വാഷിങ്ടൺ: വെനസ്വേല ദശലക്ഷക്കണക്കിന് ബാരൽ എണ്ണ അമേരിക്കയ്ക്ക് നൽകുമെന്ന അവകാശവാദവുമായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
വെനസ്വേലയിലെ ഇടക്കാല അധികാരികൾ 30 മുതൽ 50 ദശലക്ഷം ബാരൽ എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്നും അതിൽ താൻ സന്തോഷവാനാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പറഞ്ഞു.
മുൻ വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ ബന്ദിയാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ അവകാശ വാദങ്ങൾ.
എണ്ണ അതിന്റെ വിപണി വിലയ്ക്ക് വിൽക്കുമെന്നും കൂടാതെ ആ പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ താൻ നിയന്ത്രിക്കുമെന്നും ട്രംപ് വാദിച്ചു.
വെനസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി അത് ഉപയോഗിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
‘വെനസ്വേലയിലെ ഇടക്കാല അധികാരികൾ 30 മുതൽ 50 ദശലക്ഷം ബാരൽ വരെ ഉയർന്ന നിലവാരമുള്ള, എണ്ണ അമേരിക്കയ്ക്ക് കൈമാറുമെന്ന് അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. ഈ എണ്ണ അതിന്റെ വിപണി വിലയ്ക്ക് വിൽക്കും, കൂടാതെ ആ പണം അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഞാൻ നിയന്ത്രിക്കും, വെനിസ്വേലയിലെയും അമേരിക്കയിലെയും ജനങ്ങൾക്ക് പ്രയോജനപ്പെടുന്നതിനായി അത് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കും,’ ട്രംപ് പറഞ്ഞു.
കൈമാറുന്ന എണ്ണ സംഭരണ കപ്പലുകളിൽ കൊണ്ടുപോയി യു.എസ് ഡോക്കുകളിൽ ഇറക്കുമെന്നും ഊർജ സെക്രട്ടറി ക്രിസ് റൈറ്റ് പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രംപിന്റെ പ്രഖ്യാപനത്തോട് വെനസ്വേലൻ ഉദ്യോഗസ്ഥർ പ്രതികരിച്ചിട്ടില്ല.
മഡുറോയെ ബന്ദിയാക്കിയതിന് ശേഷം വെനസ്വേല അമേരിക്കയുമായി സഹകരിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞിരുന്നു. എന്നാൽ വെനസ്വേലയിലെ വിഭവങ്ങൾ സംരക്ഷിക്കുമെന്ന് ഇടക്കാല പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കാരാക്കാസിൽ യു.എസ് ആക്രമണം നടത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ സൈനിക ജനവാസ കേന്ദ്രങ്ങൾക്ക് നേരെയാണ് യു.എസ് ആക്രമണം നടത്തിയത്. കാരക്കാസിന് പുറമെ മിറാൻഡ, അരഗ്വ, ലാ ഗ്വെയ്റ എന്നിവിടങ്ങളിലാണ് സ്ഫോടനം റിപ്പോർട്ട് ചെയ്‌തത്.
പിന്നാലെ മഡുറോയെയും പങ്കാളിയെയും യു.എസ് ബന്ദിയാക്കിയിരുന്നു. തുടർന്ന് കഴിഞ്ഞ ദിവസം ന്യൂയോർക്കിലെ മാൻഹട്ടിനിലെ കോടതിയിൽ മഡുറോയെ ഹാജരാക്കി.
യു.എസ് തനിക്കെതിരെ ആരോപിച്ച എല്ലാ കുറ്റങ്ങളും മഡുറോ നിഷേധിച്ചിരുന്നു. അമേരിക്കയുടെ വാദങ്ങൾ തള്ളി നിരപരാധിയും മാന്യനുമാണെന്നും മഡൂറോ പറഞ്ഞു.
താൻ ഇപ്പോഴും സമ്പൂർണ അധികാരമുള്ള രാജ്യത്തിന്റെ പ്രസിഡന്റാണെന്നും മറ്റൊരു രാജ്യത്തുകൊണ്ടുപോയി അദ്ദേഹത്തെ വിചാരണ ചെയ്യുന്നത് നിയമപരമായി നിലനിൽക്കില്ലെന്നും മഡൂറോ വ്യക്തമാക്കി. കേസിലെ അടുത്ത വാദം മാർച്ച് 17നാണെന്നും റിപ്പോർട്ടുകളുണ്ട്.
Content Highlight: Venezuela will give millions of barrels of oil to the US; Trump claims