മഡൂറോയ്ക്ക് പിന്തുണയുമായി വെനസ്വേലൻ സർക്കാർ
Venezuela
മഡൂറോയ്ക്ക് പിന്തുണയുമായി വെനസ്വേലൻ സർക്കാർ
ശ്രീലക്ഷ്മി എ.വി.
Monday, 5th January 2026, 8:13 am

കാരാക്കാസ്: യു.എസ് സൈന്യം ബന്ദിയാക്കിയ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വെനസ്വേലൻ സർക്കാർ.

മഡൂറയെ വെനസ്വേലൻ സർക്കാർ ഐക്യത്തോടെ പിന്തുണക്കുന്നുവെന്ന് വെനസ്വേലൻ ആഭ്യന്തരമന്ത്രി ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു.

ശത്രുവിന്റെ പ്രകോപനങ്ങൾക്ക് വഴങ്ങരുതെന്നും നിക്കോളാസ് മഡൂറോ വെനസ്വേലയുടെ ഒരേയൊരു പ്രസിഡന്റാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെനസ്വേലയുടെ എണ്ണ ശേഖരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനാണ് അമേരിക്ക സംഘർഷങ്ങൾ ആരംഭിച്ചതെന്നും മഡൂറോയെ ബന്ദിയാക്കിയതെന്നും ഡിയോസ്ഡാഡോ കാബെല്ലോ പറഞ്ഞു.

മഡൂറോയെയും പങ്കാളിയെയും ബന്ദിയാക്കി വെനസ്വേലയുടെ നിയന്ത്രണം ഏറ്റെടുക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വെനസ്വേലൻ ആഭ്യന്തരമന്ത്രിയുടെ പരാമർശം.

മഡൂറോയുടെ പങ്കാളി സിലിയ ഫ്ലോറസിനെയും ബന്ദിയാക്കിയ ക്രിമിനൽ നടപടിക്കെതിരെ അന്താരാഷ്ട്ര തലത്തിൽ കടുത്ത അപലപനമാണ് ഉയരുന്നത്.

ഇതുസംബന്ധിച്ച് ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിൽ തിങ്കളാഴ്ച അടിയന്തര യോഗം ചേരുമെന്ന് റിപ്പോർട്ടുകളുണ്ട്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട വെനസ്വേലൻ സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമാണിത്.

ട്രൂജില്ലോ, ലാ ഗ്വൈറ തുടങ്ങിയ നഗരങ്ങളിൽ മഡൂറോയുടെ മോചനം ആവശ്യപ്പെട്ട് അദ്ദേഹത്തിന് പിന്തുണയുമായി വൻതോതിലുള്ള പ്രതിഷേധങ്ങൾ ഉയരുന്നതായി വെനസ്വേലൻ സ്റ്റേറ്റ് മീഡിയ റിപ്പോർട്ട് ചെയ്തു.

വെനസ്വേലയുടെ പരമാധികാരം സംരക്ഷിക്കുന്നതിനായി സായുധ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് വെനസ്വേലൻ പ്രതിരോധ മന്ത്രി വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് പറഞ്ഞിരുന്നു.

മഡൂറോയെ ബന്ദിയാക്കിയ യു.എസ് നടപടി ഭീരുത്വം നിറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഈ സാമ്രാജ്യത്വ ആക്രമണത്തിനെതിരെ സ്വാതന്ത്ര്യം, പരമാധികാരം എന്നിവ സംരക്ഷിക്കാൻ ഞങ്ങളുടെ സേനകൾ സജീവമാണ്. യു.എസിന്റെ കടന്നുകയറ്റത്തെ അപലപിച്ചതിനും വെനസ്വേലയ്ക്ക് പിന്തുണ നൽകുന്നതിനും അന്താരാഷ്ട്ര സഖ്യകക്ഷികൾക്ക് നന്ദി അറിയിക്കുന്നു,’ വ്‌ളാഡിമിർ പാഡ്രിനോ ലോപ്പസ് പറഞ്ഞു.

Content Highlight: Venezuelan government supports Maduro

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.