഞ്ഞ എട്ട് വർഷമായി എന്തുകൊണ്ടാണ് തന്നെ തേടി വരുന്ന അവസരങ്ങള്‍ കുറയുന്നതെന്ന് വ്യക്തമല്ലെന്നായിരുന്നു റഹ്‌മാന്റെ പരാമര്‍ശം.

വര്‍ഗീയ വികാരവും ഒരു കാരണമായിരിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോള്‍ ജോലി തേടി പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും തനിക്ക് അര്‍ഹമായത് തന്നെ തേടി വരുമെന്നാണ് കരുതുന്നതെന്നും എ.ആര്‍. റഹ്‌മാന്‍ വ്യക്തമാക്കിയിരുന്നു.

ഹിന്ദുത്വ അജണ്ടകള്‍ പ്രചരിപ്പിക്കുന്ന ഛാവ എന്ന സിനിമക്കെതിരെയും റഹ്‌മാന്‍ സംസാരിച്ചിരുന്നു. ആളുകള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കുകയാണ് സിനിമയുടെ ലക്ഷ്യമെന്ന് കഥ കേട്ടപ്പോൾ തന്നെ മനസിലായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഛാവ അത്രയും വലിയ കളക്ഷന്‍ നേടാനുള്ള കാരണവും അതാണെന്നും റഹ്‌മാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Content Highlight: VHP tells A.R. Rahman that he will get opportunities if he returns to Hinduism

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.