ആലപ്പുഴ: വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തീവ്രവാദിയെന്ന് പറയുന്നതിന് പകരം മതതീവ്രവാദിയെന്ന് പറയാതിരുന്നത് അബദ്ധമായെന്നാണ് വെള്ളാപ്പള്ളിയുടെ പരാമര്‍ശം.
റിപ്പോര്‍ട്ടര്‍ ചാനലിലെ മാധ്യമപ്രവര്‍ത്തകര്‍ റഹീസ് റഷീദിനെയാണ് കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി ‘തീവ്രവാദി’യെന്ന് വിളിച്ചത്. തന്റെ അനുഭവത്തില്‍ നിന്നാണ് തീവ്രവാദിയെന്ന് വിളിച്ചതെന്നും തെളിവുകള്‍ കൈവശമുണ്ടെന്നും വെള്ളാപ്പള്ളി അവകാശപ്പെട്ടിരുന്നു.
തുടര്‍ന്ന് പ്രസ്തുത പരാമര്‍ശം വലിയ വിവാദത്തിനാണ് തിരികൊളുത്തിയത്. ഇപ്പോള്‍ അതേ പ്രസ്താവന വെള്ളാപ്പള്ളി വീണ്ടും ആവര്‍ത്തിച്ചിരിക്കുകയാണ്.
‘മതതീവ്രവാദിയെന്ന് വിളിക്കാതിരുന്നത് അബദ്ധമായി. ഒരുപക്ഷെ അതായത് കൊണ്ടായിരിക്കും തെറ്റിദ്ധരിച്ച് തലയില്‍ തപ്പി പോഴനായ കള്ളന്‍ പോയത്. തീവ്രവാദിയെന്ന് ഞാന്‍ ഇനിയും പറയും. അന്ന് വേറെ ചാനലുകള്‍ കുറേ ഉണ്ടായിരുന്നുവല്ലോ? അവരൊന്നും ഇങ്ങനെ സംസാരിച്ചിട്ടില്ല. തീവ്രവാദപരമായി സംസാരിച്ചവര്‍ ആരാണോ അവരെല്ലാവരും തീവ്രവാദികളാണ്,’ വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
മിതമായി സംസാരിച്ചവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നു. അവര്‍ മിതവാദികളാണ്. താന്‍ പറഞ്ഞതെല്ലാം പറഞ്ഞത് തന്നെയാണ്. അതില്‍ തെറ്റുണ്ടെങ്കില്‍ പറയൂ. ഒരു സംവാദത്തിന് തയ്യാറാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.
ഇതിനുപുറമെ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അധിക്ഷേപിച്ചും വെള്ളാപ്പള്ളി സംസാരിച്ചു. തന്റെ ചിത്രത്തില്‍ കരി ഓയില്‍ ഒഴിക്കുമെന്ന് പറഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാവ് പൊണ്ണനെന്നാണ് പരാമര്‍ശം.
തങ്ങള്‍ക്കും യൂത്തുണ്ടെന്നും അവര്‍ക്കും കരി ഓയില്‍ ഒഴിക്കാന്‍ അറിയാമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് എം. ലിജു പങ്കെടുത്ത പരിപാടിയിലാണ് അധിക്ഷേപം. കരി ഓയില്‍ ഒഴിക്കുമെന്ന പ്രഖ്യാപനത്തില്‍ ലിജു മറുപടി പറയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.