ഗംഭീര്‍ യുഗത്തില്‍ ഇന്ത്യയുടെ പ്രകടനങ്ങളുടെ ഗ്രാഫ് താഴേയ്ക്ക് വീണുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ ശക്തമായ മേഖലകളില്‍ പോലും ഇന്ത്യയ്ക്ക് കാലിടറുകയാണ്, പ്രത്യേകിച്ചും ബാറ്റിങ് യൂണിറ്റില്‍.
സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനോട് നാണംകെട്ട് പരാജയപ്പെട്ടതിലും ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയില്‍ പരമ്പര പരാജയപ്പെട്ടതിലും ബാറ്റര്‍മാരുടെ മോശം പ്രകടനം പ്രധാന കാരണമായി തന്നെ അടയാളപ്പെടുത്തപ്പെട്ടു.
തുടര്‍ച്ചയായ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ ബി.സി.സി.ഐ കോച്ചിങ് ടീമിനെ ഉടച്ചുവാര്‍ക്കാന്‍ പദ്ധതിയിടുന്നുന്നതായും ഇതിന്റെ ഭാഗമായി പുതിയ ബാറ്റിങ് കോച്ചിനെ നിയമിക്കാന്‍ തീരുമാനിക്കുന്നതായാണ് റിപ്പോര്‍ട്ട്. ഗൗതം ഗംഭീറിന്റെ സപ്പോര്‍ട്ടിങ് സ്റ്റാഫിലേക്ക് പുതിയ പരിശീലകനെ അപെക്‌സ് ബോര്‍ഡ് പരിഗണിക്കുന്നുണ്ടെന്നാണ് ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
‘ആഭ്യന്തര ക്രിക്കറ്റിലെ മുന്‍ ഹെവിവെയ്റ്റുകളെയടക്കം ഈ റോളിലേക്ക് ചില പേരുകള്‍ പരിഗണിച്ചിട്ടുണ്ട്. എന്നാല്‍ അന്തിമ തീരുമാനം ഇനിയും കൈക്കൊണ്ടിട്ടില്ല,’ റിപ്പോര്‍ട്ട് അവകാശപ്പെടുന്നു.
എന്നാല്‍, ഈ സ്ഥാനമേറ്റെടുക്കാന്‍ സ്വയം സന്നദ്ധത അറിയിച്ചിരിക്കുകയാണ് മുന്‍ സൂപ്പര്‍ താരവും ഇംഗ്ലണ്ട് ലെജന്‍ഡുമായ കെവിന്‍ പീറ്റേഴ്‌സണ്‍. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ സുപരിചിതനായ ക്രിക് ക്രേസി ജോണ്‍സ് എന്ന ജോണ്‍സിന്റെ എക്‌സ് പോസ്റ്റില്‍ മറുപടിയായാണ് പീറ്റേഴ്‌സണ്‍ പരിശീലകനാകാനുള്ള സന്നദ്ധത അറിയിച്ചത്.
ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ബാറ്റര്‍മാരില്‍ പ്രധാനിയെന്ന ഖ്യാതിയോടെയാണ് കെവിന്‍ പീറ്റര്‍ പീറ്റേഴ്‌സണ്‍ എന്ന കെവിന്‍ പീറ്റേഴ്‌സണ്‍ 22 യാര്‍ഡിനോട് വിടപറഞ്ഞത്. ത്രീ ലയണ്‍സിനായി 104 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച താരം 181 ഇന്നിങ്‌സില്‍ നിന്നും 47.28 ശരാശരിയില്‍ 8,181 റണ്‍സാണ് സ്വന്തമാക്കിയത്.
ടെസ്റ്റില്‍ 23 സെഞ്ച്വറിയും 35 അര്‍ധ സെഞ്ച്വറിയും പീറ്റേഴ്‌സണ്‍ അടിച്ചെടുത്തിട്ടുണ്ട്. 2010ലെ ഇംഗ്ലണ്ടിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അഡ്‌ലെയ്ഡില്‍ വെച്ച് നേടിയ 227 റണ്‍സാണ് റെഡ് ബോള്‍ ഫോര്‍മാറ്റിലെ താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍.
ഏകദിനത്തില്‍ ബാറ്റെടുത്ത 125 ഇന്നിങ്‌സില്‍ നിന്നും 40.373 ശരാശരിയില്‍ 4440 റണ്‍സും 36 ടി-20ഐ ഇന്നിങ്‌സില്‍ നിന്നും 1176 റണ്‍സും പീറ്റേഴ്‌സണ്‍ സ്വന്തമാക്കിയിട്ടുണ്ട്.
അതേസമയം, ഇംഗ്ലണ്ടിനെതിരായ വൈറ്റ് ബോള്‍ പരമ്പരകളാണ് ഇന്ത്യയ്ക്ക് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളുടെ ടി-20 പരമ്പരയും മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരകയുമാണ് ഇംഗ്ലണ്ട് ഇന്ത്യയിലെത്തി കളിക്കുക.
Content Highlight: Former England superstar Kevin Pietersen has volunteered to join Gautam Gambhir-led coaching staff as batting coach.