വെനസ്വേല യു.എസുമായി ചർച്ചയ്ക്ക് തയ്യാറാണ്: നിക്കോളാസ് മഡുറോ
World
വെനസ്വേല യു.എസുമായി ചർച്ചയ്ക്ക് തയ്യാറാണ്: നിക്കോളാസ് മഡുറോ
ശ്രീലക്ഷ്മി എ.വി.
Friday, 2nd January 2026, 4:05 pm

കാരക്കാസ്: യു.എസുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് വെനസ്വേലൻ പ്രസിഡന്റ് നിക്കൊളാസ് മഡുറോ. അമേരിക്കയുടെ മാസങ്ങൾ നീണ്ട ഉപരോധങ്ങളും സൈനിക സമ്മർദ്ദങ്ങളും തുടരുന്ന സാഹചര്യത്തിലാണ് മഡുറോയുടെ പ്രസ്താവന.

മയക്കുമരുന്ന് കടത്ത്, എണ്ണ, കുടിയേറ്റം എന്നിവയിൽ യു.എസുമായി ചർച്ചചെയ്യുമെന്ന് സ്റ്റേറ്റ് ടി.വിക്ക് നൽകിയ അഭിമുഖത്തിൽ മഡുറോ പറഞ്ഞു.

കഴിഞ്ഞ ആഴ്ച വെനസ്വേലയിൽ സി.ഐ.ഐ നടത്തിയ ആക്രമണത്തെ കുറിച്ച് മഡുറോ പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ടുകൾ.

‘അവർ എന്താണ് അന്വേഷിക്കുന്നത്? ഭീഷണികളിലൂടെയും, ബലപ്രയോഗത്തിലൂടെയും അവർ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുകയാണെന്ന് വ്യക്തമാണ്,’ മഡുറോ പറഞ്ഞു.

ഇരുരാജ്യങ്ങളും കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ സംസാരിക്കേണ്ട സമയമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മയക്കുമരുന്ന് കടത്ത് ചെറുക്കുന്നതിനുള്ള കരാറിനെക്കുറിച്ച് ഗൗരവമായി ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഞങ്ങൾ തയ്യാറണ്. അത് യു.എസിന് അറിയാം. അവരുടെ പല വക്താക്കളോടും ഞങ്ങൾ പറഞ്ഞിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു.

അമേരിക്ക മാസങ്ങൾ നീണ്ട ഉപരോധത്തിലൂടെയും സൈനിക സമ്മർദ്ദത്തിലൂടെയും അട്ടിമറിക്കാനും വെനസ്വേലയുടെ എണ്ണ ശേഖരത്തിലേക്ക് പ്രവേശനം നേടാനും യു.എസ് ശ്രമിക്കുകയാണെന്ന ആരോപണം മഡുറോ ആവർത്തിച്ചു.

‘അവർക്ക് എണ്ണ വേണമെങ്കിൽ എവിടെ വേണമെങ്കിലും എങ്ങനെ വേണമെങ്കിലും ഷെവ്‌റോണിനെപ്പോലെ യു.എസ് നിക്ഷേപത്തിന് വെനസ്വേല തയ്യാറാണ്,’ മഡുറോ പറഞ്ഞു.

കഴിഞ്ഞ മാസം വെനിസ്വേലൻ ബോട്ടുകൾക്ക് സേവനം നൽകിയിരുന്ന ഒരു ഡോക്കിംഗ് സൗകര്യം യു.എസ് ആക്രമിച്ചതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തിങ്കളാഴ്ച പറഞ്ഞിരുന്നു.

എന്നാൽ ഈ ആക്രമണത്തെക്കുറിച്ചുള്ള ചോദ്യത്തിൽ ദിവസങ്ങൾക്കുള്ളിൽ പ്രതികരിക്കുമെന്നായിരുന്നു വെനസ്വേലൻ പ്രസിഡന്റിന്റെ മറുപടി.

ട്രംപ് ഭരണകൂടം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കരീബിയൻ, കിഴക്കൻ പസഫിക് മേഖലകളിൽ 35 ബോട്ട് ആക്രമണങ്ങൾ നടത്തിയതായും അതിൽ 115പേർ കൊല്ലപ്പെട്ടതായും ഇരകളിൽ വെനിസ്വേലക്കാരും കൊളംബിയക്കാരും ഉൾപ്പെടുന്നതായും റിപ്പോർട്ടുകളുണ്ട്.

Content Highlight: Venezuela ready for talks with US: Nicolas Maduro

ശ്രീലക്ഷ്മി എ.വി.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദാന്തര ബിരുദം.