| Tuesday, 4th March 2025, 10:00 pm

എന്നോട് ആ നടന്‍ സംസാരിച്ച രീതി എനിക്കിഷ്ടപ്പെട്ടില്ല, അയാളുടെ എല്ലാ സീനും നീക്കം ചെയ്ത് പൈസ കൊടുത്തുവിട്ടു: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മാമാങ്കം എന്ന ചിത്രത്തിലൂടെ സിനിമാനിര്‍മാണരംഗത്തേക്ക് കടന്നുവന്നയാളാണ് വേണു കുന്നപ്പിള്ളി. ആദ്യ ചിത്രം പ്രതീക്ഷിച്ച വിജയം നേടിയില്ല. ചിത്രത്തിന്റെ ഫേക്ക് കളക്ഷന്‍ പോസ്റ്ററുകള്‍ക്കെതിരെയും വിമര്‍ശനങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് മലയാളത്തിലെ മികച്ച നിര്‍മാതാക്കളിലൊരാളായി വേണു മാറി. 2018 എവരിവണ്‍ ഈസ് എ ഹീറോ, മാളികപ്പുറം, രേഖാചിത്രം തുടങ്ങിയ ഹിറ്റുകള്‍ വേണു നിര്‍മിച്ചു.

തന്നോട് മോശമായി സംസാരിച്ച നടനെ ഒരു സിനിമയില്‍ നിന്ന് നീക്കം ചെയ്‌തെന്ന് പറയുകയാണ് വേണു കുന്നപ്പള്ളി. അയാള്‍ ഒരു മെയിന്‍ നടന്‍ അല്ലെന്നും ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ ആളായിരുന്നെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. അയാള്‍ ഒരു ദിവസം തന്നോട് ആവശ്യമില്ലാതെ തര്‍ക്കിച്ചെന്നും മോശമായ രീതിയില്‍ സംസാരിച്ചെന്നും വേണു കൂട്ടിച്ചേര്‍ത്തു.

അയാളുടെ സീനുകള്‍ മൊത്തം സിനിമയില്‍ നിന്ന് നീക്കം ചെയ്‌തെന്നും പൈസ മുഴുവന്‍ കൊടുത്ത് പറഞ്ഞുവിട്ടെന്നും വേണു പറയുന്നു. ഷൂട്ട് ചെയ്ത സീനുകള്‍ കളയാന്‍ സാധ്യതയില്ലെന്ന കോണ്‍ഫിഡന്‍സിലായിരുന്നു അയാള്‍ തര്‍ക്കിച്ചതെന്നും എന്നാല്‍ താന്‍ അത് കാര്യമായി എടുത്തില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു.

അത്യാവശ്യം പൈസയൊക്കെ ആ ഒരു സംഭവത്തില്‍ പോയെന്നും എന്നാല്‍ മുഴുവന്‍ പൈസ പോയിക്കഴിഞ്ഞാലും തനിക്ക് കുഴപ്പമില്ലായിരുന്നെന്നും വേണു കുന്നപ്പള്ളി കൂട്ടിച്ചേര്‍ത്തു. അത് ചെയ്യാന്‍ താന്‍ മടി കാണിച്ചില്ലായിരുന്നെന്നു വേണു കുന്നപ്പിള്ളി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

‘ഒരു ആക്ടര്‍, അയാളുടെ പേരൊന്നും ഞാന്‍ പറയില്ല. അയാള്‍ അത്ര മെയിന്‍ ആക്ടറൊന്നുമല്ല. ചെറിയ റോളൊക്കെ ചെയ്ത് അയാള്‍ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഒരുദിവസം അയാള്‍ എന്നെ വിളിച്ച് മോശമായി സംസാരിച്ചു. ഒരുപാട് തര്‍ക്കിച്ചു. ആ സംസാരരീതി എനിക്ക് ഇഷ്ടപ്പെട്ടില്ല. അയാളെ ആ സിനിമയില്‍ നിന്ന് തന്നെ ഞാന്‍ മാറ്റി. മുഴുവന്‍ പൈസയും കൊടുത്തുവിട്ടു.

ഷൂട്ട് ചെയ്ത സീനുകള്‍ കളയില്ലെന്ന കോണ്‍ഫിഡന്‍സാലാണ് അയാള്‍ പിന്നീട് സംസാരിക്കാന്‍ വന്നത്. പക്ഷേ, അയാളുടെ സീനുകള്‍ എല്ലാം പടത്തില്‍ നിന്ന് മാറ്റി. കുറച്ച് പൈസയൊക്കെ അതിന്റെ പേരില്‍ പോയി. പക്ഷേ, മുഴുവന്‍ പൈസയും പോയാലും കാര്യമില്ലെന്ന സ്റ്റാന്‍ഡായിരുന്നു എനിക്ക്. അത് ചെയ്യാന്‍ ഞാന്‍ മടിയൊന്നും കാണിച്ചില്ല,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Venu Kunnappilly shares a bad experience he got from an actor

We use cookies to give you the best possible experience. Learn more