മര്‍ദനം, പട്ടിണി, ലൈംഗികാതിക്രമം; തടവറയിലെ ക്രൂരപീഡനങ്ങള്‍ തുറന്നുപറഞ്ഞ് യു.എസ് നാടുകടത്തിയ വെനസ്വേലന്‍ കുടിയേറ്റക്കാര്‍
World
മര്‍ദനം, പട്ടിണി, ലൈംഗികാതിക്രമം; തടവറയിലെ ക്രൂരപീഡനങ്ങള്‍ തുറന്നുപറഞ്ഞ് യു.എസ് നാടുകടത്തിയ വെനസ്വേലന്‍ കുടിയേറ്റക്കാര്‍
ആര്യ. പി
Friday, 27th March 2026, 3:30 pm

സാന്‍സാല്‍വഡോര്‍: എല്‍ സാല്‍വഡോറിലെ കുപ്രസിദ്ധമായ ‘സെക്കോട്ട്’ (CECOT) ജയിലില്‍ തടവിലാക്കപ്പെട്ട വെനസ്വേലന്‍ കുടിയേറ്റക്കാര്‍ അനുഭവിച്ചത് ക്രൂരമായ പീഡനങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും. റോയിട്ടേഴ്‌സാണ് ഇതുസംബന്ധിച്ച ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്.

യു.എസ് നാടുകടത്തിയതിനെത്തുടര്‍ന്ന് സാല്‍വഡോറിലെ നരകതുല്യമായ തടവറയില്‍ അകപ്പെട്ട 18 വെനസ്വേലന്‍ യുവാക്കളാണ് സാല്‍വഡോര്‍ അധികൃതര്‍ക്കെതിരെ അന്താരാഷ്ട്രതലത്തില്‍ നടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. ഇവര്‍ക്കെതിരെ പീഡനം, ലൈംഗികാതിക്രമം, വൈദ്യസഹായം നിഷേധിക്കല്‍ തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളാണ് വെനസ്വേലന്‍ പൗരന്മാര്‍ ഉന്നയിക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഒരു കുറ്റപത്രം പോലുമില്ലാതെ എല്‍ സാല്‍വഡോറിലെ തീവ്രവാദ തടവറയിലേക്ക് മാറ്റപ്പെട്ട തങ്ങള്‍ കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്കിരകളായെന്ന് ചൂണ്ടികാട്ടി ഇന്റര്‍-അമേരിക്കന്‍ മനുഷ്യാവകാശ കമ്മീഷന് മുമ്പാകെ വ്യാഴാഴ്ച ഇവര്‍ ഹരജി സമര്‍പ്പിച്ചു.

2025 മാര്‍ച്ചില്‍ യു.എസ് ഭരണകൂടം സെക്കോട്ടിലേക്ക് മാറ്റിയ 288 വെനസ്വേലക്കാരും സാല്‍വഡോറിയക്കാരും ഉള്‍പ്പെട്ട സംഘത്തിലെ 18 പേര്‍ക്ക് വേണ്ടിയാണ് മനുഷ്യാവകാശ സംഘടനകള്‍ ഈ ഹരജി നല്‍കിയത്.

തടവിലായിരുന്ന കാലയളവില്‍ നിരന്തരമായ മര്‍ദനം, അപമാനം, ലൈംഗികാതിക്രമം എന്നിവയുള്‍പ്പെടെ ആസൂത്രിതമായ ദുരുപയോഗങ്ങള്‍ നടന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

യു.എസില്‍ നിന്ന് നാടുകടത്തപ്പെട്ട ഇവരില്‍ പലര്‍ക്കും ക്രിമിനല്‍ പശ്ചാത്തലമില്ലായിരുന്നു. ശരീരത്തിലെ നിരുപദ്രവകരമായ ടാറ്റൂകള്‍ ചൂണ്ടിക്കാട്ടി ഇവര്‍ ‘ട്രെന്‍ ഡി അരാഗ്വ’ എന്ന കുപ്രസിദ്ധ ഗുണ്ടാസംഘത്തിലെ അംഗങ്ങളാണെന്ന് ട്രംപ് ഭരണകൂടം വ്യാജമായി ആരോപിച്ചാണ്  സെക്കോട്ടിലേക്ക് അയച്ചത്.

