തെന്നിന്ത്യൻ സിനിമയിൽ ഏറെ ആരാധകരുള്ള നടിയാണ് വേദിക. മലയാള സിനിമയിൽ നായികയായി ശ്രദ്ധ നേടിയ താരം തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും സജീവ സാന്നിധ്യമാണ്.
അഭിനയത്തിനൊപ്പം നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള വേദികയ്ക്ക് വലിയൊരു ആരാധക വലയവുമുണ്ട്. ഇപ്പോഴിതാ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ചും നൃത്തത്തോടുള്ള തന്റെ അടുപ്പത്തെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു വേദിക.
വേദിക, Photo; Vedhika/ Facebook
‘ഏറെ നാളായി മനസിലുള്ളൊരു മോഹമാണ് മണിരത്നം സാറിന്റെ സിനിമ. ഏതൊരു ആർട്ടിസ്റ്റും സ്വപ്നം കാണുന്ന കാര്യമാകാം അത്. പക്ഷേ, സിനിമയിലെ എന്റെ വലിയ സ്വപ്നമാണ് മണിരത്നം സാറിന്റെ സിനിമയിലെ ഒരു കഥാപാത്രം,’ എന്നാണ് വേദിക പറഞ്ഞത്.
ഇന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ മണിരത്നം ഒരുക്കുന്ന ഒരു സിനിമയുടെ ഭാഗമാകുക എന്നത് തന്റെ കരിയറിലെ വലിയ നേട്ടമായിരിക്കുമെന്നുമാണ് താരത്തിന്റെ വാക്കുകൾ.
അഭിനയത്തെ പോലെ തന്നെ ജീവിതത്തിൽ ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു മേഖലയാണ് നൃത്തമെന്നും വേദിക വ്യക്തമാക്കി. ‘അഭിനയം പോലെ തന്നെ എനിക്കു ജീവനാണ് നൃത്തം.
എത്ര സമയം വേണമെങ്കിലും ഈ രണ്ടു കാര്യങ്ങൾക്കു വേണ്ടി ചെലവഴിക്കാൻ തയ്യാറാണ്,’ എന്നാണ് താരം പറഞ്ഞത്. ക്ലാസിക്കൽ ഡാൻസും വെസ്റ്റേൺ ഡാൻസും പഠിച്ചിട്ടുള്ള വേദിക, ബാല്യകാലം മുതൽ നൃത്തത്തോട് വലിയ താത്പര്യമുണ്ടായിരുന്നുവെന്നും വ്യക്തമാക്കി.
പ്രശസ്ത ബോളിവുഡ് നടിയും നർത്തകിയുമായ മാധുരി ദീക്ഷിത്തിന്റെ ഡാൻസ് പ്രകടനങ്ങൾ കണ്ടാണ് താൻ വളർന്നതെന്നും വേദിക അഭിമുഖത്തിൽ പറഞ്ഞു. മാധുരി ദീക്ഷിത്തിന്റെ നൃത്ത ചുവടുകളും സ്ക്രീൻ പ്രസൻസും തന്നെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു.
തമിഴ്, തെലുങ്ക് സിനിമകളിൽ അഭിനേത്രിയെന്നതിലുപരി നർത്തകിയെന്ന ഇമേജാണ് തനിക്ക് കൂടുതലായി ലഭിച്ചതെന്നും വേദിക തുറന്നു പറഞ്ഞു. ‘തമിഴിലും തെലുങ്കിലും അഭിനേതാവിനൊപ്പം നർത്തകി എന്ന ഇമേജ് എനിക്കു കൂടുതലാണ്. അതിനു കാരണം കരിയറിന്റെ തുടക്കത്തിലുള്ള സിനിമകളിലെ നൃത്തരംഗങ്ങളാകാം,’ എന്നാണ് താരത്തിന്റെ പ്രതികരണം.
വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിനൊപ്പം നൃത്തത്തിന് പ്രാധാന്യമുള്ള സിനിമകളിലും കൂടുതൽ സാന്നിധ്യമറിയിക്കാനാണ് തന്റെ ആഗ്രഹമെന്നും വേദിക വ്യക്തമാക്കി.
Content Highlight: Vedika says that Mani Ratnam sir’s film is a long-held dream.
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി.
ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.