ഒരുപിടി യുവതാരങ്ങളുടെ പ്രകടനത്തിന്റെ കരുത്തില്‍ തിയേറ്ററുകളില്‍ സമാനതകളില്ലാത്ത വിജയം നേടി മുന്നേറുകയാണ് സവിന്‍ സ സംവിധാനം ചെയ്ത വാഴ 2. ഇന്‍സ്റ്റഗ്രാം റീല്‍സുകളിലൂടെ ശ്രദ്ധേയരായ ഹാഷിര്‍, അലന്‍, വിനായക്, അജിന്‍, ദേവരാജ് തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തില്‍ ചെറിയ വേഷങ്ങളിലെത്തിയ പുതുമുഖങ്ങളും കൈയടി നേടിയിരുന്നു.
വാഴ 2. Photo: X.com
ഇവരില്‍ ഒരാളാണ് ചിത്രത്തില്‍ അലന്റെ സഹേദരിയായി വേഷമിട്ട വേദ ശങ്കര്‍. വാഴ 2വിലൂടെ പ്രേക്ഷകര്‍ക്ക് കണ്ടപ്പോള്‍ മനസിലായില്ലെങ്കിലും ചെറിയ പ്രായത്തില്‍ മലയാളത്തിലെ റിയാലിറ്റി ഷോയായ കുട്ടിപ്പട്ടാളത്തിലൂടെ വൈറലായ കൊച്ചുമിടുക്കിയായിരുന്നു വേദയെന്ന് സോഷ്യല്‍ മീഡിയ കണ്ടുപിടിച്ചിരുന്നു. വാഴ 2വില്‍ അലനൊപ്പമുള്ള ആത്മബന്ധം മികച്ച രീതിയില്‍ അവതരിപ്പിച്ച വേദ ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ നടന്ന അനുഭവത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.
താന്‍ ചെറിയ കാര്യങ്ങള്‍ക്ക് കരയുന്ന ആളാണെന്നും സെറ്റില്‍ വെച്ച് സംവിധായകന്‍ കളിയാക്കുമ്പോഴെല്ലാം താന്‍ പെട്ടെന്ന് സങ്കടം വന്ന് കരയുമെന്നും വേദ അഭിമുഖത്തിനിടെ പറഞ്ഞിരുന്നു. എന്നാല്‍ ഇതിന് ഉദാഹരണമായി അലന്‍ പറഞ്ഞ സംഭവമാണ് പ്രേക്ഷകരില്‍ ചിരി പടര്‍ത്തുന്നത്.
‘ചിത്രത്തിന്റെ ഷൂട്ടിനിടയില്‍ സവിന്‍ വേദയോട് പറഞ്ഞു, ഒരു സീനുണ്ട് അതിലേക്ക് മൊട്ടയടിക്കേണ്ടി വരുമെന്ന്. ആദ്യം കേട്ടപ്പോള്‍ തമാശയാമെണന്നുള്ള രീതിയില്‍ ആണ് വേദ ഇരുന്നത്. പിന്നീട് അവളുടെ അച്ഛന്‍ കൂടെ അത് ഏറ്റുപിടിച്ചു. സിനിമയല്ലേ നമുക്ക് അത് ചെയ്തല്ലേ പറ്റുളളൂ എന്നെല്ലാം പറഞ്ഞപ്പോള്‍ അവളുടെ കൈയില്‍ നിന്നും പോയി. പിന്നീട് സെറ്റില്‍ എന്റെ മുടി കളയല്ലേ എന്ന് പറഞ്ഞ് കരച്ചിലായിരുന്നു,’ അലന്‍ പറഞ്ഞു.
എട്ടാം ക്ലാസുകാരിയായ വേദ ആഷ്‌നയെന്ന കഥാപാത്രമായാണ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. അലനൊപ്പവും സുധീഷിനൊപ്പവുമുള്ള ഇമോഷണല്‍ സീനുകളില്‍ മികച്ച പ്രകടനമാണ് വേദ കാഴ്ച്ചവെച്ചിരിക്കുന്നത്. അരങ്ങേറ്റത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച വേദ ബിഗ് സ്‌ക്രീനില്‍ ഇനിയും തിളങ്ങുമെന്നാണ് പ്രേക്ഷകര്‍ കരുതുന്നത്.
അതേസമയം മികച്ച കുതിപ്പാണ് തിയേറ്ററുകളില്‍ വാഴ 2 നടത്തുന്നത്. റിലീസ് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ തന്നെ നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം 125 കോടിയും പിന്നിട്ട് 150 കോടി ക്ലബ്ബിലേക്ക് മുന്നേറുകയാണ്.
Content Highlight: Vedha shankar talks about her experience in Vaazha 2 location
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.