‘ഒരു വര്‍ഷം കഴിഞ്ഞിട്ടും ഈ മനുഷ്യര്‍ ഇപ്പോഴും നീതിക്കായി കാത്തിരിക്കുകയാണ്. അവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും അര്‍ഹമായ നീതി ലഭിക്കണം. ഇത് ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,’ ഹരജിയിലെ സഹ-ഉപദേഷ്ടാവും ഗ്ലോബല്‍ സ്ട്രാറ്റജിക് ലിറ്റിഗേഷന്‍ കൗണ്‍സില്‍ ഡയറക്ടറുമായ ബെല്ല മോസല്‍മാന്‍സ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മോചിതരായി വെനസ്വേലയിലേക്ക് മടങ്ങിയ ഇവര്‍ ഇപ്പോഴും ശാരീരികവും മാനസികവുമായ ആഘാതങ്ങളില്‍ നിന്ന് മുക്തരായിട്ടില്ല. ദീര്‍ഘകാലം ചങ്ങലയ്ക്കിട്ടതുമൂലം ശരീരത്തിലുണ്ടായ മുറിവുകള്‍ താന്‍ അനുഭവിച്ച ഭീകരതയുടെ നിരന്തരമായ ഓര്‍മ്മപ്പെടുത്തലാണെന്ന് തടവുകാരിലൊരാള്‍ പറഞ്ഞു.

ജയിലില്‍ ഉദ്യോഗസ്ഥര്‍ സെല്ലുകളില്‍ താക്കോലുകള്‍ കൊണ്ട് തട്ടി ശബ്ദമുണ്ടാക്കി തങ്ങളെ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചിരുന്നു. ഇന്നും താക്കോലുകള്‍ കൂട്ടിമുട്ടുന്ന ശബ്ദം കേള്‍ക്കുമ്പോള്‍ താന്‍ പരിഭ്രാന്തിയിലാകുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി.

സ്വന്തം രാജ്യത്ത് ഇപ്പോഴും ഭീഷണിയുള്ളതിനാല്‍ ഇവരുടെ പേരുകള്‍ അജ്ഞാതമായി സൂക്ഷിക്കണമെന്ന് അഭിഭാഷകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

എല്‍ സാല്‍വഡോറില്‍ വിമാനം ഇറങ്ങിയ നിമിഷം മുതല്‍ പൊലീസ് തന്നെ മര്‍ദ്ദിച്ചുവെന്ന് മറ്റൊരു തടവുകാരന്‍ സാക്ഷ്യപ്പെടുത്തി. വാരിയെല്ലുകളില്‍ അടിച്ചും കൈകള്‍കൊണ്ട് ക്രൂരമായി അടിച്ചും പീഡിപ്പിച്ചു.

നാലുമാസത്തെ തടവിനിടയില്‍ ഡസന്‍ കണക്കിന് തവണ ഇദ്ദേഹത്തിന് മര്‍ദ്ദനമേറ്റു. മര്‍ദ്ദനത്തിന് ശേഷം ഒരാഴ്ചയോളം ശരിയായി നീങ്ങാനോ നടക്കാനോ കഴിയാത്ത അവസ്ഥയായിരുന്നു.

അടുത്ത സെല്ലുകളില്‍ നിന്ന് തടവുകാരുടെ വേദനകൊണ്ടുള്ള നിലവിളികള്‍ എപ്പോഴും കേള്‍ക്കാമായിരുന്നുവെന്നും, ‘സെക്കോട്ടില്‍ മനുഷ്യാവകാശങ്ങള്‍ എന്നൊന്നില്ല’ എന്ന് ഗാര്‍ഡുകള്‍ പലതവണ തങ്ങളോട് പറഞ്ഞതായും ഇവര്‍ ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ജനാലകളോ എയര്‍ കണ്ടീഷനിങ്ങോ ഇല്ലാത്ത ഇടുങ്ങിയ സെല്ലുകളിലാണ് ഇവരെ പാര്‍പ്പിച്ചത്. 24 മണിക്കൂറും പ്രകാശമാനമായ ലൈറ്റുകള്‍ കത്തിച്ചുവെച്ച് ഉറക്കം നിഷേധിച്ചു. ‘പകലോ രാത്രിയോ എന്ന് തിരിച്ചറിയാന്‍ പോലും കഴിഞ്ഞില്ല. സ്ഥിരമായ വെളിച്ചമുള്ള കൂട്ടില്‍ വളര്‍ത്തുന്ന ഒരു കോഴിയെപ്പോലെയാണ് എനിക്ക് തോന്നിയത്,’ തടവുകാരിലൊരാള്‍ പറഞ്ഞു.

