സൗത്ത് ഇന്ത്യയിലെ മികച്ച സംവിധായകരിലൊരാളാണ് വെങ്കി അട്‌ലൂരി. തൊലി പ്രേമ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തേക്ക് കടന്നുവന്ന വെങ്കി വളരെ വേഗത്തില്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്തു. ധനുഷ് നായകനായ വാത്തി എന്ന ചിത്രത്തിലൂടെ തമിഴിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ദുല്‍ഖര്‍ സല്‍മാന നായകനാക്കി ഒരുക്കിയ ലക്കി ഭാസ്‌കര്‍ കഴിഞ്ഞവര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായി മാറി.
സൂര്യയെ നായകനാക്കിയാണ് വെങ്കി തന്റെ അടുത്ത ചിത്രമൊരുക്കുന്നത്. സൂര്യ 46 എന്ന് താത്കാലിക ടൈറ്റില്‍ നല്‍കിയിരിക്കുന്ന പ്രൊജക്ടിനെക്കുറിച്ച് സംസാരിക്കുകയാണ് വെങ്കി അട്‌ലൂരി. ഇന്ത്യയിലെ വാഹനവിപണിയില്‍ വിപ്ലവമുണ്ടാക്കിയ മാരുതി 800 എന്ന കാറിന്റെയും അതിന് വേണ്ടി പ്രവര്‍ത്തിച്ച സഞ്ജയ് ഗാന്ധിയുടെയും കഥയായിരുന്നു ആദ്യം ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ സൂരറൈ പോട്ര്, ജയ് ഭീം എന്നീ സിനിമകളില്‍ റിയല്‍ ലൈഫ് കഥാപാത്രങ്ങളെ അവതരിപ്പിച്ചതിനാല്‍ ബയോപിക്കുകള്‍ തത്കാലം ചെയ്യുന്നില്ലെന്ന് അദ്ദേഹം അറിയിച്ചെന്നും വെങ്കി കൂട്ടിച്ചേര്‍ത്തു. സൂര്യക്ക് വേണ്ടി പിന്നീട് ഒരു ഫാമിലി സബ്ജക്ടാണ് താന്‍ ഒരുക്കിയതെന്നും വണ്‍ലൈന്‍ അദ്ദേഹത്തിന് ഇഷ്ടമായെന്നും വെങ്കി അട്‌ലൂരി പറയുന്നു. എന്‍.ടി.വി. തെലുങ്കിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സൂര്യ സാറുമായി ഒരു പ്രൊജക്ട് എന്ന് പറഞ്ഞപ്പോള്‍ ആദ്യം മനസില്‍ വന്നത് സഞ്ജയ് ഗാന്ധിയുടെ കഥയാണ്. ഇന്ത്യയിലെ വാഹനവിപണിയില്‍ അദ്ദേഹം കൊണ്ടുവന്ന വിപ്ലവമാണ് മാരുതി 800. ആ കാറിന് പിന്നില്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ സിനിമയാക്കാവുന്ന കാര്യമാണ്. 786 സി.സി എന്ന പേരിലായിരുന്നു ആ കഥ ചെയ്യാന്‍ ഉദ്ദേശിച്ചത്. അതിന്റൈ റൈറ്റ്‌സെല്ലാം വാങ്ങിയതുമാണ്.
പക്ഷേ, സൂര്യ സാര്‍ ഓള്‍റെഡി രണ്ട് ബയോപിക് ചെയ്ത് നില്‍ക്കുകയാണ്. സൂരറൈ പോട്രും ജയ് ഭീമും. ഇനിയൊരു ബയോപിക് കൂടി ചെയ്യുന്നത് ശരിയായി തോന്നിയില്ല. വേറെ ഏത് ഴോണര്‍ ചെയ്യാമെന്ന് വിചാരിച്ചപ്പോള്‍ അദ്ദേഹത്തെ വെച്ച് ഒരു ഫാമിലി ഡ്രാമ നന്നായിരിക്കുമെന്ന് തോന്നി. അങ്ങനെ മനസില്‍ വന്ന ഒരു കഥ അദ്ദേഹത്തോട് പറഞ്ഞു.
അതിനെ സ്‌ക്രിപ്റ്റാക്കാന്‍ പറഞ്ഞതനുസരിച്ച് സ്‌ക്രിപ്റ്റ് രൂപത്തിലേക്ക് മാറ്റി. സൂര്യ സാര്‍ അത്തരത്തില്‍ ഫാമിലി സബ്ജക്ടുകള്‍ ഒന്നും അധികം ചെയ്തിട്ടില്ല. ആ ഒരു കോണ്‍ഫിഡന്‍സ് വെച്ചാണ് ഈ കഥ കംപ്ലീറ്റാക്കിയത്. സൂര്യ സാര്‍ ചെയ്ത കഥാപാത്രങ്ങളില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സഞ്ജയ് രാമസാമിയാണ്. അതുപോലെ ഒരു ഷെയ്ഡ് ഈ കഥയില്‍ പിടിച്ചുപോകുന്നുണ്ട്,’ വെങ്കി അട്‌ലൂരി പറയുന്നു.
Content Highlight: Venky Atluri saying he wished to do the biopic of Sanjay Gandhi with Suriya