തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് വെട്രിമാരന്‍. ബാലു മഹേന്ദ്രയുടെ അസിസ്റ്റന്റായി കരിയറാരംഭിച്ച വെട്രിമാരന്‍ 2007ല്‍ റിലീസായ പൊല്ലാതവനിലൂടെയാണ് സ്വതന്ത്രസംവിധായകനാകുന്നത്. 14 വര്‍ഷത്തെ കരിയറില്‍ വെറും ആറ് സിനിമകള്‍ മാത്രം സംവിധാനം ചെയ്ത വെട്രിമാരന്‍ സംവിധായകന്‍, നിര്‍മാതാവ് എന്നീ വിഭാഗങ്ങളില്‍ അഞ്ച് ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
തമിഴിലെ മികച്ച സംവിധായകരിലൊരാളായ റാമിനെക്കുറിച്ച് സംസാരിക്കുകയാണ് വെട്രിമാരന്‍. താനും റാമും ബാലു മഹേന്ദ്രയുടെ സംവിധാന സഹായികളായാണ് കരിയര്‍ ആരംഭിച്ചതെന്ന് വെട്രിമാരന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ ഓഫീസിലായിരുന്നു മിക്കപ്പോഴും താന്‍ സമയം ചെലവഴിച്ചിരുന്നതെന്നും തന്നോട് ഓഫീസിലെ കാര്യങ്ങള്‍ നോക്കാന്‍ അദ്ദേഹം ആവശ്യപ്പെടാറുണ്ടായിരുന്നെന്നും വെട്രിമാരന്‍ പറയുന്നു.
ഒരുദിവസം താന്‍ ഓഫീസിലിരിക്കുമ്പോള്‍ അദ്ദേഹം വന്നെന്നും ഒരുപാട് കാലത്തിന് ശേഷം ഒരു പുതുമുഖ സംവിധായകന്റെ സിനിമക്ക് ക്യാമറ ചെയ്യാന്‍ പോകുന്നെന്ന് തന്നോട് പറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആരാണ് ആ സംവിധായകനെന്ന് അന്വേഷിച്ചപ്പോള്‍ അത് റാം ആണെന്ന് മനസിലായെന്നും തനിക്ക് കിട്ടാത്ത ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചതിനാല്‍ തനിക്ക് അസൂയ തോന്നിയെന്നും വെട്രിമാരന്‍ പറഞ്ഞു. എസ്.എസ്. മ്യൂസിക്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ബാലു സാറിന്റെ അസിസ്റ്റന്റ്‌സായിരുന്നു ഞാനും റാമും. പക്ഷേ, ഒരുമിച്ച് ഒരു സിനിമയില്‍ ഇതുവരെ വര്‍ക്ക് ചെയ്തിട്ടില്ല. ബാലു സാറിന്റെ ഓഫീസ് നോക്കിനടത്താനാണ് അദ്ദേഹം എന്നോട് ആവശ്യപ്പെട്ടത്. രാവിലെ ഒമ്പത് മണിക്ക് എത്തണമെന്ന് പറഞ്ഞാലും ഞാന്‍ പത്തുമണിയൊക്കെ ആകുമ്പോഴാണ് എത്താറുള്ളത്. ഒരുദിവസം എങ്ങനെയോ ഒമ്പത് മണിക്ക് മുമ്പ് ഓഫീസിലെത്തി.
അന്ന് ബാലു സാര്‍ ഓഫീസില്‍ വന്നിരുന്നു. എന്തോ ചിന്തയിലായിരുന്നു അദ്ദേഹം. എന്താണ് കാര്യമെന്ന് ചോദിച്ചപ്പോള്‍ ‘ഒരു കഥ ഇന്ന് കേട്ടു. വളരെ നന്നായിട്ടുണ്ട്. അതിന് ഞാന്‍ ക്യാമറ ചെയ്താലോ എന്ന് ആലോചിക്കുകയായിരുന്നു’ എന്നായിരുന്നു മറുപടി. പുതിയ സംവിധായകന്റെ സിനിമയെന്ന് കൂടി കേട്ടപ്പോള്‍ എനിക്ക് അതിശയമായി. ബാലു സാറിനെ ആദ്യ സിനിമയില്‍ തന്നെ ഇംപ്രസ് ചെയ്ത സംവിധായകന്‍ ആരാണെന്നറിയാന്‍ കൊതിയായി.
അത് റാം ആണെന്ന് അദ്ദേഹം പറഞ്ഞു. എനിക്ക് അതോടെ റാമിനോട് അസൂയയായി. കാരണം, അതിന് മുമ്പ് ബാലു സാര്‍ ഒരു പുതുമുഖത്തിന്റെ സിനിമക്ക് ക്യാമറ ചെയ്തിട്ടുണ്ട്. അത് മണിരത്‌നത്തിന്റെ പടത്തിനായിരുന്നു. എന്നാല്‍ സിനിമയുടെ ഷൂട്ട് തുടങ്ങിയപ്പോള്‍ ബാലു സാറിന് അതില്‍ ജോയിന്‍ ചെയ്യാന്‍ സാധിച്ചില്ല. അദ്ദേഹത്തിന് അത് നഷ്ടമായെന്ന് പലപ്പോഴായി പറഞ്ഞിട്ടുണ്ട്,’ വെട്രിമാരന്‍ പറഞ്ഞു.
Content Highlight: Vetrimaaran about director Ram and Balu Mahendra