ടാങ്കിലെ പുഴുക്കളും കൊതുകുകളും നിറഞ്ഞ വെള്ളമാണ് കുടിക്കാനും കുളിക്കാനും നല്‍കിയിരുന്നത്. വൃത്തിഹീനമായ ഭക്ഷണവും വെള്ളവും മൂലം മാസങ്ങളോളം വയറിളക്കവും വയറുവേദനയും അനുഭവിച്ചതായും ഇവര്‍ പറയുന്നു.

കഠിനമായ പീഡനത്തില്‍ സഹികെട്ട് ചില തടവുകാര്‍ നിരാഹാര സമരം നടത്തുകയും കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തിട്ടും ഡോക്ടര്‍മാരോ ഗാര്‍ഡുകളോ തിരിഞ്ഞുനോക്കിയില്ലെന്നും തടവുകാര്‍ പറയുന്നു.

നാലുമാസത്തെ തടവിനുശേഷം 252 വെനസ്വേലക്കാരെ മോചിപ്പിച്ചുവെങ്കിലും, യു.എസ് ആരോപണം വിശ്വസിച്ച് പല തൊഴിലുടമകളും ജോലി നല്‍കാന്‍ തയ്യാറാകാത്തതിനാല്‍ വെനസ്വേലയില്‍ ഇവരുടെ ജീവിതം ദുസ്സഹമാണ്. അതേസമയം, സെക്കോട്ടിലേക്ക് അയച്ച 36 സാല്‍വഡോറിയക്കാരെക്കുറിച്ച് ഇപ്പോഴും വിവരമില്ലെന്ന പരാതിയുമായി കുടുംബങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

സെക്കോട്ടിലേക്ക് കുടിയേറ്റക്കാരെ മാറ്റുന്നതിനുള്ള യു.എസ്-എല്‍ സാല്‍വഡോര്‍ കരാര്‍ അന്താരാഷ്ട്ര മനുഷ്യാവകാശ കണ്‍വെന്‍ഷന്റെ ലംഘനമാണെന്ന് പ്രഖ്യാപിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു.

ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും പരസ്യമായി ക്ഷമാപണം നടത്താനും എല്‍ സാല്‍വഡോറിനോട് നിര്‍ദ്ദേശിക്കണമെന്ന് ഹരജിയില്‍ പറയുന്നു.

ട്രംപ് ഭരണകൂടം 1798-ലെ ‘ഏലിയന്‍ എനിമീസ് ആക്ട്’ നിയമവിരുദ്ധമായി പ്രയോഗിച്ചുവെന്ന് കാട്ടി യു.എസ് കോടതികളിലും കേസുകള്‍ നിലവിലുണ്ട്.

നെയ്യര്‍വര്‍ അഡ്രിയാന്‍ ലിയോണ്‍ റെഞ്ചല്‍ എന്ന 28കാരന്‍ തന്നെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചതിന് 1.3 മില്യണ്‍ ഡോളര്‍ (ഏകദേശം 10 കോടിയിലധികം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരുന്നു.

അതേസമയം എല്‍ സാല്‍വഡോറിലെ പ്രസിഡന്റ് നായിബ് ബുക്കെലെയുടെ നേതൃത്വത്തിലുള്ള ഭരണകൂടം അന്താരാഷ്ട്ര സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുമോയെന്ന് വ്യക്തമല്ല.

2022 മുതല്‍ എല്‍ സാല്‍വഡോറില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ എന്ന പേരില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം കൃത്യമായ നിയമനടപടികളില്ലാതെ രാജ്യത്തെ ജനസംഖ്യയുടെ 1.4% പേരെയും സര്‍ക്കാര്‍ ജയിലിലടച്ചു.

എങ്കിലും, ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നീതി ലഭിക്കാനായുള്ള പോരാട്ടം തുടരുമെന്ന് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കിയിട്ടുണ്ട്.

Content Highlight: Venezuelans deported by US detail fresh claims of torture and abuse at El Salvador mega-prison

 

 

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.