കെ.എസ്.യു പ്രതിഷേധത്തില്‍ വീണ ജോര്‍ജിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Kerala
കെ.എസ്.യു പ്രതിഷേധത്തില്‍ വീണ ജോര്‍ജിന് പരിക്ക്; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
രാഗേന്ദു. പി.ആര്‍
Wednesday, 25th February 2026, 4:11 pm

കണ്ണൂര്‍: കെ.എസ്.യു പ്രതിഷേധത്തിനിടെ സംസ്ഥാന ആരോഗ്യമന്ത്രി വീണ ജോര്‍ജിന് പരിക്ക്. മന്ത്രിയുടെ കഴുത്തിന് പരിക്കേറ്റതായാണ് വിവരം. കണ്ണൂരിലാണ് സംഭവം.

പ്രതിഷേധത്തിനിടെ മന്ത്രിയുടെ കൈയിലും മുറിവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

വീണ ജോര്‍ജിന്റെ വാഹനം തടഞ്ഞാണ് കെ.എസ്.യു പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. മന്ത്രി കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോളായിരുന്നു പ്രതിഷേധം. വന്ദേഭാരത് ട്രെയിനില്‍ യാത്ര ചെയ്യുന്നതിന് വേണ്ടിയാണ് മന്ത്രി സ്റ്റേഷനില്‍ എത്തിയത്.

ഇന്ന് (ബുധന്‍) രാവിലെ മുതല്‍ ജില്ലയിലുടനീളം മന്ത്രിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ജില്ലയിലെ പലയിടങ്ങളിലായി യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മന്ത്രിയെ കരിങ്കൊടി കാണിച്ചു.

എ.കെ.ജി ആശുപത്രിയുടെ സമീപം മന്ത്രിയുടെ വാഹനം തടഞ്ഞ് യൂത്ത് ലീഗ് പ്രതിഷേധിച്ചിരുന്നു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതോടെയാണ് മന്ത്രി യാത്ര തുടര്‍ന്നത്.

ഇതിനുപിന്നാലെയാണ് കെ.എസ്.യുവും പ്രതിഷേധവുമായി എത്തിയത്. കല്യാട് ആയൂര്‍വേദ ഗവേഷണ കേന്ദ്രത്തില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസും പ്രതിഷേധിച്ചിരുന്നു.

തുടര്‍ന്ന് പെരിങ്ങോത്ത് വെച്ചും മന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടായി. ഇതിനുപിന്നാലെയാണ് യൂത്ത് ലീഗും മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിച്ചത്.

ഈ പ്രതിഷേധങ്ങള്‍ക്കെല്ലാം ഒടുവിലാണ് മന്ത്രി റെയില്‍വേ സ്റ്റേഷനിലെത്തിയത്. കെ.എസ്.യു പ്രവര്‍ത്തകരും മന്ത്രിയും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.

കെ.എസ്.യു പ്രതിഷേധത്തിൽ മന്ത്രിയുടെ കൈക്കും കഴുത്തിനും പരിക്കേറ്റതായി സ്പീക്കര്‍ എ.എം. ഷംസീര്‍ പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശമുണ്ടെങ്കിലും ഒരാളെ കൈയേറ്റം ചെയ്യാനുള്ള അവകാശം ആര്‍ക്കുമില്ലെന്നും സ്പീക്കര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

മന്ത്രിക്കൊപ്പം സ്പീക്കറും സ്റ്റേഷന്‍ പരിധിയില്‍ ഉണ്ടായിരുന്നു.

Content Highlight: Veena George injured in KSU protest; admitted to hospital

ഇനി ഓരോ പ്രധാന വാർത്തകളും നേരിട്ട് നിങ്ങളിലെത്തും. അം​ഗമാകൂ ഡൂൾന്യൂസ് വാട്സ്ആപ്പ് ചാനലിൽ

രാഗേന്ദു. പി.ആര്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍, കേരള സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.