ന്യൂദല്‍ഹി: കാല്‍നടയാത്രക്കാര്‍ക്ക് ഫുട്പാത്തിലൂടെ സുരക്ഷിതമായി നടക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി. അതിനാല്‍ റോഡില്‍ വാഹനങ്ങളെക്കാള്‍ പരിഗണന കാല്‍നട യാത്രക്കാര്‍ക്കാണെന്നും കോടതി പറഞ്ഞു.
ജസ്റ്റിസുമാരായ പി.എസ് നരസിംഹ, എ.എസ് ചന്ദൂര്‍ക്കര്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് വിധി. നടക്കാനുള്ള അവകാശം ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (d) പ്രകാരമുള്ള സഞ്ചാര സ്വാതന്ത്ര്യത്തിന്റെയും ആര്‍ട്ടിക്കിള്‍ 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിന്റെയും ഭാഗമാണെന്ന് കോടതി പറഞ്ഞു.
സ്‌കൂളിലേക്ക് പോകുന്നതിനിടെ അഞ്ചു വയസ്സുകാരനായ മകന്‍ വാഹനാപകടത്തില്‍ മരിച്ചതിനെത്തുടര്‍ന്ന് ഒരു പിതാവ് നല്‍കിയ നഷ്ടപരിഹാര കേസിലാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്
‘റോഡുകളുണ്ടെങ്കില്‍ അവിടെ കാല്‍നടയാത്രക്കാര്‍ക്കായി കൃത്യമായി നിര്‍മിച്ചതും പരിപാലിക്കപ്പെടുന്നതുമായ ഫുട്പാത്തുകള്‍ ഉണ്ടായിരിക്കണം. ഫുട്പാത്തുകള്‍ നിര്‍മ്മിക്കാനും സംരക്ഷിക്കാനും നഗരവികസന അതോറിറ്റികള്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനുകള്‍, പഞ്ചായത്തുകള്‍ എന്നിവര്‍ക്ക് ബാധ്യതയുണ്ട്,’ കോടതി പറഞ്ഞു.
ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം ലംഘിക്കപ്പെട്ടാല്‍ പൗരന്മാര്‍ക്ക് അതിനെതിരെ ഭരണഘടനാപരമായും നിയമപരമായും പരിഹാരങ്ങള്‍ തേടാമെന്നും ഇത് മോട്ടോര്‍ വാഹന നിയമപ്രകാരമുള്ള പരിഹാരങ്ങള്‍ക്ക് പുറമെയായിരിക്കുമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ചക്രങ്ങള്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് തന്നെ മനുഷ്യന്‍ നടക്കാന്‍ തുടങ്ങിയതാണെന്ന് കോടതി ഓര്‍മിിപ്പിച്ചു. വാഹനം ഓടിക്കുന്നവര്‍ കാല്‍നടയാത്രക്കാരെ ഒരു ശല്യമായി കാണുന്ന പ്രവണത അവസാനിക്കണമെന്നും മോട്ടോര്‍ വാഹന നിയമം കാല്‍നടയാത്രക്കാരുടെ അവകാശങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് ചെയ്തതെന്നും കോടതി പറഞ്ഞു.
മരണപ്പെട്ട കുട്ടിയുടെ പിതാവിന് നല്‍കേണ്ട നഷ്ടപരിഹാര തുക 11,44,628 രൂപയായി സുപ്രീം കോടതി ഉയര്‍ത്തുകയും ചെയ്തു. ഈ വിഷയത്തില്‍ ആവശ്യമായ നിയമനിര്‍മ്മാണം നടത്തുന്നതിനായി വിധിപ്പകര്‍പ്പ് കേന്ദ്ര മന്ത്രാലയങ്ങള്‍ക്കും ലോ കമ്മീഷനും അയക്കാന്‍ കോടതി നിര്‍ദേശിക്കുകയും ചെയ്തു.
Content Highlight: Vehicles should stop treating pedestrians as enemies; walking on footpaths is a fundamental right of citizens: Supreme Court
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.