കഴിഞ്ഞദിവസം ചെന്നൈയില്‍ ട്രെയിനില്‍ വെച്ച് ഇതരസംസ്ഥാന തൊഴിലാളിക്ക് മര്‍ദനമേറ്റതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. തമിഴ് സംസാരിക്കാന്‍ ആജ്ഞാപിച്ചുകൊണ്ടായിരുന്നു യുവാക്കളുടെ സംഘം സൂരജ് എന്ന ഇതരസംസ്ഥാനക്കാരനെ മര്‍ദിച്ചത്. കൈയില്‍ അരിവാള്‍ വെച്ചുകൊണ്ടായിരുന്നു യുവാക്കളുടെ അതിക്രമം.
അക്രമത്തില്‍ പരിക്കേറ്റ സൂരജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. 18 വയസ് പോലും തികയാത്ത കുട്ടികളാണ് അക്രമത്തിന് പിന്നിലെന്ന് പലരും ആരോപിക്കുന്നു. തമിഴ്‌നാട്ടില്‍ അടുത്തിടെയായി ഇത്തരം ആക്രമങ്ങള്‍ കൂടിവരികയാണെന്ന് പലരും അഭിപ്രായപ്പെടുന്നത്.
ഇതിനെല്ലാം കാരണം പുതിയ കാലത്തെ സിനിമകളാണെന്നാണ് ഇക്കൂട്ടരുടെ വാദം. തമിഴിലെ മുന്‍നിര സംവിധായകരായ വെട്രിമാരന്‍, പാ. രഞ്ജിത് തുടങ്ങിയവരുടെ സിനിമകളാണ് തമിഴ്‌നാട്ടില്‍ വയലന്‍സ് അധികമാകാന്‍ കാരണമെന്നാണ് ചില വലതുപക്ഷപേജുകള്‍ വാദിക്കുന്നത്. സമൂഹത്തിലെ അസമത്വങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്ന വെട്രിമാരന്റെയും പാ. രഞ്ജിത്തിന്റെയും സിനിമകള്‍ പുതിയ തലമുറയെ വഴി തെറ്റിക്കുന്നെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ ഇത്തരം വാദങ്ങള്‍ക്ക് മറുപടിയുമായി ചില തമിഴ് പേജുകള്‍ രംഗത്തെത്തിയിട്ടുണ്ട്. വയലന്‍സിന് കാരണം വെട്രിമാരന്റെ സിനിമകളാണെന്ന് പറയുന്നവര്‍, തെളിവില്ലാതെ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം ജീത്തു ജോസഫാണെന്ന് പറയുമോ എന്നാണ് നിതീഷ് ഭരദ്വാജ് എന്ന ഐ.ഡി പോസ്റ്റില്‍ ചോദിച്ചത്.
‘വെട്രിമാരന്റെ സിനിമ കണ്ട് വയലന്‍സും റൗഡിസവും പഠിക്കുമെന്ന് പറയുന്നവര്‍ക്ക് ക്രിസ്റ്റഫര്‍ നോളന്റെ സിനിമകള്‍ കാണിച്ചുകൊടുക്കുക. ബ്ലാക്ക് ഹോള്‍, തിയററ്റിക്കല്‍ ഫിസിക്‌സ്, മള്‍ട്ടിപ്പിള്‍ ഡൈമന്‍ഷന്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് പഠിക്കുമോ എന്ന് നോക്കാം’, ‘ഓരോ തവണയും തമിഴ്‌നാട്ടില്‍ എന്തെങ്കിലും അതിക്രമം നടക്കുമ്പോള്‍ വെട്രിമാരനും പാ. രഞ്ജിത്തും അതിന് ഇരയാകുന്നുണ്ട്’ എന്നിങ്ങനെയാണ് പോസ്റ്റുകള്‍.
എന്നാല്‍ ഈ വിഷയത്തെ രാഷ്ട്രീയ ആയുധമായും ചില വലതുപക്ഷപേജുകള്‍ ഉപയോഗിക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ ഹിന്ദി ഭാഷക്കെതിരെ വലിയ ക്യാമ്പയിന്‍ നടക്കുന്നുണ്ടെന്ന് ചില പേജുകള്‍ ആരോപിക്കുന്നു. ജയ് ഭീം എന്ന സിനിമയില്‍ പ്രകാശ് രാജിന്റെ കഥാപാത്രം ഹിന്ദി സംസാരിക്കുന്ന ഒരാളെ തല്ലുന്ന രംഗം പങ്കുവെച്ചുകൊണ്ടാണ് ഇത്തരം പോസ്റ്റുകള്‍.
കഴിഞ്ഞദിവസം കേരളത്തില്‍ നടന്ന ആള്‍ക്കൂട്ട കൊലപാതകവും തമിഴ്‌നാട്ടിലെ ഈ ആള്‍ക്കൂട്ട മര്‍ദനവും ഒരുപോലെയാണെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ദുര്‍ബലനായ ഒരാളെ കീഴ്‌പ്പെടുത്തുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുടെ പ്രതിനിധികളാണ് ഇവരെന്നും അഭിപ്രായപ്പെട്ടുകൊണ്ട് ചില പോസ്റ്റുകള്‍ ചര്‍ച്ചയായി മാറി.
Content Highlight: Vetrimaaran and Pa. Ranjith movies getting criticisms for Violence in Tamilnadu