| Monday, 10th March 2025, 11:08 am

മാളികപ്പുറം 100 കോടിയൊന്നും നേടിയില്ല, 2018ന്റെ കളക്ഷന്‍ സത്യമാണ്: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അഭിലാഷ് പിള്ളയുടെ തിരക്കഥയില്‍ വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ചിത്രമാണ് മാളികപ്പുറം. ഉണ്ണി മുകുന്ദന്‍, ദേവനന്ദ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം വലിയ വിജയം സ്വന്തമാക്കിയിരുന്നു. കാവ്യ ഫിലിം കമ്പനിയുടെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മിച്ചത്. മാമാങ്കത്തിന് ശേഷം വേണു നിര്‍മിച്ച ചിത്രം കൂടിയായിരുന്നു മാളികപ്പുറം.

ചിത്രം 100 കോടി കളക്ഷന്‍ നേടിയെന്ന് പല പോസ്റ്ററുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രം 100 കോടി കളക്ട് ചെയ്തില്ലെന്ന് വെളിപ്പെടുത്തുകയാണ് വേണു കുന്നപ്പിള്ളി. ചിത്രം ആകെ 75 കോടി മാത്രമാണ് സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ് അടക്കം നേടിയതെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു. എന്നാല്‍ 2018 സിനിമ 200 കോടി നേടിയിട്ടുണ്ടെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു.

ഒ.ടി.ടി റൈറ്റ്‌സും മറ്റ് ബിസിനസും എല്ലാം ചേര്‍ന്ന് 200 കോടി നേടിയ ചിത്രമാണ് 2018 എന്നും ഇന്‍ഡസ്ട്രിയല്‍ ഹിറ്റാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. ആദ്യചിത്രമായ മാമാങ്കത്തിന്റെ 135 കോടി നേടിയെന്ന് പറയുന്ന പോസ്റ്ററിനെക്കുറിച്ചും വേണു കുന്നപ്പിള്ളി സംസാരിച്ചു. ചിത്രം ആദ്യദിവസം കഴിഞ്ഞപ്പോള്‍ തന്നെ വലിയ ഡ്രോപ്പിലേക്ക് പോയെന്ന് വേണു കുന്നപ്പിള്ളി പറഞ്ഞു.

ആളുകളെ കയറ്റാന്‍ വേണ്ടിയാണ് അന്ന് അങ്ങനെയൊരു പോസ്റ്റര്‍ ഇറക്കിയതെന്നും കൂടെയുണ്ടായിരുന്നവര്‍ ഉപദേശിച്ചതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നും വേണു കുന്നപ്പിള്ളി കൂട്ടിച്ചേര്‍ത്തു. ഇന്നും പല ട്രോളുകളും മാമാങ്കത്തിന്റെ പേരില്‍ വരുന്നത് കാണാറുണ്ടെന്നും ഒരുപാട് പ്രശ്‌നങ്ങള്‍ നേരിട്ട ശേഷം പൂര്‍ത്തിയാക്കിയ സിനിമയാണ് മാമാങ്കമെന്നും വേണു കുന്നപ്പിള്ളി പറഞ്ഞു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു വേണു കുന്നപ്പിള്ളി.

‘മാളികപ്പുറം 100 കോടി കളക്ട് ചെയ്തിട്ടില്ല. ആ പടം ആകെ 75 കോടി മാത്രമേ നേടിയുള്ളൂ. സാറ്റ്‌ലൈറ്റ്, ഒ.ടി.ടി റൈറ്റ്‌സ്, ബാക്കി ബിസിനസ് ഒക്കെ ചേര്‍ത്താണ് 75 കോടി. പക്ഷേ 2018ന്റെ 200 കോടി പോസ്റ്റര്‍ സത്യമാണ്. തിയേറ്ററില്‍ നിന്ന് 170 കോടിയോളം ആ പടം കളക്ട് ചെയ്തു. ബാക്കി ഒ.ടി.ടി, സാറ്റ്‌ലൈറ്റ് എല്ലാം ചേര്‍ത്ത് 200 കോടിയുടെ ബിസിനസ് നേടി.

മാമാങ്കത്തിന്റെ 135 കോടി പോസ്റ്റര്‍ അന്ന് പറ്റിയ അബദ്ധമായിരുന്നു. ആദ്യത്തെ ദിവസം തന്നെ പടം പലയിടത്തും ഡ്രോപ്പായി. അപ്പോള്‍ ഇങ്ങനെയൊരു പോസ്റ്റര്‍ വന്നാല്‍ ആളുകള്‍ തിയേറ്ററിലേക്ക് വരുമെന്ന് കൂടെയുണ്ടായിരുന്ന ഒരാള്‍ ഉപദേശിച്ചിട്ടാണ് അങ്ങനെ ചെയ്തത്. ഒരുപാട് പ്രശ്‌നം നേരിട്ട് പൂര്‍ത്തിയാക്കിയ ചിത്രമാണ് മാമാങ്കം. ഇന്നും പല ട്രോളുകളിലും മാമാങ്കം ഒരു വിഷയമായി വരാറുണ്ട്,’ വേണു കുന്നപ്പിള്ളി പറയുന്നു.

Content Highlight: Venu Kunnappilly says Malikappuram movie didn’t collect 100 crore

We use cookies to give you the best possible experience. Learn more