| Friday, 7th March 2025, 2:54 pm

മാമാങ്കം കോടികള്‍ നേടിയെന്ന പോസ്റ്ററിന്റെ യാഥാര്‍ത്ഥ്യം; അന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു: വേണു കുന്നപ്പിള്ളി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ മികച്ച ചലച്ചിത്ര നിര്‍മാതാക്കളില്‍ ഒരാളാണ് വേണു കുന്നപ്പിള്ളി. മമ്മൂട്ടി ചിത്രമായ മാമാങ്കം, ടിനു പാപ്പച്ചന്‍ ചിത്രമായ ചാവേര്‍, ജൂഡ് ആന്തണി ചിത്രമായ 2018, 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്നിവയെല്ലാം അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ എത്തിയ സിനിമകളാണ്.

അദ്ദേഹത്തിന്റെ നിര്‍മാണത്തില്‍ എത്തിയ ആദ്യ ചിത്രമായിരുന്നു മാമാങ്കം. എം. പത്മകുമാര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു മാമാങ്കം. മമ്മൂട്ടി നായകനായ ചിത്രം വന്‍ ബജറ്റിലാണ് ഒരുങ്ങിയത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.

എന്നാല്‍ മാമാങ്കം 130 കോടി കളക്ഷന്‍ നേടിയെന്ന തരത്തിലുള്ള പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇപ്പോള്‍ ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ ആ പോസ്റ്ററിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് പറയുകയാണ് വേണു കുന്നപ്പിള്ളി.

‘ജീവിതത്തിലെ ചില കാലഘട്ടങ്ങളില്‍ നമുക്ക് ചില മണ്ടത്തരങ്ങള്‍ പറ്റില്ലേ. നീന്താന്‍ അറിയാത്ത നമ്മള്‍ വെള്ളത്തില്‍ വീണാല്‍ മുങ്ങി താഴുമ്പോള്‍ ആരെങ്കിലും ഒരു പിടിവള്ളി ഇട്ടുതരുമ്പോള്‍ കയറി പിടിക്കില്ലേ.

മാമാങ്കം സിനിമ തിയേറ്ററിലേക്ക് വന്നപ്പോള്‍ ആദ്യത്തെ രണ്ട് ദിവസം നല്ല കളക്ഷനായിരുന്നു. പിന്നെ നേരെ താഴേക്ക് പോയി. അപ്പോഴാണ് നമുക്ക് ഒരു കേക്ക് കട്ട് ചെയ്താല്‍ എന്താണെന്ന് പറയുന്നത്. 115 കോടിയുടെ പോസ്റ്റര്‍ എഴുതി. എനിക്ക് അതൊന്നും അത്ര പരിചയമില്ലാത്ത കാര്യമാണ്.

പിന്നെ നമ്മുടെ ആള്‍ക്കാര്‍ തന്നെ ടി.ഡി.എം ഹാള്‍ ഗ്രൗണ്ടില്‍ നമുക്ക് ഒരു പരിപാടി വെച്ചിട്ട് കേക്ക് കട്ട് ചെയ്യാമെന്ന് പറഞ്ഞിരുന്നു. ഈ പരിപാടിക്ക് ഞാന്‍ നില്‍ക്കില്ലെന്ന് തന്നെ പറഞ്ഞു. ഞാന്‍ എങ്ങോട്ടും പോയില്ല. അതൊക്കെ അന്ന് മാത്രമായിരുന്നു.

പിന്നെ പണികള്‍ എന്താണെന്ന് പഠിച്ചു. എന്താണ് സിനിമയെന്നും സംവിധായകനെന്നും മനസിലാക്കി. സ്‌ക്രിപ്റ്റ് എന്താണെന്ന് പഠിച്ചു. സംവിധായകന്റെ കഴിവ് മാത്രമല്ല അയാളുടെ സ്വഭാവം എന്താണെന്ന് നോക്കണമെന്ന് പഠിച്ചു.

അതിന് ശേഷം പിന്നെ എന്റെ സിനിമയെ പറ്റി എവിടെയും ഒരു വിവാദം ഉണ്ടായിട്ടില്ല. ആ സമയത്ത് അബദ്ധത്തിന്റെ ഒരു യാത്രയായിരുന്നു,’ വേണു കുന്നപ്പിള്ളി പറഞ്ഞു.

Content Highlight: Venu Kunnapilly Talks About Collection Of Mamangam Movie

Latest Stories

We use cookies to give you the best possible experience. Learn more